
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 63 പവന്‍ സ്വര്‍ണം
സ്വന്തംലേഖകൻ
കോട്ടയം : മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി 510 ഗ്രാം (63.75 പവന്‍) സ്വര്‍ണം ലഭിച്ചു. അറുപത് പേരില്‍ നിന്നുള്ള സ്വര്‍ണമാണിത്. കുഞ്ഞുങ്ങളുടെ വളകള്‍ മുതല്‍ സ്വര്‍ണനാണയങ്ങള്‍ വരെയുണ്ട് ഇതില്‍. 50 പവനും നല്‍കിയത് ദമ്പതിമാരാണ്. എറണാകുളം സ്വദേശിയായ സ്ത്രീ ആറുപവന്റെ നെക്ലേസ് നല്‍കി. ശേഷിക്കുന്നതൊക്കെ ചെറിയ അളവിലുള്ള സംഭാവനകളാണ്.ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന സ്വര്‍ണത്തിന്റെ ഗുണവും വിലയും കണക്കാക്കി ലേലം ചെയ്യുകയാണ് പതിവ്. ഏകദേശം 14 ലക്ഷം രൂപയാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. സാധാരണയായി ബാങ്കുകളാണ് ഇവ വാങ്ങുക. സുനാമി ദുരന്തകാലത്ത് ലഭിച്ച സ്വര്‍ണവും ബാങ്കുകളാണ് വാങ്ങിയതെന്ന് ധനവകുപ്പ് വക്താവ് അറിയിച്ചു. സ്വര്‍ണത്തിന്റെ ഗുണവും കിട്ടാവുന്ന വിലയും കണക്കാക്കുന്നതിന് കെ.എസ്.എഫ്.ഇ.യിലെ ഗോള്‍ഡ് അപ്രൈസറെ നിയോഗിച്ചിരുന്നു. 916 കാരറ്റ് ശുദ്ധിയുള്ള 308.3 ഗ്രാം സ്വര്‍ണം കൂട്ടത്തിലുണ്ട്. 1197.7 ഗ്രാം 22 കാരറ്റാണ്. 4.3 ഗ്രാം സ്വര്‍ണം 20 കാരറ്റും. ഇവ വിറ്റതിനുശേഷം ആ വിലയ്ക്കുള്ള രസീത് സംഭാവന ചെയ്തവര്‍ക്കു നല്‍കുമെന്നും ധനവകുപ്പ് വ്യക്തമാക്കി.