ക്രമസമാധാനത്തിൽ മുന്നിൽ: മെഡൽ തിളക്കത്തിലും മികവ് തെളിയിച്ച് ജില്ലാ പൊലീസ്

ക്രമസമാധാനത്തിൽ മുന്നിൽ: മെഡൽ തിളക്കത്തിലും മികവ് തെളിയിച്ച് ജില്ലാ പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: ക്രമസമാധാന പാലനത്തിലും കുറ്റാന്വേഷണത്തിലും മികവ് തെളിയിച്ച ഒരു പിടി പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ സമ്മാനിച്ചു. റിപബ്ലിക്ക് ദിനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പൊലീസ് മെഡലുകളാണ് ഇക്കുറി സ്വാതന്ത്ര്യ ദിനത്തിൽ വിതരണം ചെയ്തത്. കോട്ടയം പൊലീസ് പരേഡ് മൈതാനത്ത് നടന്ന ചടങ്ങിൽ മന്ത്രി അഡ്വ.കെ.രാജുവാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡലുകൾ വിതരണം ചെയ്തത്.
ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസറായ സി.ഐ എ.ജെ തോമസിന്റെ കു്റ്റാന്വേഷണ മികവാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനു അർഹനാക്കിയത്. നഗരമധ്യത്തിൽ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസ് മികച്ച രീതിയിൽ അന്വേഷിക്കുകയും ഈ കേസിലെ പ്രതിയ്ക്ക് ശിക്ഷവാങ്ങി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ കഞ്ഞിക്കുഴിയിൽ ലോഡ്ജിൽ യുവാവിനെ കുത്തിക്കൊന്നതിനു ശേഷം ഒളിവിൽ പോയ പ്രതിയെ, ആന്ധ്രയിൽ നിന്നും സാഹസികമായാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഈ രണ്ടു കേസുകളിലെയും മികച്ച പ്രകടനമാണ് ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള മെഡലിന് അർഹനാക്കിയത്. ആദ്യമായാണ് എ.ജെ തോമസിനു മുഖ്യമന്ത്രിയുടെ മെഡൽ ലഭിക്കുന്നത്. വിദ്യാർഥികളെ ലഹരിയുടെ വലയിൽ നിന്നു മോചിപ്പിക്കുന്ന ഓപ്പറേഷൻ ഗുരുകുലം പദ്ധതിക്കു തുടക്കമിട്ടത് എ.ജെ തോമസ് കോട്ടയം വെസ്റ്റ് സി.ഐ ആയിരിക്കെയാണ്. പിന്നീട് പദ്ധതി സംസ്ഥാന തലത്തിലേയ്ക്കു വ്യാപിപ്പിക്കുകയും ചെയ്തു. നഗരത്തിൽ നടന്ന പത്ത് കൊലപാതകക്കേസുകൾക്കും നിരവധി മോഷണക്കേസുകൾക്കും തുമ്പുണ്ടാക്കുകയും ചെയ്തത് എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. 2014 ലും 2015 ലും സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും, നിരവധി ഗുഡ്സർവീസ് എൻട്രികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണത്തിലും മികച്ച ട്രാക്ക് റെക്കോർഡോടെയാണ് പാമ്പാടി സി.ഐ യു.ശ്രീജിത്ത് ഇത്തവണ മുഖ്യമന്ത്രിയുടെല മെഡലിനു അർഹനായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തെ ബാഡ്ജ് ഓഫ് ഓണറുകളും, ഗുഡ് സർവീസ് എൻട്രികളുമാണ് ഇദ്ദേഹത്തെ മെഡലിനു അർഹനാക്കിയത്. ഇതോടൊപ്പം പൊലീസ് ഡ്യൂട്ടി മീറ്റിലെ മികച്ച പ്രകടനവും തുണയായി.
ഏറെ ക്രമസമാധാന പ്രശ്നങ്ങളുണ്ടായിരുന്ന മണിമലയെ മികച്ച രീതിയിൽ പരിപാലിച്ചതിനാണ് മണിമല സി.ഐ ടി.ഡി സുനിൽകുമാറിനു മെഡൽ ലഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ കഞ്ചാവ് കേസുകളും വാഹന മോഷണക്കേസുകളും അടക്കം നിരവധിക്കേസുകൾക്കാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം തുമ്പുണ്ടാക്കിയത്.
ജില്ലാ പൊലീസ് മേധാവിയുടെ ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജുമോൻ നായർ,  എ.എസ് ഐ ഐസജികുമാർ എന്നിവർ ജില്ലയിൽ കഴിഞ്ഞ വർഷം നടന്ന ഒട്ടുമിക്ക കുറ്റാന്വേഷണങ്ങളിലും തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. അതിരമ്പുഴയിൽ യുവതിയെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി റബർ തോട്ടത്തിൽ തള്ളിയ കേസ്, മാങ്ങാനം സന്തോഷ് കൊലക്കേസ്, പാറമ്പുഴ കൊലക്കേസ്, നിരവധി മോഷണക്കേസുകളുടെയും കഞ്ചാവ് കേസുകളുടെയും അന്വേഷണത്തിലും ജില്ലാ പൊലീസ് മേധാവിയുടെ സംഘത്തിൽ ഇവരുണ്ടായിരുന്നു. മുൻപ് നിരവധി തവണ ബാഡ്ജ് ഓഫ് ഓണറുകളും റിവാർഡുകളും ഇവർക്കു ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തെ മികച്ച പ്രകടനമാണ് മേലുകാവ് പൊലീസ് സ്റ്രേഷനിലെ എ.എസ്.ഐ വി.ആർ ജയചന്ദ്രൻ, പാമ്പാടി പൊലീസ് സ്റ്റേഷനിലെ ടി.ആർ രാജേഷ്‌കുമാർ, പാലാ പൊലീസ് സ്റ്രേഷനിലെ സിനോയ് മോൻ തോമസ്, വനിതാ സെല്ലിലെ പി.കെ മിനി എന്നിവരെ പുരസ്‌കാരത്തിനു അർഹരാക്കിയത്.