പത്തനംതിട്ട പിടിക്കാൻ ബിജെപി ഇറക്കുന്നത് പ്രയാർ ഗോപാലകൃഷ്ണനെ
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ട പിടിക്കാൻ ബി. ജെ. പി. പല മുഖങ്ങളും കയറിയിറങ്ങിയ ശേഷം അവസാനം ബിജെപി കണ്ടെത്തിയത്് പ്രയാർ ഗോപാലകൃഷ്ണനെ. ബി. ജെ. പിക്ക് അവതരിപ്പിക്കാൻ പറ്റിയ ഒരു മുഖമാണ് കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും ദീർഘകാലം മിൽമയുടെ ചെയർമാനുമായിരുന്ന പ്രയാറിനുള്ളത്. ചിലർ പ്രയാറിനെ കണ്ട് സംസാരം തുടങ്ങിക്കഴിഞ്ഞെങ്കിലും യെസ് എന്നോ നോ എന്നോ പറയാതെ ഒളിച്ചു കളിക്കുകയാണ് പ്രയാർ.
യു. ഡി. എഫിന്റെ സ്ഥാനാർത്ഥി ഇത്തവണയും ആന്റോ ആന്റണി തന്നെയാകാനാണ് സാദ്ധ്യത കൂടുതൽ. അതു കൊണ്ടു തന്നെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകാമെന്ന് പ്രയാർ കണക്ക് കൂട്ടുന്നില്ല. ഒരു ചാൻസെടുത്ത് ബി. ജെ. പിയുടെ സ്ഥാനാർത്ഥിയായാലുള്ള സാദ്ധ്യതകളെക്കുറിച്ച് അദ്ദേഹം പഠിച്ചു വരികയാണ്. അതു കൊണ്ടാണ് വരുമെന്നോ ഇല്ലെന്നോ പറയാതെ പ്രയാർ കളിക്കുന്നത്. ചില പാർട്ടികളിൽ നിന്ന് ഇനിയും ചിലർ ബി. ജെ. പിയിലേക്ക് വരുമെന്ന് പി. എസ് ശ്രീധരൻ പിള്ള പറയുന്നത് പ്രയാറിനെക്കുടി ചൂണ്ടിക്കൊണ്ടാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട മണ്ഡലം നിലവിൽ വന്നത് 2009ലാണ്. അതിന് മുമ്പ് അത് അടൂർ മണ്ഡലമായിരുന്നു. അടൂർ മണ്ഡലത്തിന്റെ ഭൂരിപക്ഷം പ്രദേശവും ഇപ്പോഴത്തെ പത്തനംതിട്ട മണ്ഡലത്തിൽ ഉൾപ്പെടുന്നു. അടൂർ മണ്ഡലം നിലവിൽ വരുന്നത് 1967ലാണ്. അന്നും 1971, 1977 എന്നീ വർഷങ്ങളിലും സി. പി. ഐയാണ് ജയിച്ചത്. പിന്നീട് രണ്ട് തവണ മാത്രമാണ് സി. പി. ഐ അവിടെ നിന്ന് ജയിച്ചിട്ടുള്ളത്. കോൺഗ്രസിൽ നിന്ന് ഫിലിപ്പോസ് തോമസിനെ അടർത്തിയെടുത്ത് സ്ഥാനാർത്ഥിയാക്കിയെങ്കിലും ആന്റോ ആന്റണിയെ വീഴ്ത്താനായില്ല. എൽ. ഡി. എഫ് വോട്ടർമാരിൽ വിള്ളലുണ്ടാക്കാൻ ബി. ജെ. പിക്ക് കഴിയില്ല. എന്നാൽ കോൺഗ്രസ് വോട്ട് മറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടേണ്ടി വരില്ലെന്ന് ബി. ജെ. പി നേതൃത്വം പറയുന്നു. ശബരിമല സമരം കൂടിയാകുമ്പോൾ കാര്യങ്ങൾ എളുപ്പമുള്ളതാക്കുമെന്നാണ് അവരുടെ വിലയിരുത്തൽ.