
പ്രീ വെഡ്ഡിംഗ് ഷൂട്ടിംഗിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിനും ദാരുണാന്ത്യം ; പങ്കാളികൾക്ക് ദാരുണാന്ത്യം സംഭവിച്ചത് വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ
സ്വന്തം ലേഖകൻ
മൈസൂരു: കാവേരി നദിയിൽ പ്രീ വെഡ്ഡിംഗ് ഷൂട്ടിങ്ങിനിടെ കുട്ടവഞ്ചി മറിഞ്ഞ് യുവാവിനും പ്രതിശ്രുതവധുവിനും ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് കുട്ടവഞ്ചി മറിഞ്ഞ് മരിച്ചത്.
ഇരുവരുടെയും വിവാഹം നവംബർ 22നാണ് നിശ്ചയിച്ചിരിക്കുന്നത്.കഴിഞ്ഞദിവസം ബന്ധുക്കൾക്കൊപ്പമാണ് ഇവർ ടൂറിസ്റ്റ് കേന്ദ്രമായ തലക്കാട് എത്തിയത്. കാവേരി നദിയിൽ യാത്രയ്ക്കായി ഒരു ബോട്ട് ആവശ്യപ്പെട്ട് ഇവിടെ ഒരു റസോർട്ടിനെ സമീപിച്ചെങ്കിലും ബോട്ടുകൾ താമസക്കാർക്ക് മാത്രമെ നൽകു എന്നിവർ അറിയിച്ചതിനെ തുടർന്നാണ് കുട്ടവഞ്ചി തെരഞ്ഞെടുത്തതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബവുമൊത്ത് ആദ്യം നദി കടന്നെങ്കിലും ചന്ദ്രുവും ശശികലയും ഒരുതവണ കൂടി നദിയിൽ സഞ്ചരിക്കാനിറങ്ങുകയായിരുന്നു. കുടുംബാംഗങ്ങൾ ഇരുവരുടെയും ചിത്രങ്ങളും പകർത്താൻ തുടങ്ങി. കരയിൽ നിന്നും 1015 മീറ്റർ ദൂരത്തെത്തിയപ്പോൾ ഫോട്ടോ എടുക്കുന്നതിനായി യുവാവ് വഞ്ചിക്കുള്ളിൽ എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു.
ഇതോടെ വഞ്ചിയുടെ നില തെറ്റുകയും അത് മറിയുകയും ആയിരുന്നു. നീന്തൽ വശമില്ലാത്ത യുവാവും യുവതിയും മുങ്ങിത്താഴുകയായിരുന്നു. എന്നാൽ ഇവരോടൊപ്പം വഞ്ചി തുഴഞ്ഞിരുന്നയാൾ നീന്തി കരയ്ക്കു കയറുകയും ചെയ്തു.അഗ്നിരക്ഷാ സേന സ്ഥലത്തെത്തി നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
കാവേരി നദിയിലെ കുട്ടവഞ്ചി സഞ്ചാരം സംബന്ധിച്ച് പൊലീസ് പലതവണ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകുകയും ഇതിന് പുറമെ പലസ്ഥലങ്ങളിലും ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.