
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ; “കെ റെയില്‍ അനുകൂലികള്‍ക്ക് വോട്ടില്ല” ; പുതുപ്പള്ളിയില്‍ പ്രചാരണത്തിന് കെ റെയില്‍ വിരുദ്ധ സമിതി
സ്വന്തം ലേഖകൻ
കോട്ടയം : ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുതുപ്പള്ളി മണ്ഡലത്തില്‍ പ്രചാരണം നടത്താൻ സംസ്ഥാന കെ റെയില്‍ സില്‍വര്‍ ലൈൻ വിരുദ്ധ ജനകീയ സമിതി. “കെ റെയില്‍ അനുകൂലികള്‍ക്ക് വോട്ടില്ല” എന്ന മുദ്രാവാക്യം ഉയര്‍ത്തി വോട്ടര്‍മാരെ സമീപിക്കാനാണ് തീരുമാനം.
ഉപതിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി ലഭിക്കുന്ന വോട്ടുകള്‍ കെ റയില്‍ സില്‍വര്‍ ലൈൻ പദ്ധതിക്ക് അനുകൂലമായ ജനഭിപ്രായമാണ് എന്ന രീതിയില്‍ പ്രചാരണം നടത്താൻ സാധ്യതയുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് പ്രചാരണ രംഗത്തിറങ്ങാൻ ചെയര്‍മാൻ എം.പി ബാബുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഇതേ മുദ്രാവാക്യം മുന്നോട്ടുവെച്ച് സമരസമിതി വലിയ പ്രചാരണം നടത്തിയിരുന്നു. കെ റയില്‍ സില്‍വര്‍ ലൈൻ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും അതിലെ ജനവിരുദ്ധ രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന നിരവധി പൊതുയോഗങ്ങള്‍ തൃക്കാക്കരയില്‍ സംഘടിപ്പിച്ചിരുന്നു. വിവിധ ജില്ലകളില്‍ നിന്നെത്തിയ സമരസമിതി അംഗങ്ങള്‍ വീടുകള്‍ കയറിയും പ്രചാരണം നടത്തി.
വിജയകരമായി നടപ്പിലാക്കിയ ഈ മാതൃക പുതുപ്പള്ളിയിലും സ്വീകരിക്കാനാണ് സമിതി തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സംസ്ഥാന ചെയര്‍മാന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെയും യോഗം ചുമതലപ്പെടുത്തി.
സെപ്റ്റംബര്‍ ഒന്നിന് കോട്ടയം ജില്ലയിലെ മാടപ്പള്ളി സ്ഥിരം സമരപ്പന്തലില്‍ നടന്നു വരുന്ന നിരന്തര സത്യഗ്രഹ സമരം 500 ദിവസം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് കോട്ടയം നഗരത്തില്‍ രാവിലെ 10 ന് സമര സംഗമം നടത്തും. തുടര്‍ന്ന് സംസ്ഥാന സമിതി യോഗത്തിന് ശേഷം സമിതി നേതാക്കള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ സന്ദര്‍ശനം നടത്താനും യോഗം തീരുമാനിച്ചു.
സമരസമിതിയില്‍ വിവിധ കക്ഷിരാഷ്ട്രീയ സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളുമുണ്ട്. കെ റെയില്‍ സില്‍വര്‍ ലൈൻ പദ്ധതിയെ ചെറുത്തു പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പദ്ധതിക്കെതിരെ പ്രചാരണം നടത്തുക എന്നതാണ് സമിതിയുടെ നിലപാട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ അടിസ്ഥാനത്തിലാണ് പുതുപ്പള്ളിയില്‍ കെ റെയിലിന് വേണ്ടി സര്‍ക്കാര്‍ വലിയ പ്രചാരണം നടത്താത്തത്.
ജനങ്ങള്‍ തള്ളിക്കളഞ്ഞ നിര്‍ദിഷ്ട കെ റെയില്‍ സില്‍വര്‍ ലൈൻ പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ കേന്ദ്രത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ ഉള്‍പ്പെടെ സമരസമിതി ജാഗ്രതയോടെ നിരീക്ഷിക്കുകയും കൂടുതല്‍ ശക്തമായ ചെറുത്തുനില്‍പ്പിന് തയാറെടുക്കുകയാണ് എന്നും സംസ്ഥാന ചെയര്‍മാൻ എം.പി ബാബുരാജ് ജനറല്‍ കണ്‍വീനര്‍ എസ്. രാജീവൻ എന്നിവര്‍ പറഞ്ഞു