സ്വന്തം ലേഖകൻ
കോട്ടയം: കുമരകത്തെ ആഡംബര ഹോട്ടലിനുള്ളിൽ പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. കുമരകം ചക്രംപടിയിലെ ത്രീസ്റ്റാർ ഹോട്ടലായ ആശിർവാദ് ഹെറിറ്റേജിൽ നിന്നാണ് രണ്ടു മാസം പ്രായമുള്ള, 30 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടലിലെ ശുചീകരണ ജീവനക്കാരനെ മാത്രം പ്രതി ചേർത്ത് കേസ് ഒതുക്കിത്തീർക്കാനാണ് നീക്കമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ ശുചീകരണ തൊഴിലാളി മാങ്ങാനം സ്വദേശി അഖിലി(22)നെ എക്സൈസ് ഇൻസ്പെക്ടർ വി.ആർ സജികുമാർ അറസ്റ്റ് ചെയ്തു. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമരകം ക്ലബ് മഹീന്ദ്ര ഹോട്ടലിനുള്ളിൽ രണ്ട് കഞ്ചാവ് ചെടികൾ ഉള്ളതായി എക്സൈസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് സംഘം ഇവിടെ എത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഹോട്ടലിന്റെ പിന്നാമ്പുറത്ത് പുൽത്തകിടിയോടു ചേർന്ന ഭാഗത്ത് ചെടിച്ചട്ടികൾക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തിയത്. രണ്ടു മാസം വലുപ്പമുള്ള പൂർണ വളർച്ചയെത്തിയ, 30 സെന്റീമീറ്ററോളം നീളമുള്ള രണ്ട് കഞ്ചാവ് ചെടികൾ ചെടിച്ചട്ടിക്കുള്ളിലാണ് ഉണ്ടായിരുന്നത്. ഇതേ തുടർന്ന് എക്സൈസ് അധികൃതർ ചെടിച്ചട്ടിയും കഞ്ചാവ് ചെടിയും ഉടൻ കസ്റ്റഡിയിൽ എടുത്തു. എന്നാൽ, ഹോട്ടലിലെ ശുചീകരണ തൊഴിലാളിയായ യുവാവിനെ മാത്രം കസ്റ്റഡിയിൽ എടുത്ത് അതിവേഗം അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ് സംഘം ഹോട്ടലിൽ നിന്നും മടങ്ങുകയായിരുന്നു.
അതീവ സുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന, നാല് വശവും സിസിടിവി ക്യാമറയിൽ ചൂറ്റപ്പെട്ട, സെക്യൂരിറ്റി ജീവനക്കാരനുള്ള ഹോട്ടലിനുള്ളിലാണ് രണ്ടു മാസത്തോളം ആരും അറിയാതെ ഒരു സാധാരണ തൊഴിലാളി കഞ്ചാവ് ചെടി വളർത്തിയത്. ചെടിച്ചട്ടിക്കുള്ളിൽ ആരെങ്കിലും വളർത്തുന്ന കഞ്ചാവ് ചെടിയ്ക്ക് കൃത്യമായി വെള്ളം ഒഴിച്ചു നൽകണം. എന്നാൽ, ഇത്തരത്തിൽ ആര് എല്ലാ ദിവസവും ചെടിയ്ക്ക് വെള്ളം ഒഴിച്ചു നൽകിയെന്നതാണ് അന്വേഷിക്കേണ്ടത്. ഹോട്ടലിലെ ഉന്നതരുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരത്തിൽ എങ്ങിനെ ഹോട്ടലിനുള്ളിൽ കഞ്ചാവ് ചെടി വളർത്താൻ സാധിക്കുമെന്ന സംശയവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അഖിലിൽ മാത്രം അറസ്റ്റ് ഒതുക്കി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുന്ന സൂചനകൾ പുറത്ത് വന്നിരിക്കുന്നത്.
എന്നാൽ, ഹോട്ടലിനുള്ളിൽ കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനെതിരെയും അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ഇതിനിടെ തേർഡ് ഐ ന്യൂസ് ലൈവ് അധികൃതർ ഹോട്ടലിൽ ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞ് റിസപ്ഷനിസ്റ്റ് ഒഴിഞ്ഞു മാറി ഹോട്ടലിലെ മാനേജർ മെജോ ജോസഫിനെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം ഫോൺ എടുത്തതേയില്ല.