Spread the love

ന്യൂഡൽഹി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ ആദ്യ പരാതിക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കേസില്‍ പ്രതിയായ അഭിഭാഷക ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം. പരാതിക്കാരിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങള്‍ നടത്തിയതിലാണ് കോടതിയുടെ വിമര്‍ശനം.

video
play-sharp-fill

നിങ്ങള്‍ ഒരു അഭിഭാഷക അല്ലേ, ഇത്തരം പോസ്റ്റ് പാടുണ്ടോ എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. എന്താണ് എഴുതിയതെന്ന് ഞങ്ങള്‍ ഇവിടെ വായിക്കണോ എന്നും കോടതി ചോദിച്ചു. പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞതാണ് എഴുതിയതെന്ന് ദീപ കോടതിയില്‍ പറഞ്ഞു. ഭർത്താവ് പറഞ്ഞത് വെച്ച്‌ എല്ലാം പരസ്യമായി എഴുതാമോ എന്ന് കോടതി തിരിച്ചടിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെതായിരുന്നു വിമർശനം.

ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് കേസിലെ ആദ്യ പരാതിക്കാരി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് പരാതിക്കാരി വിമർശിച്ചു. സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ് ബി പോസ്റ്റുകളുടെ വിവർത്തനം ദീപ ജോസഫ് വളച്ചൊടിച്ചുവെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർജി തള്ളിയ സുപ്രീംകോടതി ഹൈക്കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ദീപ ജോസഫ് ഇന്ന് നേരിട്ട് ഹാജരായിരുന്നു. കേസടുത്തതിന് ചോദ്യം ചെയ്തായിരുന്നു ദീപ ജോസഫിന്‍റെ ഹർജി. കേസില്‍ പരാതിക്കാരി തടസഹർജി നല്‍കിയിരുന്നു. തന്നെയും കേസിലെ മറ്റു പരാതിക്കാരെയും ദീപ നിരന്തരം വേട്ടയാടുകയാണെന്നും സുപ്രീംകോടതിയില്‍ ദീപ നല്‍കിയ സത്യവാങ്മൂലവും വക്കാലത്തും വ്യാജമാണെന്ന് ആരോപിച്ച്‌ പരാതിക്കാരി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.