സംസ്ഥാനത്ത് സി.ഐമാർക്ക് കൂട്ട സ്ഥലം മാറ്റം: ഒറ്റ ദിവസം സ്ഥലം മാറ്റിയത് 167 സിഐമാരെ; കോട്ടയത്ത് എട്ട് സിഐമാർക്ക് മാറ്റം
സ്വന്തം ലേഖകൻ
കോട്ടയം: തിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന പ്രഖ്യാപനവുമായി സംസ്ഥാനത്തെ 167 പൊലീസ് ഉദ്യോഗസ്ഥരെ ഒറ്റ രാത്രിയിൽ സ്ഥലം മാറ്റി. കോട്ടയം ജില്ലയിൽ മാത്രം 8 സിഐമാരെയാണ് മാറ്റിയിരിക്കുന്നത്. കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, പാലാ, എരുമേലി, പാമ്പാടി, കാഞ്ഞിരപ്പള്ളി, രാമപുരം, പൊൻകുന്നം സിഐമാർക്കാണ് മാറ്റമുണ്ടായിരിക്കുന്നത്.
ഏറ്റുമാനൂർ സിഐ എ.ജെ തോമസ് കോട്ടയം വിജിലൻസ് എ.ആർ യൂണിറ്റിലേയ്ക്ക് മാറിയപ്പോൾ, ഇവിടെ പകരമെത്തുന്നത് കൊല്ലം ഈസ്റ്റ് സിഐ ആയിരുന്ന എസ്.മഞ്ജുലാലാണ്. നിലവിൽ കോട്ടയം വിജിലൻസ് യൂണിറ്റിലെ സി.ഐ ആയ ബാബു സെബാസ്റ്റിയന് മാറ്റം ആലപ്പുഴയിലെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേയ്ക്കാണ്.
പൊൻകുന്നം സി.ഐ കെ.ആർ മോഹൻദാസ് ആലപ്പുഴയിലെ ചെങ്ങന്നൂരിലേയ്ക്ക് മാറുമ്പോൾ പകരം തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ എ.അജിചന്ദ്രൻ നായർക്കാണ് പൊൻകുന്നത്തിന്റെ ചുമതല. കാഞ്ഞിരപ്പള്ളി സി.ഐ ഷാജു ജോസിനെ ഇടുക്കി കാളിയാറിലേയ്ക്ക് മാറ്റിയപ്പോൾ പകരമെത്തുന്നത് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെ സി.ഐ ഇ.കെ സോൾജിമോനാണ്. പാമ്പാടി സി.ഐ യു.ശ്രീജിത്ത് പത്തനംതിട്ടയിലെ കീഴ് വായ്പ്പൂരിലേയ്ക്ക് മാറുമ്പോൾ, പകരം ഇവിടെ നിന്നും കെ.സലിം പാമ്പാടിയിൽ എത്തും.
പാലാ സി.ഐ രാജൻ കെ. അരമന ഇടുക്കിയിലേയ്ക്കും, ഇവിടെ നിന്ന് വർഗീസ് അലക്സാണ്ടർ പാലായിലേയ്ക്കും എത്തും. കോട്ടയം വെസ്റ്റ് സി.ഐ നിർമ്മൽ ബോസിനെ മൂവാറ്റുപുഴയ്ക്കും ഇവിടെ നിന്ന് സി.ജയകുമാറിനെ വെസ്റ്റ്ലിയേക്കുമാണ സ്ഥലം മാറ്റിയിരിക്കുന്നത്. കാലടി സി.ഐ സജി മാർക്കോസ് രാമപുരം പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റം വാങ്ങിയെത്തുമ്പോൾ, രാമപുരത്ത് നിലവിലുള്ള സി.ഐ ജോയ് മാത്യുവിന് കൊച്ചി സിറ്റിയിലെ പള്ളാത്തുരുത്തി സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റം. എരുമേലി സിഐ ടി.ഡി സുനിൽ കുമാറിനെ എറണാകുളം റൂറലിലെ വടക്കേക്കര പൊലീസ് സ്റ്റേഷനിലേയ്ക്കു പോകുമ്പോൾ ആലപ്പുഴ മാവേലിക്കര സി.ഐ ആയിരുന്ന വി.പി മോഹൻലാലാണ് എരുമേലിയിൽ എത്തുന്നത്. കടുത്തുരുത്തി സി.ഐ കെ.എസ് ജയനെ എറണാകുളം റൂറലിലെ പിറവേത്തയ്ക്കാണ് സ്ഥലം മാറ്റിയത്. പിറവത്തു നിന്നും പി.കെ ശിവൻകുട്ടിയാണ് കടുത്തുരുത്തിയിൽ സിഐ ആയി എത്തുന്നത്.