ഇടവഴിയിലൂടെ സ്വകാര്യ ബസിന്റെ മരണപാച്ചിൽ; കടുത്തുരുത്തിയിൽ ബസിന്റെ പിന്‍ചക്രം കാലിൽ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖിക
കടുത്തുരുത്തി: ബസിന്റെ പരക്കം പാച്ചിലിനിടെ ബസില്‍ കയറാനെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ കാല്പാദത്തിലൂടെ സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി.
കാല്പാദം ഒടിഞ്ഞുനുറുങ്ങിയ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കോതനല്ലൂര്‍ ഇമ്മാനുവല്‍സ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇരവിമംഗലം പുല്ലുകാലായില്‍ ബിസ്റ്റി ബിജു (17) വിനാണ് പരിക്കേറ്റത്. പെണ്‍കുട്ടിയുടെ പിതാവിന്റെ കണ്മുന്നിലാണ് ഈ ദാരുണ സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ ഒൻപതോടെ കുറുപ്പന്തറ റെയില്‍വേ ഗേറ്റിന് സമീപമാണ് അപകടം. റെയില്‍വേ ഗേറ്റ് അടച്ചതോടെ ഇടവഴിയിലൂടെ പോകാനുള്ള ബസിന്റെ പരക്കം പാച്ചിലിനിടെയാണ് അപകടം. കോട്ടയം – ആയാംകുടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിഎം ട്രാവല്‍സ് ബസാണ് അപകടമുണ്ടാക്കിയത്.
ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ അതിരമ്പുഴ ചലമ്പറക്കുന്നേല് അഭിജിത്ത് മുരളി (28)യെ പൊലീസ് അറസ്റ്റ് ചെയ്തു.
മണ്ണാറപ്പാറ ജംഗ്ഷനില്‍നിന്നു പതിവായി ഈ ബസിലാണ് കുട്ടി സ്കൂളിലേക്കു പോയിരുന്നത്. ഇന്നലെ രാവിലെ പിതാവ് ബിജു ജോസഫിനൊപ്പം ബൈക്കിലെത്തിയെങ്കിലും സ്റ്റോപ്പില്‍ നിന്നും ബസ് മുന്നോട്ട് പോയിരുന്നു. ഇതോടെ ബിജു മകളെ ബസില്‍ കയറ്റി വിടുന്നതിനായി ബൈക്കില്‍തന്നെ മുന്നോട്ടു പോവുകയായിരുന്നു. ഈ സമയം മുൻപിലുണ്ടായിരുന്ന ബസ് റെയില്‍വേ ഗേറ്റ് അടച്ചിരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഇടവഴി കയറി പോകുന്നതിനായി തിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.
ബസിന്റെ മുന്നിലൂടെയെത്തി ഡ്രൈവറെ കൈ കാണിച്ച ശേഷം വാതിലിന്റെ വശത്തേക്കു ബൈക്കുമായെത്തുകയായിരുന്നുവെന്ന് ബിജു പറഞ്ഞു. ബൈക്ക് നിര്‍ത്തി ബിസ്റ്റി ഇറങ്ങുമ്പോള്‍ മുന്നോട്ടെടുത്ത ബസ് ബൈക്കിന്റെ പിറകില്‍ ഇടിച്ചതോടെ ബിജു തെറിച്ചുവീഴുകയും ബസില്‍ കയറാനായി നിന്ന ബിസ്റ്റിയൂടെ ഇടതുകാല്പാദത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയുമായിരുന്നു. ബിജുവും അപകടം കണ്ട യാത്രക്കാരും ഒച്ചവച്ചാണ് ബസ് നിര്‍ത്തിച്ചത്. തുടര്‍ന്ന് ആംബുലന്‍സില്‍ ബിസ്റ്റിയെ മെഡിക്കല്‍ കോളജ് എത്തിക്കുകയായിരുന്നു.