
ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടർ
സ്വന്തംലേഖകൻ
കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കോട്ടയം ജില്ലയില്‍ പുരോഗമിച്ചുവരുന്നതായി ജില്ലാ കളക്ടർ സുധീർ ബാബു അറിയിച്ചു.
ജില്ലയിലെ എല്ലാ പോളിംഗ് സ്‌റ്റേഷനുകളും സെക്ടറല്‍ ഓഫീസര്‍മാരും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരും നേരിട്ട് പരിശോധന പൂര്‍ത്തീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയും പൂര്‍ത്തിയാക്കി. മെഷീനുകളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ മാര്‍ച്ച് 25ന് നടന്നു. വോട്ടിംഗ് മെഷീനുകള്‍ മാര്‍ച്ച് 30ന് അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.
വോട്ടിംഗ് യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ഏപ്രില്‍ പത്തിന് കളക്ട്രേറ്റിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററില്‍ നടക്കും. മെഷീനുകളുടെ കമ്മീഷനിംഗ് ഏപ്രില്‍ 11ന് അതത് വിതരണ കേന്ദ്രങ്ങളിലാണ്.
റിസര്‍വ് പട്ടികയിലുള്‍പ്പെടെ പോളിംഗ് ജോലികള്‍ക്ക് 8140 പേരുടെ സേവനം ആവശ്യമുണ്ട്. അതത് ലോക്‌സഭാ മണ്ഡലത്തിലുള്ള ഓഫീസര്‍മാര്‍ക്ക് അവര്‍ നിയോഗിക്കപ്പെടുന്ന പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ ആദ്യവാരം നടത്താന്‍ ഉദ്ദേശിക്കുന്നു. രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ ഏഴു മുതല്‍ 15 വരെയാണ്.
എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും റാംപ്, കുടിവെള്ളം, ടോയ്‌ലെറ്റ്, വൈദ്യുതി തുടങ്ങിയ അവശ്യ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല.
ഭിന്നശേഷി വിഭാഗത്തില്‍പെടുന്ന 5435 വോട്ടര്‍മാരെ കണ്ടെത്തുകയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഇവരുടെ മാപ്പിംഗ് നടത്തുകയും ചെയ്തു. ഇവരെ പോളിംഗ് ബൂത്തുകളില്‍ എത്തിക്കുന്നതിന് വിവിധ കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരെ ചുമതലപ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായുള്ള വാഹനങ്ങള്‍ ഇതിനായി ലഭ്യമാക്കും.
ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നിയമസഭാ നിയോജക മണ്ഡലം തലത്തിലെ ഏകോപനത്തിന് പ്രത്യേക സംഘങ്ങളുണ്ട്.
മഹാത്മഗാന്ധി സര്‍വകലാശാലയും വിവിധ കോളേജുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകളും ഇതുമായി സഹകരിക്കുന്നു. പോളിംഗ് സ്‌റ്റേഷന്‍ തലത്തിലുള്ള ഭിന്നശേഷി വോട്ടര്‍മാരുടെ പട്ടിക ബി.എല്‍.ഒമാര്‍ക്ക് കൈമാറിയിട്ടുണ്ട്.
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകളുടെ കൃത്യമായ അക്കൗണ്ടിംഗിനും ഷാഡോ ഒബ്‌സര്‍വേഷന്‍ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി കോട്ടയം ലോക്‌സഭാ മണ്ഡലത്തിലേക്ക് ഒന്നും നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒന്‍പതും അസിസ്റ്റന്റ് എക്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ആദായനികുതി, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരും അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ളവരുമാണ് ഇതിലുള്ളത്.
ജില്ലയില്‍ ആകെ 18 വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഒരു ഓഫീസറും ഒരു അസിസ്റ്റന്റ് ഓഫീസറും വീഡിയോ ഗ്രാഫറും ഉള്‍പ്പെടുന്നതാണ് ഈ ടീമുകള്‍. ഇവര്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ ചിത്രീകരിക്കും. ഇവര്‍ വീഡിയോകളും ക്യൂ ഷീറ്റും വീഡിയോ വ്യൂവിംഗ് ടീമിന് കൈമാറും. സ്‌ക്വാഡ് അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.
വീഡിയോ സര്‍വൈലന്‍സ് ടീം സമാഹരിക്കുന്ന വീഡിയോകള്‍ കാണുന്നതിന് എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വീഡിയോ വ്യൂവിംഗ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവും ഇവര്‍ നിരീക്ഷിക്കും. അസിസ്റ്റ്ന്റ് എക്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ സഹായിക്കുന്നതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അക്കൗണ്ടസ് ടീം സജ്ജമാക്കിയിട്ടുണ്ട്.
പരാതി പരിഹാരത്തിനുള്ള കണ്‍ട്രോള്‍ റും കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 1950 എന്ന ടോള്‍ഫ്രീ നമ്പരില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.
പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചെയര്‍മാനായി മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. മാധ്യമ നിരീക്ഷണത്തിനായി എം.സി.എം.സി സെല്ലും കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.
എല്ലാ നിസമസഭാ മണ്ഡലങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് മൂന്നുവീതം ഫ്‌ളയിംഗ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലേക്ക് അനധികൃതമായി മദ്യവും പണവും ആയുധങ്ങളും പാരിതോഷികങ്ങളും കടത്തിക്കൊണ്ടുവരുന്നത് തടയുന്നതിന് ജില്ലാ അതിര്‍ത്തികളില്‍ സ്റ്റാറ്റിക് സര്‍വൈലൈന്‍സ് ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ആകെ 27 സ്‌ക്വാഡുകളുണ്ട്.
അനധികൃത മദ്യനിര്‍മാണവും വിതരണവും തടയുന്നതിന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ലിക്വര്‍ മോണിട്ടറിംഗ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ബോധവത്കരണ പരിപാടിയായ സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്റെ ഭാഗമായി വോട്ടോറിക്ഷ, തെരുവുനാടകം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിവിപാറ്റ് പ്രചാരണം, സെലിബ്രിറ്റി കാമ്പയിന്‍ എന്നിവ നടന്നുവരുന്നു. വിവിധ തലങ്ങളിലായി 161 പരിശീലകര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.
പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായി നിയമസഭാ മണ്ഡലം തലത്തില്‍ റൂട്ട് ചാര്‍ട്ട് തയ്യാറാക്കും. ലോക്‌സഭാ മണ്ഡലത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ച ഏകദേശ രൂപരേഖയായിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ സി.വിജിലില്‍ 179 പരാതികള്‍ ലഭിച്ചു.
ഈ പോസ്റ്റിംഗ് സംവിധാനത്തിലൂടെ പോളിംഗ് ജോലികള്‍ക്ക് നിയോഗിക്കുന്നതിനായി ഇരുപതിനായിരം ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റിംഗ് ഓര്‍ഡറുകള്‍ മാര്‍ച്ച് 29ന് മുന്‍പ് കൈമാറും. പരിശീലനം ഏപ്രില്‍ ആദ്യ വാരം നടക്കും.
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ രണ്ടു യോഗങ്ങള്‍ നടന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ജില്ലയിലെ തോക്ക് ലൈസന്‍സുകള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ ഉറപ്പാക്കുന്നതിന് ജില്ലാതല എം.സി.സി ടീം രൂപീകരിച്ചു. പെരുമാറ്റച്ചട്ട ലംഘനവും ഡീഫേസ്‌മെന്റും നീരീക്ഷിക്കുന്നതിന് 18 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുവരെ 26533 ഡീഫേസ്‌മെന്റുകള്‍ നീക്കം ചെയ്തു.