play-sharp-fill
വെള്ളപ്പൊക്ക ദുരിതാശ്വാസനടപടികൾ  അപര്യാപ്തം : നഗര വികസന സമിതി

വെള്ളപ്പൊക്ക ദുരിതാശ്വാസനടപടികൾ  അപര്യാപ്തം : നഗര വികസന സമിതി

സ്വന്തം ലേഖകൻ
കോട്ടയം: ഒരു നൂറ്റാണ്ട് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കോട്ടയം ജനതയോട് ജില്ലാ ഭരണകൂടം കടുത്ത അനാസ്ഥയാണു കാട്ടുന്നതെന്ന് നഗര വികസന സമിതി ഭാരവാഹികൾ ആരോപിച്ചു. കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച മഴയെ, ചില സ്കൂളുകൾക്ക് അവധി നൽകിക്കൊണ്ട് നേരിടുവാൻ മാത്രമാണു ഭരണകൂടം ശ്രമിച്ചത്. മഴ വരും പോകും, ഞങ്ങൾ എന്തു ചെയ്യാൻ എന്ന മട്ടിലായിരുന്നു കോട്ടയം ജില്ലാ ഭരൺകൂടത്തിൻ്റെ നിലപാട്. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിപ്പിക്കേണ്ട സ്കൂളീലും വെള്ളം കയറിയാൽ, പിന്നെ ഒരെണ്ണം മാറ്റി തുറക്കുവാൻ പോലും പലേടത്തും ഭരണകൂടം മിനക്കെട്ടിട്ടില്ല. പലയിടങ്ങളിലും ജനം ഇപ്പോഴും റോഡരികിൽ വെള്ളം ഇറങ്ങുന്നത് കാത്തു നിൽക്കുകയാണ്
കോട്ടയം അപ്പാടെ വെള്ളത്തിൽ മുങി, വഴികളിലുടെ സഞ്ചാരം മുടങ്ങിയ രണ്ടു ദിവസങ്ങളിൽ ജില്ലയിൽ പൊതു അവധി നൽകേണ്ടതായിരുന്നു. പകരം ചില സ്കൂളുകൾക്ക് മാത്രം തെരഞ്ഞു പിടിച്ച് അവധി പ്രഖ്യാപിച്ചു, കുട്ടികളെ സ്കൂളിൽ വിടാനാവാത്ത അവസ്ഥയുണ്ടോ എന്ന് മാതാപിതാക്കൾ പരിശോധിക്കേണ്ട സാഹചര്യമായിരുന്നു കോട്ടയത്ത്. ജില്ലാ കളക്ടർ ഒരു സ്ഥലവും ഇതുവരെ സന്ദർശിക്കുവാൻ പോലും ഇറങ്ങിയിട്ടില്ല എന്നാണു പൊതുവേ സംസാരം. കാഞ്ഞിരം, തിരുവാർപ്പ്, പേരൂർ, വൈക്കം, അയമനം,കുമ്മനം, ചങ്ങനാശ്ശേരി തുടങ്ങിയ പ്രദേശങ്ങൾ ഇപ്പോഴും വെള്ളപ്പൊക്ക ദുരിതത്തിലാണ്. പകർച്ച വ്യാധികൾ പടരാതിരിക്കുവാനാവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തണം.
നഗര വികസന സമിതിയുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളും സന്ദർശിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ നടുക്കുന്നതാണ്. സേവാഭാരതി, ഡി വൈ എഫ് ഐ, യൂത്ത് കോൺഗ്രസ്, തുടങ്ങിയ സന്നദ്ധ സംഘടനകൾ പലേടത്തും രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്, അവരെ പോലീസും നാട്ടുകരും സ്വന്തമായി സഹായിക്കുന്നതല്ലാതെ, ജില്ലാ ഭരണകൂടം കാര്യമായി ഒന്നും ചെയ്തിട്ടില്ല. കോട്ടയം പോലീസ് മൈതാനത്ത് ഒരു കേന്ദ്രീകൃത ദുരിതാശ്വാസ ക്യാമ്പും, മെഡിക്കൽ ക്യാമ്പും ഉടൻ ആരംഭിക്കണമെന്നും, ജില്ലയിൽ രണ്ടു ദിവസത്തേക്കെങ്കിലും പൊതുഅവധി നൽകി സന്നദ്ധ പ്രവർത്തകർക്കാവശ്യമായ പിന്തുണ നൽകണമെന്നും, നഗര വികസന സമിതി ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എവിടൊക്കെ വെള്ളം ഉയർന്നു വെന്നും, വാഹനങ്ങൾക്ക് പോകാനാവുമോ എന്നും ജില്ലാ ഭരണകൂടം മാധ്യമങ്ങളിലൂടെ അറിയിപ്പുകൾ നൽകണമായിരുന്നുവെന്ന് നഗര വികസന ഭാരവാഹികൾ പറഞ്ഞു.