മഴയിലും പ്രൗഢിചോരാതെ സ്വാതന്ത്ര്യ ദിനാഘോഷം: ദുരിതാശ്വാസത്തിന് ആഹ്വാനവുമായി സ്വാതന്ത്ര്യ ദിനത്തിൽ ജില്ലാ ഭരണകൂടം
സ്വന്തം ലേഖകൻ
കോട്ടയം: ദുരിതപ്പെരുമഴയ്ക്കിടയിലും ആഘോഷങ്ങളൊഴിവാക്കി ജില്ലയിലും സ്വാതന്ത്ര്യദിനാചരണം. ആഘോഷങ്ങളും ആർഭാടങ്ങളും പൂർണമായും ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യണമെന്ന ആഹ്വാനവുമായാണ് ബുധനാഴ്ച ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. രാവിലെ എട്ടിനു പൊലീസ് പരേഡ് മൈതാനത്ത് നടന്ന പരിപാടിയിൽ പതാക ഉയർത്തിയ മന്ത്രി അഡ്വ.കെ.രാജു പരേഡിനു അഭിവാദ്യം സ്വീകരിച്ചു.
സ്വാതന്ത്ര്യദിനത്തിൽ അതി രാവിലെ തന്നെ ജില്ലയിലും കനത്ത മഴ തുടങ്ങിയിരുന്നു. തുള്ളിക്കൊരുകുടം എന്ന നിലയിൽ പെരുമഴ പെയ്‌തൊഴിയാതെ നിന്നതോടെ പരേഡ് ഇൻഡോർ സ്‌റ്റേഡിയത്തിലേയ്ക്കു മാറ്റാനായിരുന്നു ആദ്യം പദ്ധതി. എന്നാൽ, മഴയാണെങ്കിലും പൊലീസ് പരേഡ് മൈതാനത്ത് തന്നെ പ്രൗഡി കുറച്ച് പരിപാടി അവതരിപ്പിക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. നേരത്തെ 25 പ്ലാറ്റൂണുകളെ പരേഡിനു അണിനിരത്തുന്നതിനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മഴ എത്തിയതോടെ ഇത് അഞ്ചായി വെട്ടിച്ചുരുക്കി. എൻ.സി.സി, സ്‌ക്ൗട്ട്, ഗെയിഡിംഗ് തുടങ്ങി വിദ്യാർത്ഥികൾ അണിനിരക്കുന്ന പ്ലാ്റ്റൂണുകളെ പൂർണമായും ഒഴിവാക്കുകയായിരുന്നു.
പെരുമഴയ്ക്കിടെ മന്ത്രി രാജു പതാക ഉയർത്തി. തുടർന്നു കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ്, എക്‌സൈസ് വിഭാഗങ്ങളുടെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. മന്ത്രി അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തെ സാമൂഹിക സൗഹാർദം നിലനിർത്താൻ വർഗീയതയ്ക്ക് എതിരായ ചെറുത്ത് നിൽപ്പ് ശക്തമാക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. മഴക്കെടുതി അതിന്റെ രൂക്ഷതയിൽ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനം നേരിടുന്ന ദുരിതം മറികടക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന്ും അദ്ദേഹം പറഞ്ഞു. കൊല്ലം പ്ലാനിങ് ഓഫിസിലെ റിസർച്ച് ഓഫിസർ പി.എ അമാനത്താണ് പ്രശ്‌നങ്ങളൊന്നുമില്ലാതെ പരിപാടികൾ മികച്ച രീതിയിൽ കോ ഓർഡിനേറ്റ് ചെയ്തതതും, അവതരിപ്പിച്ചതും. ഇതോടൊപ്പം ജില്ലാ ഭരണകൂടത്തിന്റെ കൃത്യമായ പിൻതുണ കൂടി ലഭിച്ചതോടെ പരിപാടികൾ ഭംഗിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ കളക്ടർ ഡോ.ബി.എസ് തിരുമേനി, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലുകൾ നേടിയ ഏറ്റുമാനൂർ സി.ഐ എ.ജെ തോമസ്, പാമ്പാടി സി.ഐ യു.ശ്രീജിത്ത്, മണിമല സി.ഐ ടി.ഡി സുനിൽകുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജുമോൻ നായർ, ഐ.സജികുമാർ,
മേലുകാവ് പൊലീസ് സ്റ്രേഷനിലെ എ.എസ്.ഐ വി.ആർ ജയചന്ദ്രൻ, പാമ്പാടി പൊലീസ് സ്റ്റേഷനിലെ ടി.ആർ രാജേഷ്‌കുമാർ, പാലാ പൊലീസ് സ്റ്രേഷനിലെ സിനോയ് മോൻ തോമസ്, വനിതാ സെല്ലിലെ പി.കെ മിനി എന്നിവർക്കു മെഡലുകൾ മന്ത്രി സമ്മാനിച്ചു.
സായുധ സേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി കൂടുതൽ തുക സമാഹരിച്ച എം.ഡി സെമിനാരി സ്‌കൂളിനും, ജോ.രജിസ്ട്രാർ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കും മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച പ്ലാന്റൂൺ കമാൻഡറായി പള്ളിക്കത്തോട് എസ്.ഐ മഹേഷും, മികച്ച പ്ലാറ്റൂണായി എക്‌സൈസ് വകുപ്പിനെയും തിരഞ്ഞെടുത്തു. നിരവധി തവണ ബാൻഡിനു പരിശീലനം നൽകിയ ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ റോക്കി സേവ്യർ, സി.മുരുകൻ എന്നിവർക്ക് പ്രത്യേക ഉപഹാരം സമ്മാനിച്ചു.