സ്‌കൂൾ നവീകരണത്തിന് ഇനി ‘പഞ്ചാബ് മോഡൽ’..! കായംകുളത്ത് സർക്കാർ സ്‌കൂൾ നവീകരണത്തിനായി ധനസഹായം നൽകി പഞ്ചാബ് പൊലീസ് : തുക നൽകിയത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സംസ്ഥാനത്ത് എത്തിയ പഞ്ചാബ് പൊലീസ് സംഘം
സ്വന്തം ലേഖകൻ
ആലപ്പുഴ: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി എത്തിയ പഞ്ചാബ് പൊലീസ് സംഘം കായംകുളത്തെ സർക്കാർ സ്‌കൂളിലെ അറ്റകുറ്റപണികൾക്കായി ധന സഹായം കൈമാറി. സ്‌കൂൾ ഗേറ്റും മതിലും നവീകരിക്കുന്നതിനായി ഒരു തുക കൈമാറിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി കേരളത്തിലെത്തിയ പഞ്ചാബ് പൊലീസ് സംഘത്തിന്റെ ക്യാംപായി മാറിയത് കായംകുളം ജിഎൽപിഎസ് ആയിരുന്നു. ഇതിന് പകരമായിട്ടാണ് പൊലീസുകാരുടെ ധനസഹായം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഞങ്ങളുടെ സ്‌കൂൾ അവരുടെ ക്യാംപായി മാറിയിരുന്നു. ഇതിന് പകരമായി എന്തെങ്കിലും ചെയ്യുമെന്ന് അവർ വാഗ്ദാനം നൽകിയിരുന്നു. അതിനാൽ സ്‌കൂൾ ഗേറ്റും മതിലും പെയിന്റ് ചെയ്യുന്നതിനായി ഒരു തുക അവർ സമാഹരിച്ച് നൽകുകയായിരുന്നുവെന്നാണ് കായംകുളം ജിഎൽപിഎസ് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ബിന്ദു പറയുന്നത്.
സൽകർമ്മങ്ങൾ ഒരിക്കലും പാഴാകില്ല. എല്ലാവരേയും സേവിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്’ എന്ന ക്യാപ്ഷനോട് കൂടി പഞ്ചാബ് പൊലീസും ഈ ചിത്രം പങ്കുവച്ചിരുന്നു. പത്ത് കമ്പനി പഞ്ചാബ് പൊലീസാണ് സംസ്ഥാനത്തെത്തിയിരുന്നത്.
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം, ആലപ്പുഴ മേഖലകളിലായി ആയിരുന്നു ഇവരെ വിന്യസിച്ചത്. പാചകത്തിനുള്ള സാധനങ്ങളും പാചകക്കാരും അടക്കം സർവ്വസജ്ജീകരണവുമായാണ് പൊലീസ് സംഘം കേരളത്തിലെത്തിയത്.
കേരളത്തിലെ സാമൂഹികരാഷ്ട്രീയ അന്തരീക്ഷവുമായി അവർ പൂർണ്ണമായും പൊരുത്തപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കുന്നിടത്തെല്ലാം സമാധാനം നിലനിർത്താൻ അവർ വളരെയധികം സഹായിച്ചിരുന്നു’ എന്നാണ് എ.ഡി.ജി.പി (സായുധ പോലീസ് ബറ്റാലിയൻ) കെ പദ്മകുമാർ അറിയിച്ചത്.
കേരളത്തിൽ, നിയമം നടപ്പിലാക്കാൻ ബലപ്രയോഗം വലുതായി ആവശ്യമുണ്ടെന്ന് തോന്നുന്നില്ല, കാരണം ഇവിടെ ആളുകൾ കൂടുതലും നിയമപാലിക്കുന്നവർ തന്നെയാണ്, കുറ്റകൃത്യങ്ങളുടെ നിരക്ക് താരമ്യേന കുറവാണ്’ എന്നായിരുന്നു പഞ്ചാബ് പൊലീസ് കമാണ്ടന്റ് കുൽവന്ദ് സിംഗിന്റെ വാക്കുകൾ.
ആളുകളുടെ ആതിഥ്യ മര്യാദയും ദയയും അവരെ വളരെയധികം സ്പർശിച്ചിരുന്നു. ഇതിന് പകരമായാണ് പണം ശേഖരിച്ച് ആലപ്പുഴയിലെ സ്‌കൂളിന് നൽകിയത്.