പുൽവാമ  ഭീകരാക്രമണത്തിൽ  വീരമൃത്യു  വരിച്ച ജവാന്മാരുടെ പേര് ശരീരത്തിൽ  ടാറ്റു ചെയ്ത് യുവാവ്

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ പേര് ശരീരത്തിൽ ടാറ്റു ചെയ്ത് യുവാവ്

സ്വന്തംലേഖകൻ

കോട്ടയം : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആർ.പി .എഫ് ജവാന്മാർക് രാജ്യം മുഴുവൻ ആദരമര്‍പ്പിക്കുമ്പോൾ, രാജസ്ഥാനില്‍ ബിക്കാനെറില്‍ ഗോപാല്‍ സഹരണ്‍ എന്ന യുവാവ് ജവാന്‍മാരുടെ പേരുകള്‍ തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തുകൊണ്ടാണ് അവരുടെ ജീവത്യാഗത്തിനു മുന്നില്‍ പ്രണാമം അര്‍പ്പിച്ചത്. ശരീരത്തിൽ ടാറ്റു ചെയ്ത യുവാവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രക്തസാക്ഷികളുടെ പേരാണ് ഗോപാല്‍ തന്റെ ശരീരത്തില്‍ ടാറ്റൂ ചെയ്തിരിക്കുന്നത്.
ബിക്കാനെറിലെ ഭഗത് സിങ് യൂത്ത് ബ്രിഗേഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആളാണ് ഗോപാല്‍. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയവരുടെ പേര് ഒരിക്കലും മറന്നു പോകാതിരിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന് ഗോപാല്‍ പറയുന്നു.
‘നമ്മുടെ രാജ്യത്തിനായി ജീവന്‍ നഷ്ടപ്പെടുത്തിയര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ ഞങ്ങള്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഞാന്‍ തീരുമാനിച്ചത് അവരുടെ പേരുകള്‍ ഒരിക്കലും മറന്നു പോകാതിരിക്കാനായി എന്തെങ്കിലും ചെയ്യണമെന്ന് ഗോപാൽ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ വസന്തകുമാര്‍ ഉള്‍പ്പെടെ 40 സി.ആർ.പി .എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ 17 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ജെയ്ഷെ മുഹമ്മതിന്റെ മൂന്ന് കമാന്‍ഡര്‍മാരെയും സൈന്യം വധിച്ചു.