video
play-sharp-fill
പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കണം; നിയമന നടപടി ചോദ്യം ചെയ്ത ഹര്‍ജി കോടതിയില്‍

പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കണം; നിയമന നടപടി ചോദ്യം ചെയ്ത ഹര്‍ജി കോടതിയില്‍

കണ്ണൂര്‍ സര്‍വകലാശാല മലയാളം വിഭാഗം അസോസിയേറ്റ് പ്രഫസര്‍ നിയമന നടപടികള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളേജ് മലയാളം അധ്യാപകന്‍ ജോസഫ് സ്‌കറിയ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. നിയമന നടപടികള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് നേരത്തെ സ്റ്റേ ചെയ്തിരുന്നു.
പ്രിയ വര്‍ഗീസിന് മാനദണ്ഡ പ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും, ഗവേഷണത്തിന് പോയ കാലയളവ് അധ്യാപന കാലമായി പരിഗണിക്കാനാകില്ലെന്നും യു.ജി.സി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പ്രിയാ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയില്‍ പ്രതികരിച്ച് ജോസഫ് സ്‌കറിയ രംഗത്തെത്തിയിരുന്നു. ഹൈക്കോടതി നടപടിയില്‍ സന്തോഷമുണ്ട്. ഒരു ഉദ്യോഗാര്‍ത്ഥി എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന കിട്ടാതെ വന്നതുകൊണ്ടാണ് താന്‍ പ്രതികരിച്ചത്. മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ആരും തന്റെ എതിരാളികളല്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ പത്നിയായ പ്രിയയുടെ നിയമനം വൻ വിവാദമുയർത്തിയിരുന്നു.