കൊട്ടിയൂരിലെ വൈദികന്റെ പീഡനം: ഇന്ന് കോടതി വിധി പറയും; സഭ വീണ്ടും പ്രതിസന്ധിയിൽ

കൊട്ടിയൂരിലെ വൈദികന്റെ പീഡനം: ഇന്ന് കോടതി വിധി പറയും; സഭ വീണ്ടും പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ

തലശ്ശേരി: ബിഷപ്പ് ഫ്രാങ്കോക്കേസിൽ പ്രതിസന്ധിയിലായ സഭയ്ക്ക് ഇരട്ടിപ്രഹരമായി കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ കോടതി ഇന്ന് വിധി പറയും. അഢീഷനൽ സെഷൻസ് കോടതിയാണ് വിധി പറയുക ഫാ. റോബിൻ വടക്കുംചേരി (49)യാണു മുഖ്യ പ്രതി. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിൽ വച്ച് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു.
നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്കു മാറ്റുന്നതിനു ഗൂഢാലോചന നടത്തുകയും കാറിൽ കുട്ടിയെ കടത്തിക്കൊണ്ടു പോകുകയും ചെയ്ത കൊട്ടിയൂർ നെല്ലിയാനി വീട്ടിൽ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ അനീറ്റ, സിസ്റ്റർ ഒഫീലിയ മാത്യു, വയനാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം, മുൻ അംഗം സിസ്റ്റർ ബെറ്റി ജോസഫ് എന്നിവരാണു മറ്റു പ്രതികൾ.
ആശുപത്രിയിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടർമാരും ആശുപത്രി അഡ്മിനിസ്ട്രേറ്ററും കേസിൽ പ്രതികളായിരുന്നുവെങ്കിലും ഇവർ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയും മാതാപിതാക്കളും കേസ് വിചാരണവേളയിൽ കൂറുമാറിയിരുന്നു.
സഹോദരനോടൊപ്പം പള്ളിയിൽ പോയപ്പോഴാണ് പെൺകുട്ടിയെ ഫാദർ റോബിൻ പീഡിപ്പിച്ചത്. സഹോദരൻ പള്ളിയിൽ നിന്നും നേരത്തെ പോയപ്പോൾ മഴകുറയാൻ കാത്തുനിന്ന പെൺകുട്ടിയെ കംപ്യൂട്ടർ നന്നാക്കാൻ സഹായിക്കാൻ എന്ന വ്യാജേന ഫാദർ റോബിൻ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. ഇവിടെവെച്ച് കുട്ടി പീഡിപ്പിക്കപ്പെട്ടു. സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ വച്ച് കുട്ടിയുടെ പ്രസവം നടത്താമെന്നും പ്രസവത്തിന് ശേഷം കുഞ്ഞിനെ സഭയുടെ കീഴിലുള്ള ഏതെങ്കിലും അനാഥാലയത്തിലേക്ക് മാറ്റാമെന്നും റോബിൻ വടക്കുംചേരി മാതാപിതാക്കളോട് പറഞ്ഞു.
പ്രസവാനന്തരം പെൺകുട്ടിയുടേയും കുടുബത്തിന്റേയും മുൻപോട്ടുള്ള ജീവിതത്തിന് വലിയൊരു തുകയും അയാൾ വാഗ്ദാനം ചെയ്തു. എന്നാൽ എല്ലാം പുറത്തെത്തിയതോടെ വടക്കുംചേരി കുടുങ്ങുകയായിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളിൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ചൈൽഡ് ലൈനിന് ലഭിച്ചു. ചൈൽഡ് ലൈൻ വിവരം പൊലീസിനെ അറിയിച്ചു.
പെൺകുട്ടിയെ കൗൺസിംലിഗിനെ വിധേയയാക്കി, താൻ പീഡനത്തിനിരയായെന്നും പ്രസവിച്ചെന്നുമുള്ള കാര്യങ്ങൾ അവൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ആരായിരുന്നു പീഡിപ്പിച്ചതെന്ന ചോദ്യത്തിന് പക്ഷേ അവൾ നൽകിയ മറുപടി സ്വന്തം അച്ഛന്റെ പേരായിരുന്നു. തുടർന്ന് പൊലീസ് പിതാവിനെ ചോദ്യം ചെയ്തു. മകളെ പീഡിപ്പിച്ചതും ഗർഭിണിയാക്കിയതും താനാണെന്ന് ആ പിതാവ് പൊലീസിനോട് തുറന്ന് സമ്മതിച്ചു. ഇതെല്ലാം കള്ളമായിരുന്നുവെന്ന് ഡി എൻ എ പരിശോധനയിലൂടെയും തെളിഞ്ഞു. കൊട്ടിയൂർ നീണ്ടുനോക്കി പള്ളി വികാരിയായിരുന്നു ഫാദർ റോബിൻ വടക്കുംചേരി. കുട്ടികൾക്കെതിരായ അക്രമം തടയുന്നതുമായി ബന്ധപ്പെട്ട ‘പോക്സോ’ എന്ന വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.