play-sharp-fill
യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രിയങ്ക: ലക്ഷ്യം മുസ്ലിം ബ്രാഹ്മണ വോട്ടുകളുടെ ഏകീകരണം: കുംഭമേളയിൽ ഗംഗാസ്‌നാനവുമായി രാഷ്ട്രീയ പ്രവേശം; സഖ്യസാധ്യത നില നിർത്തി പ്രിയങ്കയ്‌ക്കൊപ്പം ശിവസേനയും

യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രിയങ്ക: ലക്ഷ്യം മുസ്ലിം ബ്രാഹ്മണ വോട്ടുകളുടെ ഏകീകരണം: കുംഭമേളയിൽ ഗംഗാസ്‌നാനവുമായി രാഷ്ട്രീയ പ്രവേശം; സഖ്യസാധ്യത നില നിർത്തി പ്രിയങ്കയ്‌ക്കൊപ്പം ശിവസേനയും

സ്വന്തം ലേഖകൻ

അലഹാബാദ്: യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്കയെ മുന്നിൽ നിർത്തി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിൽ ധാരണ. ഏതുവിധേനയും യുപി പിടിച്ച് കോൺഗ്രസിന്റെ ശക്തി വർധിപ്പിക്കുന്നതിനാണ് പ്രിയങ്കയെ തന്നെ മുന്നിൽ നിർത്തി പോരാട്ടത്തിന് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
ഉത്തർപ്രദേശിലെ ബ്രാഹ്മണ – മുസ്ലീം വോട്ടുകൾ ഏകോപിപ്പിച്ച് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന പ്രിയങ്കയുടെ വരിൽ ബിജെപിക്കും ആശങ്കകൾ ഉണ്ടെന്ന് വ്യക്തതമാകുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ പ്രിയങ്കയെ ആക്രമിക്കുന്നതിനു നേതൃത്വം നൽകുകയാണ്. ഇന്ദിര ഗാന്ധിയുടെ മുഖച്ഛായയും സംസാരശൈലിയും കൈമുതലാക്കിയ പ്രിയങ്ക ഗാന്ധിക്ക് ഉത്തർ പ്രദേശിന്റെ മനസു കീഴടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇത് മുന്നിൽ കണ്ടാണ് പ്രിയങ്കയെ ഉത്തർപ്രദേശിന്റെ കിഴക്കൻ മേഖലയുടെ ചുമതല നൽകി കൊണ്ട് ജനറൽ സെക്രട്ടറിയാക്കി നിയമിച്ചത്.

പ്രിയങ്കാ ഗാന്ധി ഫെബ്രുവരി നാലിന് പുതിയ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കുഭമേളയുടെ ഭാഗമായി ഗംഗസ്സ്‌നാനം നടത്തിയ ശേഷമായിരിക്കും പ്രിയങ്ക ചുമതലയേൽക്കുക. രാഹുൽ ഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകുമെന്നാമഅ അറിയുന്നത്. പ്രയാഗ് രാജിലാണ് പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധിയും സ്‌നാനം നടത്തുക. ഇതിനായി ഇരുവരും ഫെബ്രുവരി നാലിനുള്ള മറ്റു പരിപാടികൾ ഒഴിവാക്കിയതായാണ് റിപ്പോർട്ട്. പിന്നീട് ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമുണ്ടായത്. തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേയ്ക്ക് പ്രിയങ്കാ ഗാന്ധി കടന്നുവരുന്നതായുള്ള വർഷങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് ഇപ്പോൾ പ്രിയങ്ക പാർട്ടിയുടെ ചുമതലയേൽക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തെ ബിജെപി സഖ്യകക്ഷിയായ ശിവസേന സ്വാഗതം ചെയ്തത് കോൺഗ്രസിന് നേട്ടമായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തുന്ന ജനങ്ങൾ പ്രിയങ്കയിൽ ഇന്ദിരാഗാന്ധിയെ കാണും. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകൾ പ്രിയങ്കയ്ക്കുണ്ട്. നല്ല വ്യക്തിത്വവും വോട്ടർമാരെ സ്വാധീനിക്കാനുള്ള കഴിവും അവർക്കുണ്ടെന്നുമായിരുന്നു ശിവസേന വക്താവ് മനീഷ കയാന്ദെ പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ എന്നിവ ഉൾപ്പെടുന്നതാണ് കിഴക്കൻ യു.പി. ഇവിടേക്ക് പ്രിയങ്കയെ നിയമിക്കുമ്പോൾ രണ്ട് മാസത്തേക്ക് മാത്രമല്ലെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. ഇത് കൃത്യമായ സൂചനയാണ്. ഉത്തർപ്രദേശിൽ നഷ്ടമായ പ്രതാപം തിരിച്ചു പിടിക്കുക എന്നതു തന്നെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഉത്തർ പ്രദേശിൽ തുടരും. വേണ്ടിവന്നാൽ ഉത്തർ പ്രദേശിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും പ്രിയങ്ക രംഗത്തുണ്ടാകുമെന്നാണ് സൂചന.

അഖിലേഷ് യാദവിനെയും മായാവതിയെയും നേരിട്ട് ആക്രമിക്കുന്ന ഒന്നും പ്രിയങ്കയുടെ പ്രചാരണത്തിൽ ഉണ്ടാവില്ല. പകരം മുമ്പുണ്ടായിരുന്ന ഭരണത്തെ തുറന്നുകാണിക്കും. സമാജ് വാദി പാർട്ടിക്കും, ബിഎസ്പിക്കും എതിരെ പ്രചാരണമുണ്ടാക്കും. ബിജെപിയെ മുഖ്യശത്രുവായിട്ടുള്ള പ്രചാരണ നീക്കങ്ങളാണ് പ്രിയങ്ക തയ്യാറാക്കിയത്. മോദിയും യോഗിയും ഇതുവരെ ലക്ഷ്യമിട്ടിരുന്ന ഹിന്ദു വോട്ടുബാങ്കിനെ പരമാവധി ഉപയോഗിക്കാനുറച്ചാണ് പ്രിയങ്ക എത്തുന്നത്. ഗംഗാ നദിയിൽ മുങ്ങിയാൽ പാപങ്ങളൊക്കെ കഴുകി കളഞ്ഞ് പുതിയ തുടക്കം ലഭിക്കുമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. എന്നാൽ മുമ്പ് ഇന്ദിരാ ഗാന്ധി കുംഭമേളയിൽ പങ്കെടുത്തിട്ടുണ്ട്. ഈ ചരിത്ര പശ്ചാത്തലം കൂടി മുന്നിൽ കണ്ടാണ് പ്രിയങ്കയുടെ വരവ്. ഇരുവരും തമ്മിലുള്ള സാമ്യവും പ്രിയങ്കയ്ക്ക് ഗുണം ചെയ്യും.

പ്രിയങ്കയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയും കുംഭമേളയ്‌ക്കെത്തും. ഇവിടെ സേവാദളിന്റെ നേതൃത്വത്തിൽ കോൺഗ്രസ് വൻ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. തീർത്ഥാടകർക്ക് പ്രത്യേക താമസ സൗകര്യം വരെ ഒരുക്കുന്നുണ്ട്. പ്രിയങ്ക വരുന്നതോടെ ഇവരെ കൂടി പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കും. ജനുവരി 31ന് അമേരിക്കയിൽ നിന്ന് പ്രിയങ്ക നാട്ടിലെത്തും. ഇതിന് ശേഷമാണ് കുംഭമേളയിലെ കാര്യങ്ങൾക്ക് അന്തിമ തീരുമാനമാകുക. ഹിന്ദുവികാരം പാർട്ടിക്ക് അനുകൂലമാക്കാൻ പ്രിയങ്കയുടെ കുംഭമേള സന്ദർശനത്തിന് സാധിക്കും. ഷഹി ഷാൻ(വിശുദ്ധ സ്‌നാനം) നടത്തുന്ന ഫെബ്രുവരി നാലാം തിയ്യതി കുംഭമേളയിൽ ഏറ്റവും തിരക്കേറിയ ദിവസമാണ്. 2001ൽ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പ്രിയങ്കയും ഒരുമിച്ച് കുംഭമേളയ്‌ക്കെത്തിയിരുന്നു. ഇത് മൂന്ന് വർഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഭൂരിപക്ഷ വോട്ടുകൾ കോൺഗ്രസിലേക്ക് വന്നതും ഈ സന്ദർശനത്തിന് ശേഷമാണ്.

ലഖ്‌നൗവിൽ വാർത്താസമ്മേളനത്തിലാണ് പ്രിയങ്ക തന്റെ രാഷ്ട്രീയ പ്രവേശനം വിശദീകരിക്കുക. റോബർട്ട് വധേരയ്‌ക്കെതിരായ ആരോപണങ്ങളും പ്രിയങ്കയ്ക്ക് നേരെയുണ്ടാവും. ഇതിനെ നേരിടാനാണ് പ്രിയങ്കയുടെ തീരുമാനം. എന്തുകൊണ്ട് ഇത്ര നാളും രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു എന്നതിന് ഉത്തരം നൽകാൻ പ്രിയങ്ക തയ്യാറായേക്കും. കോൺഗ്രസ് പ്രവർത്തകരും സാധാരണക്കാരും ഇക്കാര്യം കേൾക്കാനായി ആകാംക്ഷയിലാണ്. നേരത്തെ രാഹുൽ പറഞ്ഞത് കുട്ടികളെ നോക്കാനുള്ളതുകൊണ്ടാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ്.

ഹിന്ദു വോട്ടുബാങ്കാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. കിഴക്കൻ യുപിയിൽ ബിജെപിയെ മുന്നോട്ട് നയിച്ചത് ഭൂരിപക്ഷ വോട്ടുബാങ്കാണ്. കുംഭമേളയിൽ വരുന്ന വലിയൊരു വിഭാഗം തീർത്ഥാടകരും ഇവിടെ നിന്നാണ്. മുസ്ലിം അനുകൂല പാർട്ടിയാണെന്നും ഹിന്ദു വിരുദ്ധരാണെന്നുമുള്ള പ്രതിച്ഛായ പ്രിയങ്കയുടെ വരവോടെ അവസാനിപ്പിക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം. അതേസമയം പ്രിയങ്ക ബുദ്ധമതത്തിൽ വിശ്വസിക്കുന്ന നേതാവാണ്. ഇപ്പോഴത്തെ നീക്കം ഹിന്ദു വോട്ടുബാങ്കാണെന്ന കാര്യം തർക്കമില്ലാത്ത വിഷയമാണ്. രാഹുൽ ഗാന്ധി അടുത്തിടെ കോൺഗ്രസ് മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളിലെല്ലാം ക്ഷേത്ര സന്ദർശനങ്ങൾ നടത്തിയിരുന്നു. അവസാനം കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിൽ അധികാരം നേടിയതോടെ പാർട്ടിയുടെ പ്രധാന അജണ്ട മൃദു ഹിന്ദുത്വമായി മാറിയിരിക്കുകയാണ്. ഇതേ രീതി തന്നെയാണ് ഉത്തർപ്രദേശിൽ പുറത്തെടുക്കുന്നത്. പ്രിയങ്കയുടെ പ്രതിച്ഛായ ഹിന്ദു വോട്ടർമാരെ സ്വാധീനിക്കാൻ ശക്തിയുള്ളതാണെന്ന് രാഹുൽ കരുതുന്നുണ്ട്. ഇതിനനുസരിച്ചാണ് പ്രിയങ്ക തന്റെ കാഴ്ച്ചപ്പാട് മാറ്റിയത്.

പ്രിയങ്കയുടെ വരവ് പ്രവർത്തകരെ അറിയിക്കാൻ പടുകൂറ്റൻ റാലിയാണ് കോൺഗ്രസ് ഒരുക്കുന്നത്. ഇതിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രിയങ്ക സംസാരിക്കും. രാഹുലും ഈ റാലിക്കെത്തും. തന്റെ രാഷ്ട്രീയ നയം ഇതിൽ പ്രഖ്യാപിക്കാനാണ് പ്രിയങ്കയുടെ തീരുമാനം. കഴിഞ്ഞ തവണ ബിജെപി മോശം പ്രകടനം നടത്തിയ മണ്ഡലങ്ങളിൽ നിന്ന് പ്രചാരണം ആരംഭിക്കാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ഇവിടെ വിജയസാധ്യത കൂടുതലാണെന്ന് പ്രിയങ്ക നേരത്തെ തന്നെ പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്.