യാത്രക്കാരുടെ തലയിൽ വീഴാറായിട്ടും കെട്ടിടം പൊളിക്കാൻ ആരുമില്ല: അപകടം ഉണ്ടാകും വരെ കാത്തിരിക്കാനുറച്ച് നഗരസഭയും അധികൃതരും; മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: പുളിമൂട് ജംഗ്ഷനിൽ കാൽനടയാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായ കെട്ടിടം റോഡിലേയ്ക്ക് കൂടുതൽ ചരിഞ്ഞു. ചൊവ്വാഴ്ച തന്നെ റോഡിലേയ്ക്കു കെട്ടിടം ചരിഞ്ഞത് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത നൽകുകയും, നഗരസഭ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതുവരെയായിട്ടും പ്രദേശത്ത് പരിശോധന നടത്താനോ, കെട്ടിടം പൊളിച്ചു മാറ്റാനോ നഗരസഭ അധികൃതർ ഇനിയും തയ്യാറായിട്ടില്ല.
എം.സി റോഡിൽ പുളിമൂട് ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസുകൾ തിരിയുന്ന ഭാഗത്തായാണ് നടപ്പാതയിൽ അപകടകരമായ രീതിയിൽ കെട്ടിടം നിൽക്കുന്നത്. ഒരാഴ്ചയായി റോഡിലേയ്ക്ക് അൽപാൽപം ചെരിഞ്ഞു വരികയാണ് ഈ കെട്ടിടം. അതുകൊണ്ടു തന്നെ അപകട സ്ഥിതി മനസിലാക്കായ നാട്ടുകാരും സമീപത്തെ കട ഉടമകളും ഇവിടെ ട്രാഫിക് കോണുകൾ സ്ഥാപിക്കുകയും അപകടം ഒഴിവാക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് സംബന്ധിച്ചു നേരിട്ട് കണ്ടിട്ടു പോലും നഗരസഭ അധികൃതർ ആരും തന്നെ തുടർ നടപടികൾ സ്വീകരിക്കാൻ ഇനിയും തയ്യാറായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച റോഡിലേയ്ക്ക് ചരിഞ്ഞതിൽ നിന്നും ഒരു പടി കൂടി വീണ്ടും കെട്ടിടം റോഡിലേയ്ക്ക് ചരിഞ്ഞിട്ടുണ്ട്. കെട്ടിടത്തിന്റെ ഇഷ്ടിക പുറത്തേയ്ക്ക് തള്ളി നിൽക്കുന്നതോടെ മേൽക്കൂരയുടെ ഒരു ഭാഗം ഏതു നിമിഷവും റോഡിലേയ്ക്കു വീഴാവുന്ന അവസ്ഥയിലാണ്.
അതുകൊണ്ടു തന്നെ ഏതു നിമിഷവും കെട്ടിടം നാട്ടുകാരുടെ തലയിൽ വീഴുമെന്ന ഭീതിയിലാണ്. കെട്ടിടം റോഡിലേയ്ക്ക് പൊളിഞ്ഞ് വീണ് ഏതെങ്കിലും രീതിയിലുള്ള അപകടം ഉണ്ടായാൽ ഉത്തരവാദിത്വം നഗരസഭ അധികൃതർക്കു തന്നെയായിരിക്കും.