വിവരാവകാശത്തിന് അപേക്ഷ സമർപ്പിച്ച റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി അപേക്ഷ പിൻവലിപ്പിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി വിവരാവകാശ അപേക്ഷ പിൻവലിപ്പിച്ചു. സംസ്ഥാന ക്രൈം റിക്കോർഡ്‌സ് ബ്യൂറോയിലെ ജൂനിയർ സൂപ്രണ്ടിന്റെ നടപടി ഡിവൈ.എസ്.പിയാണ് കണ്ടെത്തിയത്. തിരുവനന്തപുരം നന്ദിയോട് സ്വദേശിയും റിട്ടയേർഡ് എസ് ഐ യുമായ എസ് ശ്രീകുമാരൻ സെപ്റ്റംബർ 7 നാണ് വിവരാവകാശ അപേക്ഷ നൽകുന്നത്. ക്രൈം റിക്കോർഡ് ബ്യൂറോയിലെ ജൂനിയർ സൂപ്രണ്ടായ എൻ സനൽകുമാർ നടത്തിയ വിദേശയാത്രകൾ, പ്രളയ കാലത്ത് ബീക്കൺലൈറ്റുള്ള വാഹനം ഉപയോഗിച്ച് നടത്തിയ ചെങ്ങന്നൂർ യാത്ര എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ. അസി. ഇൻഫർമേഷൻ ഓഫീസറായ മാനേജർ, അപേക്ഷ ഇൻഫർമേഷൻ ഓഫീസറായ ഡിവൈ.എസ്പി എസ് അനിൽകുമാറിന് കൈമാറി.
എന്നാൽ സെപ്റ്റംബർ 12ന് വിവരാവകാശ അപേക്ഷ പിൻവലിച്ചുകൊണ്ടുള്ള ശ്രീകുമാരന്റെ കത്താണ് ഡി.വൈ.എസ്.പിക്ക് കിട്ടുന്നത്. ഇതിൽ അസ്വാഭാവികത തോന്നിയ ഡിവൈഎസ്പി നടത്തിയ പരിശോധനയിലാണ് ഭീഷണിപ്പെടുത്തി അപേക്ഷ പിൻവലിപ്പിച്ചതായി കണ്ടെത്തിയത്. ജൂനിയർ സൂപ്രണ്ട് സനൽകുമാറും സിറ്റി ട്രാഫിക്കിലെ സിവിൽ പൊലീസ് ഓഫീസർ അനിൽകുമാറും ചേർന്ന് പിൻവലിക്കൽ അപേക്ഷ ഒപ്പിട്ടുവാങ്ങിയെന്നാണ് ഡി.വൈ.എസ്.പി റിപ്പോർട്ട് ചെയ്യുന്നത്. ഈ പിൻവലിക്കൽ അപേക്ഷ ജൂനിയർ സൂപ്രണ്ട് തന്നെ ഓഫീസിലെത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിവൈഎസ്പിയെ ഇൻഫർമേഷൻ ഓഫീസർ സ്ഥാനത്ത് നിന്ന് മാറ്റി. ആരോപണ വിധേയനായ ജൂനിയർ സൂപ്രണ്ടിനെ അസി. ഇൻഫർമേഷൻ ഓഫീസറായും സംശയത്തിന്റെ നിഴലിലുള്ള മാനേജറെ ഇൻഫർമേഷൻ ഓഫീസറായും നിയമിച്ചു. ഡി.ജി.പി നിയമിച്ച ഇൻഫർമേഷൻ ഓഫീസർമാരെ മാറ്റി നിയമിച്ച ക്രൈം റിക്കോർഡ് ബ്യൂറോ മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നടപടിയും സംശയത്തിന്റെ നിഴലിലാണ്.