
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം ; 16 റണ്‍സിന്റെ ജയം സ്വന്തമാക്കി ; ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പഞ്ചാബിന് നാല് ജയവും രണ്ട് തോല്‍വിയും
ചണ്ഡീഗഢ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ പഞ്ചാബ് കിങ്സിന് ആവേശ ജയം. 111 റണ്‍സ് വിജയകരമായി പ്രതിരോധിച്ച പഞ്ചാബ് 16 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 15.1 ഓവറില്‍ വെറും 95 റണ്‍സിന് ഓള്‍ഔട്ടായി.
നാലു വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലും മൂന്നു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനുമാണ് പഞ്ചാബിന് ജയമൊരുക്കിയത്. 28 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 37 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.
പഞ്ചാബ് കിങ്സ് ഉയര്‍ത്തിയ 112 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഏഴു റണ്‍സിനിടെ ഓപ്പണര്‍മാരായ സുനില്‍ നരെയ്‌നെയും (5), ക്വിന്റണ്‍ ഡിക്കോക്കിനെയും (2) അവര്‍ക്ക് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ – ആംഗ്രിഷ് രഘുവംശി സഖ്യം 55 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ തുടരെ വിക്കറ്റുകള്‍ പിഴുത് പഞ്ചാബ്, കൊല്‍ക്കത്തയെ സമ്മര്‍ദത്തിലാക്കി. എട്ടാം ഓവറില്‍ രഹാനെ (17), പത്താം ഓവറില്‍ രഘുവംശി (37), 11-ാം ഓവറില്‍ വെങ്കടേഷ് അയ്യര്‍ (7), 12-ാം ഓവറില്‍ റിങ്കു സിങ് (2), അതേ ഓവറിലെ തൊട്ടടുത്ത പന്തില്‍ രമണ്‍ദീപ് സിങ് (0) എന്നിവരെ നഷ്ടമായതോടെ കൊല്‍ക്കത്ത ഏഴിന് 76 റണ്‍സ് എന്ന നിലയിലായി. ആന്ദ്രേ റസ്സല്‍ ക്രീസിലുണ്ടായിരുന്നതായിരുന്നു കൊല്‍ക്കത്തയുടെ പ്രതീക്ഷ. ഇതിനിടെ ഹര്‍ഷിത് റാണ (3), വൈഭവ് അറോറ (0) എന്നിവരെയും മടക്കി പഞ്ചാബ് കളിതിരിച്ചു. 16-ാം ഓവറിലെ ആദ്യ പന്തില്‍ റസ്സലിനെ (11 പന്തില്‍ 17) പുറത്താക്കി യാന്‍സന്‍ പഞ്ചാബിന്റെ ജയം കുറിച്ചു.
നേരത്തേ പഞ്ചാബ് വെറും 111 റണ്‍സിന് പുറത്തായിരുന്നു. സ്വന്തം മൈതാനത്ത് ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങി മികച്ച തുടക്കത്തിനു ശേഷമായിരുന്നു പഞ്ചാബിന്റെ തകര്‍ച്ച. 15.3 ഓവറില്‍ പഞ്ചാബിന്റെ ഇന്നിങ്സ് അവസാനിച്ചു.