പെരുമഴയിൽ പ്രളയമായി നുണപ്രചാരണം: ഇടുക്കി അടക്കം ഡാമുകൾ നിറഞ്ഞതായും, തുറന്നു വിട്ടതായും കള്ളത്തിന്റെ കെട്ടഴിച്ച് സോഷ്യൽ മീഡിയ സാമൂഹ്യ വിരുദ്ധർ; ഡാമുകളെപ്പറ്റിയുള്ള സത്യം ഇങ്ങനെ..!
സ്വന്തം ലേഖകൻ
കോട്ടയം: പെരുമഴയിൽ നുണയുടെ പ്രളയപ്പേമാരിയുടെ കെട്ടഴിച്ചു വിട്ട് സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധർ. പ്രളയത്തിൽ ഡാമുകൾ നിറഞ്ഞു കവിഞ്ഞതായും തുറന്നുവിട്ടതായുമാണ് വാട്‌സ്അപ്പിലും ഫെയ്‌സ്ബുക്കിലും അടക്കം ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഈ ഡാമുകളിൽ എല്ലാം കൂടി മുപ്പത് ശതമാനം മാത്രമാണ് വെള്ളമുള്ളതെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇടുക്കി ഡാമിൽ 30 ശതമാനം മാത്രമാണ് ഇപ്പോഴത്തെ ജല നിരപ്പ്. രണ്ടു ദിവസം കൂടി തുടർച്ചയായി വൃഷ്ടി പ്രദേശത്ത് മഴ പെയ്‌തെങ്കിൽ മാത്രമേ ഇടുക്കിയിലെ ജലനിരപ്പ് അൻപത് ശതമാനമെങ്കിലും കടക്കൂ. ഇതിനിടെയാണ് വ്യാജ പ്രചാരണത്തിന്റെ കുത്തൊഴുക്ക് നടക്കുന്നത്.
ഇടുക്കി ഡാമിൽ നിലവിൽ 24.3 ശതമാനം മാത്രമാണ് വെള്ളമുള്ളത്. ശബരിഗിരിയിൽ 24.13 ശതമാനവുമാണ് നിലവിലെ വെള്ളത്തിന്റെ സ്ഥിതി. ഇടുക്കിയ്ക്ക് ശേഷം സംസ്ഥാനത്ത് ഏറ്റവുമധികം ജലം സൂക്ഷിക്കാൻ ശേഷിയുള്ള കൊച്ചു പമ്പ ആനത്തോട് ഡാമുകളിൽ ജലനിരപ്പ് വളരെയധികം കുറഞ്ഞ് നിൽക്കുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് 97.62 ശതമാനം വെള്ളമുണ്ടായിരുന്ന ശബരിഗിരി ഹൈഡ്രോ ഇല്ക്ട്രിക്ക് പ്രോജക്ടിൽ 24.13 ശതമാനം മാത്രമാണ് ഇപ്പോൾ ജല നിരപ്പ് ഉള്ളത്. കഴിഞ്ഞ ദിവസം ശബരിഗിരി റിസർവോയറിന്റെ പരിധിയിൽ 132 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.
ഇടുക്കിയുടെ ജലനിരപ്പ് കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഏഴ് അടി വർധിച്ചിട്ടുണ്ട്. 2325.40 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിന്റെ പരിധി നിലവിൽ 119.55 അടിയാണ്. എന്നാൽ, മുല്ലപ്പെരിയാർ ഡാം നിറഞ്ഞു കവിഞ്ഞതായും തുറന്ന് വിടാൻ മാർഗമില്ലെന്നുമുള്ള തെറ്റായ സേേന്ദശമാണ് സോഷ്യൽ മീഡിയ വഴി ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
മലങ്കരഡാമിന്റെ രണ്ടു ഷട്ടറുകളും, പമ്പളാ, കല്ലാർകുട്ടി ഡാമിന്റെ രണ്ടു വീതം ഷട്ടറുകളും വ്യാഴാഴ്ച തുറന്നിരുന്നു. കല്ലാർ ഡാമിന്റെ ജലനിരപ്പ് 822 അടിയായി ഉയർന്നതോടെ ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നു വിട്ടിട്ടുണ്ട്.