
രഹ്ന ഫാത്തിമയ്ക്ക് ഇന്ന് നിർണായക ദിവസം; മതവികാരം വ്രണപ്പെടുത്തിയ കേസ് ഇന്ന് പരിഗണനയ്ക്ക്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല വിഷയത്തിൽ മതവികാരം വ്രണപ്പെടുത്തിയ കേസിൽ രഹ്ന ഫാത്തിമയ്ക്ക് ഇന്ന് നിർണായക ദിവസം. അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രഹ്ന ഫാത്തിമയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ 295 എ വകുപ്പ് ചുമത്തിയാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്ക് ഇവരെ റിമാൻഡ് ചെയ്തു. രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പർദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ രാധാകൃഷ്ണ മേനോനനാണ് പരാതി നൽകിയത്. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവർത്തകയ്‌ക്കൊപ്പം ദർശനം നടത്താൻ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയണിഞ്ഞ് ശരീരഭാഗങ്ങൾ കാണുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിനു ശേഷവും ഇതിനെ ന്യായീകരിച്ചാണ് രഹ്ന ഫാത്തിമ പ്രതികരിച്ചത്. ഒരു സ്ത്രീയുടെ കാല് കണ്ടാൽ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ്ന ചോദിച്ചു. കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഫേസ്ബുക്കിലിട്ട കമന്റും പത്താം തീയതി രഹ്നയുടെ തന്നെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും എഴുത്തുകളുമാണ് കേസിന് ആസ്പദമായത്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത് ഭർത്താവിന്റെ അറിവോടെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ആവശ്യമെങ്കിൽ ഭർത്താവിനേയും കേസിൽ പ്രതിയാക്കും.