മൊഹാലി: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് ഉജ്ജ്വല വിജയം. ചെന്നൈ സൂപ്പർ കിങ്സിനെ 18 റൺസിനാണ് പരാജയപ്പെടുത്തിയത്. ചെന്നൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. 220 റൺസിന്റെ കൂറ്റൻ ലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ 201 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
അർധ സെഞ്ചറി നേടിയെങ്കിലും ഡെവോൺ കോൺവെയ്ക്ക് ചെന്നൈയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 49 പന്തു നേരിട്ട കോൺവെ 69 റൺസെടുത്തു. 27 പന്തിൽ നിന്നും ശിവം ദുബെ 42 റൺസടിച്ചു പുറത്തായി. തകർത്തടിച്ച ധോണി 12 പന്തിൽ 27 റൺസെടുത്തു പുറത്തായി. രചിൻ രവീന്ദ്ര 23 പന്തിൽ 36 റൺസെടുത്തു.
നേരത്തേ ബാറ്റിങ്ങിനിറങ്ങിയ ധോണി ലോക്കി ഫെർഗൂസനെ തുടർച്ചയായി രണ്ടു സിക്സറുകൾ പറത്തി ചെന്നൈയ്ക്കു വിജയ പ്രതീക്ഷ നൽകി. അവസാന 12 പന്തിൽ 43 റൺസായിരുന്നു ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ 20–ാം ഓവറിലെ യാഷ് ദയാലിന്റെ ആദ്യ പന്തിൽ ബൗണ്ടറിക്ക് ശ്രമിച്ച ധോണിയെ ചെഹൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടിയിരുന്നു. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 39 പന്തുകളില്‍ നിന്നാണ് ആര്യ സെഞ്ച്വറി കുറിച്ചത്. എട്ട് സിക്‌സറുകളും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ആര്യയുടെ ഇന്നിങ്‌സ്. ശശാങ്ക് സിങ് അർധ സെഞ്ച്വറി നേടി. ശശാങ്കിന്റെ 36 പന്തിൽ 51 റൺസും, മാര്‍ക്കോ യാൻസണിന്റെ 19 പന്തിൽ 34 റൺസും പഞ്ചാബിന് മികച്ച സ്കോർ നേടാൻ സഹായിച്ചു.