മുകേഷിനോടും എൽദോസ് കുന്നപ്പിള്ളിയോടും ക്ഷമ ചോദിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസംഗം:രാഹുലിനെ അനുകൂലിച്ച് വീണ്ടും രാഹുൽ ഈശ്വർ

Spread the love

തിരുവനന്തപുരം:ലൈംഗികാരോപണങ്ങളില്‍പ്പെട്ട് പ്രതിരോധത്തിലായ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി രാഹുല്‍ ഈശ്വർ വീണ്ടും രംഗത്ത്.
കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയിരുന്നു. അതിന് പിന്നാലെ തന്നെ സഭ വിടുകയും ചെയ്തു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭാ പ്രസംഗം ലീക്കായി എന്ന തരത്തില്‍ ഫേസ്ബുക്കില്‍ രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ് ചർച്ചയാവുകയാണ്.

മോഹൻദാസ് കരം ചന്ദ്
ഗാന്ധിയുടെ ടീം തയ്യാറാക്കിയത് എന്ന പേരിലാണ് പ്രസംഗം പങ്കുവെച്ചിരിക്കുന്നത്.
രാഹുല്‍ ഈശ്വറിന്റെ പോസ്റ്റ് വായിക്കാം: ” കേരളം ഞെട്ടും – രാഹുലിന്റെ ലീക്ക് ആയ പ്രസംഗം: നിയമസഭ :16 സെപ്, 2025, തയ്യാറാക്കിയത് – മോഹൻദാസ്. കെജി & ടീം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കായി | നിയമസഭക്ക്, പൊതുജനത്തിന് – “നമസ്കാരം പ്രിയപ്പെട്ടവരേ, ഞാൻ രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാടിന്റെ എംഎല്‍എ ആയി ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സാധാരണ കോണ്‍ഗ്രസ് പ്രവർത്തകൻ ആണ്. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കഴിഞ്ഞ 25 ദിവസം. ഞാൻ കടന്നു പോയ വേദന, പ്രതിസന്ധികള്‍ എന്നെ ഒരുപാട് മാറ്റി, തിരിച്ചറിവുകള്‍ തന്നു.

നിങ്ങള്‍ക്ക് ആദ്യം തന്നെ ഞാൻ ഒരു ഉറപ്പു തരട്ടെ – ഇന്ത്യൻ ഭരണഘടന ലംഘിക്കുന്ന, നിയമ വിരുദ്ധമായ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല. എന്റെ സ്വകാര്യത, വ്യക്തികളുടെ സ്വകാര്യത നമ്മുടെ ഭരണഘടനാ നല്‍കുന്ന മൗലിക അവകാശമാണ്. എന്നോട് യാതൊരു ഇഷ്ടവും ഇല്ലാത്ത ശ്രീ പിണറായിയുടെ സർക്കാർ ആണല്ലോ ഇപ്പോള്‍ ഉള്ളത്. അവർ അന്വേഷിക്കട്ടെ, നമ്മുടെ നിയമ സംവിധാനം, കോടതികള്‍ ഒരു തരത്തിലും ഉള്ള രാഷ്ട്രീയ വേട്ടയാടല്‍ അനുവദിക്കില്ല എന്ന് എനിക്കുറപ്പുണ്ട്. ജനങ്ങള്‍ വേട്ടയാടലുകളെ പ്രതിരോധിക്കും, അനീതിയെ എതിർക്കും എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് എന്റെ തിരിച്ചുവരവ്, സാധാരണ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അടക്കം എനിക്ക് നല്‍കിയ പിന്തുണ.
ഒരുപാടു അമ്മമാരുടെ പ്രാർത്ഥന, സഹോദരങ്ങളുടെ പിന്തുണ കാരണമാണ് ഞാൻ തിരിച്ചു വന്നത്. കൂടെ നിന്ന എല്ലാവർക്കും നന്ദി. ഈ അവസരത്തില്‍ എന്റെ പുതിയ തിരിച്ചറിവുകളും, എനിക്ക് പറ്റിയ ചില തെറ്റുകളും ഏറ്റു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളില്‍ ചിലർ സംശയിക്കാം – എനിക്കെതിരെ ഇങ്ങനെ ഒരു സോ കോള്‍ഡ് ലൈംഗിക വിവാദം വന്നത് കൊണ്ടല്ലേ ഞാൻ ഇങ്ങനെ പറയുന്നതെന്ന്.. നിങ്ങള്‍ ഒട്ടും സംശയിക്കേണ്ട, അത് കൊണ്ട് തന്നെയാണ് .. ഞാൻ ഒന്ന് കൂടെ പറയുന്നു – എനിക്കെതിരെ വന്ന പ്രോപഗണ്ട, വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് തന്നെയാണ് എനിക്ക് ഈ തിരിച്ചറിവുകള്‍ വന്നത്. ആ തിരിച്ചറിവുകള്‍ പുസ്തകങ്ങള്‍ വായിച്ചോ, അക്കാഡമിക് പഠനത്തിലൂടെയോ, മാധ്യമ സംവാദങ്ങളിലൂടെയോ കിട്ടിയതല്ല – ജീവിതം എന്നെ മഹാ ഗുരു എന്നെ പഠിപ്പിച്ചതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ തിരിച്ചറിവിന്റെ ഭാഗമായി 2 പേരോട് എനിക്ക് ക്ഷമ പറയാനുണ്ട്- അതില്‍ ആദ്യത്തേത് നമ്മുടെ എതിരാളികളായ സിപിഎം ന്റെ എംഎല്‍എ ശ്രീ മുകേഷിനോടാണ്. അദ്ദേഹത്തിന് എതിരെ കുറെ ആരോപണങ്ങള്‍ വന്നപ്പോള്‍ ശ്രീ മുകേഷ് ഗോവിന്ദ ചാമിയാണ് എന്ന് വരെ ഞാൻ പറഞ്ഞു. അദ്ദേഹത്തിന് എന്ത് വേദനിച്ചു കാണും എന്ന് ഇന്ന് എനിക്ക് മനസിലാകും. അന്നെനിക്ക് അത് മനസിലായില്ല – ക്യാമറയുമായി നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കു പഞ്ച് ഡയലോഗ് കൊടുക്കാനുള്ള തിരക്കില്‍ അത് ശ്രീ മുകേഷിനെ ഞാൻ പറയുന്നത് എങ്ങനെ ബാധിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല.

എനിക്ക് 35 വയസ്സായി, ശ്രീ മുകേഷിന്റെ സിനിമ ജീവിതത്തിനു പോലും എന്നേക്കാള്‍ പ്രായം ഉണ്ട്. 40 വർഷത്തോളം. സിപിഎമ്മിനോടുള്ള രാഷ്ട്രീയ എതിർപ്പ്, മുകേഷ് എന്ന വ്യക്തിയോട് തീർത്തപ്പോള്‍, കൂടെ നില്‍ക്കുന്നവരുടെ കയ്യടിയുടെ ശബ്ദത്തില്‍, വേറൊരാളുടെ ആത്മാവില്‍ കത്തി കയറ്റുമ്ബോള്‍ ഉള്ള നിലവിളി ഞാൻ കേള്‍ക്കാതെ പോയി. കോടതികള്‍ മുകേഷിന് അനുകൂലമായി ആണ് നിന്നതെന്ന വസ്തുത ഞാൻ വിസ്മരിച്ചു കൊണ്ടാണ്, കൊടും ക്രിമിനല്‍ എന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച ഗോവിന്ദച്ചാമിയോട് ഞാൻ അദ്ദേഹത്തെ കൂട്ടികെട്ടിയതു. അത് തെറ്റായി പോയി, മുകേഷേട്ടൻ ക്ഷമിക്കണം.

ഇത് പോലെ തന്നെ സഖാവ് പിണറായി വിജയനോടുള്ള എതിർപ്പ് , കോടതി നിരപരാധി എന്ന് കണ്ടെത്തിയ പിണറായി സഖാവിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയോടും ഞാനും എന്റെ സുഹൃത്തുക്കളും തീർത്തിട്ടുണ്ട്. അങ്ങനെ കോണ്‍ഗ്രസ്, സിപിഎം, ബിജെപി ഭേദമന്യേ എതിർ പാർട്ടിയിലെ എല്ലാ രാഷ്ട്രീയക്കാരെയും ‘സന്ദേശത്തിലെ ശങ്കരാടി ലോജിക്’ ഉപയോഗിച്ച്‌ എതിരാളികളെ അധിക്ഷേപിച്ചു, നാണം കെടുത്തിയിട്ടുണ്ട്. നമ്മള്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി, മുസ്ലീം ലീഗ് അടക്കം എല്ലാ പാർട്ടികളും ആത്മ പരിശോധന നടത്തി, സ്വയം തിരുത്തണം.

കാരണം എനിക്ക് നേരെ വ്യാജ പ്രൊപഗാൻഡ വന്നപ്പോള്‍ എനിക്ക് പൊള്ളി, തിരിച്ചു പൊളിക്കണം എന്നല്ല, വ്യാജ പ്രചാരണങ്ങള്‍ വഴി ആർക്കും പൊള്ളല്‍ ഏല്‍ക്കരുത് എന്ന തിരിച്ചറിവിലേക്ക് അത് എന്നെ എത്തിച്ചത്. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, യേശു ക്രിസ്തുവിന്റെ ജീവിതം മനസിലാക്കി പറയും പോലെ – കണ്ണിനു കണ്ണ് എന്ന പ്രതികാര മനോഭാവം, ലോകത്തെ മുഴുവൻ അന്ധമാക്കും. എന്നെ പ്രതിരോധിക്കാൻ സിപിഎം, ബിജെപി ക്കെതിരെ തിരിച്ചു വ്യാജ ലൈംഗിക ആരോപണം ഉന്നയിക്കരുത് .. അവർ എന്നെ പറയുന്നെങ്കില്‍ പറഞ്ഞോട്ടെ, പക്ഷെ മഹാത്മാ ഗാന്ധിയുടെ പാർട്ടിയായ നമ്മള്‍ .. കോടതി സത്യമാണെന്നു കണ്ടെത്താത്ത വ്യാജ ആരോപണങ്ങള്‍ തിരിച്ചു ഉന്നയിക്കരുത്. അതാണ് ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന സത്യാഗ്രഹം.

ആദ്യ ക്ഷമ ചോദിക്കേണ്ടത് ശ്രീ മുകേഷിനോടാണെങ്കില്‍ രണ്ടാമത്തെ ക്ഷമ ചോദിക്കേണ്ടത് എന്റെ പാർട്ടിയിലെ എല്‍ദോസ് കുന്നപ്പള്ളിയോടാണ്. എല്‍ദോസിനെതിരെ വ്യാജ പരാതി വന്നു, ആ പരാതിക്കാരി 49 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് ഹൈകോടതി വരെ ഞെട്ടല്‍ രേഖപ്പെടുത്തി. കേസ് വ്യാജമാണെന്ന് കോടതി തന്നെ സൂചിപ്പിച്ചു. പക്ഷെ എല്‍ദോസിനു പിന്തുണ കൊടുക്കാൻ ഞാനും എന്റെ പല പാർട്ടി സുഹൃത്തുക്കളും തയ്യാറായില്ല. എല്‍ദോസിന്റെ പ്രശ്നം എല്‍ദോസിനു .. പുള്ളി പോയാല്‍ വേറൊരാള്‍ക്ക് സ്ഥാനം കിട്ടും എന്നുള്ള ചിന്ത എത്ര മാത്രം ഒരാളെ വേദനിപ്പിക്കും എന്ന് എന്നെ ചിലർ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്ക് മനസിലായി.

പാർട്ടി ഒരു കുടുംബമാണ്, കൂടെ നില്‍ക്കുന്നവനെ ചവിട്ടിയിട്ടല്ല, വീണു പോകുന്നവനെ തള്ളിക്കളഞ്ഞിട്ടല്ല നമ്മള്‍ മുന്നോട്ടു കുതിക്കേണ്ടത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതി കണ്ടെത്തി ശിക്ഷിക്കട്ടെ, സദാചാര പോലീസ് ആകാനുള്ള അധികാരം, ശ്രീ രാഹുല്‍ ഗാന്ധി ഉയർത്തിപിടിക്കണം എന്ന് നമ്മളെ പഠിപ്പിച്ച ഭരണഘടനാ നമുക്ക് തരുന്നില്ല.

ആണിനെ വ്യാജ പരാതി വച്ച്‌ വേട്ടയാടുകയും, സ്ത്രീയെ ബോംബ് ആയി ഉപയോഗിക്കുകയും ചെയുന്നത് ആണ് ഏറ്റവും വലിയ മനുഷ്യ വിരുദ്ധമായ കാര്യം. കാരണം – വ്യാജ പരാതികള്‍ ആണിനെ തകർക്കും, സ്ത്രീകള്‍ വ്യാജ പരാതി വച്ച്‌ മുതലെടുക്കുമ്ബോള്‍ നാളെ യഥാർത്ഥ വനിത പരാതിക്കാർക്കു നീതി കിട്ടാതെയുമാകും. എല്‍ദോസിനു അടക്കം ഉള്ള നിരപരാധികള്‍ക്കു പിന്തുണ കൊടുക്കാൻ കഴിയാത്തതില്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു.
ഉമ്മൻ ചാണ്ടി സർ അടക്കം ഉള്ളവരെ വ്യാജ പരാതികളില്‍ വേട്ടയാടിയപ്പോള്‍ ആരും അദ്ദേഹത്തെ പിന്തുണചില്ല എന്നുള്ളത് എത്ര മാത്രം പേടിപ്പെടുത്തുന്നതാണ്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുഖ്യമന്ത്രിക്കു പോലും നീതി കൊടുക്കാൻ നമുക്ക് കഴിയുന്നില്ലെങ്കില്‍ സാധാരണക്കാരന്റെ ദുരവസ്ഥ എന്തായിരിക്കും. അത് കൊണ്ട് രാഷ്ട്രീയത്തിന് അതീതമായി നമ്മള്‍ രാഷ്ട്രീയക്കാർ ചില നിലപാടുകള്‍ എടുക്കണം. എനിക്ക് പൊള്ളിയാണ് , വേദനിച്ചാണ് ഞാൻ പഠിച്ചതു .. നിങ്ങള്‍ക്ക് വേദനിക്കാതെ, പൊള്ളാതെ ആ ജീവിത പാഠം ഉണ്ടാകട്ടെ.