രണ്ടെണ്ണം അടിക്കാതെ ചോറിറങ്ങില്ല! യാത്രക്കാരുടെ ജീവൻ പണയം വെച്ച് സ്വകാര്യ ബസ് ഡ്രൈവർമാർ ; മദ്യപിച്ച് ലക്ക് കെട്ട് കോട്ടയം പാലാ റൂട്ടിൽ ബസ്സ് ഓടിച്ച ഡ്രൈവറെ കയ്യോടെ പൊക്കി ട്രാഫിക് പോലീസ് ; പിടിയിലായത് സെന്റ് ജോസഫ് ബസിന്റെ ഡ്രൈവർ ശ്രീകാന്ത്
സ്വന്തം ലേഖകൻ
കോട്ടയം : യാത്രക്കാരുടെ ജീവനെന്താ പുല്ലുവിലയോ?
എന്നാൽ അങ്ങനെയാണ് കോട്ടയം പാലാ റൂട്ടിലോടുന്ന ചില സ്വകാര്യബസ് ഡ്രൈവർമാർക്ക്.
മദ്യപിച്ച് ലക്ക്കെട്ട് യാത്രക്കാരുടെ ജീവനും പണയം വെച്ച് കോട്ടയം പാലാ റൂട്ടിൽ
സർവീസ് നടത്തിയ സെന്റ് ജോസഫ് ബസ്സിന്റെ ഡ്രൈവറെ ട്രാഫിക് പോലീസ് കയ്യോടെ പിടികൂടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് ഡ്രൈവറായ കിടങ്ങൂർ ശ്രീജാ ഭവനിൽ ശ്രീകാന്ത് ജി നായരെയാണ് ട്രാഫിക് എസ്എച്ച്ഒ ഹരിഹരകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ശാസ്ത്രീ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് ബസ് ഡ്രൈവർ പിടിയിലായത്. നഗരത്തിൽ സർവ്വീസ് നടത്തുന്ന പല ബസ്സുകളിലെയും ഡ്രൈവർമാർ മദ്യപിച്ചാണ് ബസ് ഓടിക്കുന്നതെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ഉച്ചയ്ക്ക് ഊണ് കഴിക്കാനായി നാഗമ്പടം സ്റ്റാൻഡിൽ എത്തുന്ന ബസ്സുകളിലെ ചില ഡ്രൈവർമാർ നേരെ പോകുന്നത് തൊട്ടടുത്തുള്ള ബിവറേജിലേക്കാണ്.
രണ്ടെണ്ണം അടിക്കാതെ ഇവർക്ക് ചോറിറങ്ങില്ലന്ന് ജീവനക്കാർ തന്നെ രഹസ്യമായി സമ്മതിക്കുന്നു… ബീവറേജിൽ ക്യൂ നിന്ന് കുപ്പിയുമായി തിരിച്ചെത്തും.. പിന്നീടങ്ങോട്ട് മദ്യലഹരിയിലാണ് ഇവരുടെ ഡ്രൈവിംഗ്. പലപ്പോഴും യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ബസ് ഓടിക്കുന്നത്. ഇത്തരത്തിൽ ഓടിക്കുന്ന ബസ് അപകടത്തിൽ പെടുന്നതും പതിവാണ്. നഗരത്തിൽ കഴിഞ്ഞ ആഴ്ചയും അമിത വേഗതയിൽ പാഞ്ഞ സ്വകാര്യ ബസ് പൊലീസ് പിടികൂടിയിരുന്നു.
യാത്രക്കാരുടെ ജീവനും കയ്യിൽപിടിച്ച് നിയമം ലംഘിച്ച്
വാഹനമോടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പരിശോധന കർശനമാക്കുമെന്നും ട്രാഫിക്ക് എസ്എച്ച്ഒ ഹരിഹരകുമാർ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.