സാക്ഷികളുടെ കൂറുമാറ്റവും സമ്മർദ്ദങ്ങളും ഫലിച്ചില്ല; കോടതി ഉത്തരവ് അനുകൂലം; പാറമട ലോബി കയ്യേറിയ പുറമ്പോക്ക് ഭൂമി കൂട്ടിക്കല്‍ പഞ്ചായത്ത് തിരിച്ചുപിടിച്ചു

Spread the love

കൂട്ടിക്കല്‍: പാറമട ലോബി കയ്യേറിയ പുറമ്പോക്ക് ഭൂമി കോടതി ഉത്തരവിലൂടെ തിരിച്ചുപിടിച്ച്‌ കൂട്ടിക്കല്‍ പഞ്ചായത്ത്. ആറാം വാർഡില്‍ പ്രവർത്തിക്കുന്ന പാറമട അധികൃതരാണ് കൂട്ടിക്കല്‍ പഞ്ചായത്തിന്‍റെ കീഴിലുള്ള തോടുപുറമ്പോക്ക് കൈയേറി റോഡ് നിർമാണം നടത്തിയത്.

video
play-sharp-fill

ഇതിനെതിരേ നാട്ടുകാരും പഞ്ചായത്തും കോടതിയെ സമീപിക്കുകയും ഹൈക്കോടതിയില്‍നിന്നു പഞ്ചായത്തിന് അനുകൂലമായ വിധിയുണ്ടാവുകയും ചെയ്തു. തുടർന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് താലൂക്ക് സർവേയറുടെ നേതൃത്വത്തില്‍ തോടിന്‍റെ പുറമ്പോക്ക് അളന്നു തിരിച്ച്‌ പഞ്ചായത്തുവക സ്ഥലമെന്ന ബോർഡ് സ്ഥാപിച്ചു. ഇതിനെതിരേ വീണ്ടും പാറമട ലോബി ഈരാറ്റുപേട്ട മുനിസിപ്പല്‍ കോടതിയെ സമീപിച്ചു.

എന്നാല്‍, മുനിസിപ്പല്‍ കോടതിയും കേസ് കൂട്ടിക്കല്‍ പഞ്ചായത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. സാക്ഷികളെ കൂറുമാറ്റുന്നതടക്കമുള്ള വലിയ സമ്മർദ്ദങ്ങള്‍ പാറമട ലോബിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതെല്ലാം അതിജീവിച്ചാണ് പഞ്ചായത്തിന് അനുകൂലമായി വിധി നേടിയെടുക്കാനായതെന്നും പ്രസിഡന്‍റ് ബിജോയ് ജോസ് മുണ്ടുപാലം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാം വാർഡില്‍ പ്രവർത്തിക്കുന്ന പാറമടകള്‍ക്കെതിരേ മുമ്പും പ്രദേശവാസികള്‍ വലിയ പരാതികളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. വാഗമണ്‍ മലനിരകളുടെ താഴ്വാരത്ത് നടക്കുന്ന പാറ ഖനനം ഉരുള്‍പൊട്ടല്‍ അടക്കമുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയും പ്രദേശവാസികള്‍ക്കുണ്ട്. പാറമടയുടെ പ്രവർത്തനം നിർത്തണമെന്ന് പഞ്ചായത്ത് രേഖാമൂലം ആവശ്യപ്പെടുമ്പോഴും കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ച്‌ പാറ ഖനനം തുടരുകയാണ് പാറമട ലോബി ഇവിടെ ചെയ്യുന്നത്.