തട്ടിപ്പിന്റെ പി.എസ്.സി പരീക്ഷ: ചോദ്യക്കടലാസ് ചോർന്നത് പി.എസ്.സിയിൽ നിന്ന് തന്നെയെന്ന് സൂചന; ചോദ്യക്കടലാസുകൾ സൂക്ഷിക്കുന്നത് യാതൊരു സുരക്ഷയുമില്ലാതെ; എസ്.എം.എസ് അയച്ചത് വി.എസ്.എസ്.ഇ ജീവനക്കാരൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പി.എസ്.സി പരീക്ഷ എസ്.എഫ്.ഐക്കാർക്കു വേണ്ടി അട്ടിമറിക്കാൻ കൂട്ടു നിന്നത് വി.എച്ച്.എസ്.ഇ ജീവനക്കാരൻ എന്ന സൂചന. നെടുമങ്ങാട് വട്ടക്കരിക്കകം സ്വദേശിയായ 26കാരനാണ് പ്രതികളായ നിസാമിനും, ശിവരഞ്ജിത്തിനു ഉത്തരങ്ങൾ എസ്.എം.എസ് ആയി അയച്ചു നൽകിയതെന്നാണ് സൂചന. ഇതിനിടെ ചോദ്യങ്ങൾ ചോർന്നത് പി.എസ്.സി ഓഫിസിൽ നിന്നു തന്നെയാണെന്നതിനുള്ള വ്യക്തമായ സൂചനകളും പുറത്തു വന്നിട്ടുണ്ട്.
ശിവരഞ്ജിത്തിനും നിസാമിനും ഉത്തരങ്ങൾ എസ്.എം.എസ് ആയി അയച്ചു നൽകിയ കോൺഗ്രസ് പ്രവർത്തകനായ ഇയാൾ, രണ്ടാംറാങ്കുകാരനും വധശ്രമക്കേസിൽ പ്രതിയുമായ പി.പി. പ്രണവിന്റെ സുഹൃത്താണ്. ഇരുവരും ഒരുമിച്ച് ഫുട്ബാൾ കളിക്കുന്നവരാണ്. പ്രണവിനൊപ്പം ഇയാളും മുങ്ങിയതായാണ് വിവരം.
പരീക്ഷ നടന്ന 2018 ജൂലായിൽ ഇയാൾ പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു. പിന്നീടാണ് വി.എസ്.എസ്.സിയിൽ സാങ്കേതിക വിഭാഗത്തിൽ ജോലി നേടിയത്. എസ്.എം.എസ് അയച്ച നമ്പരാണ് ഇയാൾ പി.എസ്.സിയുടെ അപേക്ഷയിലും ചേർത്തിട്ടുള്ളത്. ഇയാളെ ഉടൻ പിടികൂടണമെന്ന് പൊലീസിനോട് പി.എസ്.സി ആവശ്യപ്പെടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് കോൺസ്റ്റബിൾ പഴയ റാങ്ക്ലിസ്റ്റിലെ സപ്ലിമെന്ററി പട്ടികയിൽ ഇയാളുണ്ടായിരുന്നെങ്കിലും നിയമനം ലഭിച്ചില്ല. ഫയർമാന്റേതുൾപ്പെടെ മൂന്ന് റാങ്ക്ലിസ്റ്റുകളിൽ ഇയാൾ ഉണ്ട്.
നൂറ് ചോദ്യങ്ങളിൽ 90 എണ്ണത്തിനും ഇയാൾ മൊബൈലിൽ ഉത്തരങ്ങൾ അയച്ചു. രണ്ടുപേരും ഒരേരീതിയിലാണ് ഉത്തരമെഴുതിയത്. തെറ്റുകൾ പോലും ഒരുപോലെയാണ്. ശിവരഞ്ജിത്തിന് 78.33ഉം പ്രണവിന് 78ഉം മാർക്കാണ് ലഭിച്ചത്. സ്‌പോർട്‌സ് വെയിറ്റേജായ 13.58 മാർക്കുള്ളതിനാൽ ശിവരഞ്ജിത്തിന് ഒന്നാംറാങ്ക് കിട്ടി.
വധശ്രമക്കേസിലെ രണ്ടാം പ്രതിയും 28-ാം റാങ്കുകാരനുമായ നസീം കുറേ ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയിട്ടില്ല. ഇത് മനഃപൂർവ്വമാകാം. നസീമിന് 65.33മാർക്കാണ് കിട്ടിയത്. ഇവരെല്ലാം തമ്പാനൂരിലെ കോച്ചിംഗ് സെന്ററിൽ പി.എസ്.സി പരീക്ഷാപരിശീലനം നടത്തിയിരുന്നു.
പരീക്ഷയ്ക്ക് നാല് സീരീസിലെ ചോദ്യപേപ്പറുകൾ ഉണ്ടാവുമെന്നതിനാൽ വി.എസ്.എസ്.സി ജീവനക്കാരനു പുറമെ രണ്ടുപേരെ കൂടി ഉത്തരം അയയ്ക്കാൻ ചട്ടംകെട്ടിയിരുന്നു. ഇതിൽ ഒരാൾ പൊലീസുകാരനാണെന്ന് സൂചനയുണ്ട്. എന്നാൽ മൂന്ന് പേർക്കും ഒരേ സീരീസിലെ ( ബി ) ചോദ്യ പേപ്പർ കിട്ടിയതോടെ ഇവരുടെ ആവശ്യം വേണ്ടിവന്നില്ല.
പരീക്ഷാകേന്ദ്രങ്ങളിൽ നിന്ന്, പരീക്ഷാനടത്തിപ്പുകാർ ചോദ്യപേപ്പർ വാട്‌സ് ആപിൽ ഇയാൾക്ക് കൈമാറുകയും പ്രതികൾ സ്മാർട്ട് വാച്ചിൽ ഇയാളുടെ എസ്.എം.എസ് സ്വീകരിച്ച് ഉത്തര പേപ്പറിലെ ഓപ്ഷൻ ബോക്‌സ് കറുപ്പിച്ചെന്നുമാണ് കരുതുന്നത്. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പരീക്ഷാകേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.45നാണ് ചോദ്യപേപ്പർ പൊട്ടിച്ചത്. ഇത് 20വീതമുള്ള ചെറുപാക്കറ്റുകളാക്കിയാണ് ഹാളുകളിലെത്തിക്കുക. വി. എസ്. എസ്. സി ജീവനക്കാരൻ അയച്ച 90 സന്ദേശങ്ങളും 2.15നും 3.15നുമിടയിലായിരുന്നു.
രണ്ടരമുതൽ തുടർച്ചയായി സന്ദേശങ്ങളെത്തി. പരീക്ഷ കഴിഞ്ഞയുടൻ പ്രണവിന്റെ ഫോണിൽ നിന്ന് ഇയാൾക്ക് കാൾ പോയതായും കണ്ടെത്തി. പി.എസ്.സിക്ക് മുൻപാകെ ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകും.
ഈ വിവരങ്ങളടങ്ങിയ റിപ്പോർട്ട് പി.എസ്.സി വിജിലൻസ് ഓഫീസർ, പി.എസ്.സി ചെയർമാന് കൈമാറി. ഇത് ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് കൈമാറും.
എന്നാൽ, ചോദ്യക്കടലാസ് ചോർന്നത് പരീക്ഷ സെന്ററിൽ നിന്നാണെന്ന വാദം പൂർണമായും അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. പി.എസ്.സി പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ യാതൊരു സുരക്ഷയുമില്ലാതെയാണ് സൂക്ഷിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇത് കൂടി അന്വേഷിച്ചെങ്കിൽ മാത്രമേ തട്ടിപ്പിന്റെ വിവരം പുറത്ത് വരൂ.