ചെസ് ലോക ചാമ്പ്യനെ കീഴടക്കി പ്രഗ്നാനന്ദ; റാങ്കിങ്ങില്‍ ആനന്ദിനെ മറികടന്ന് ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമത്

Spread the love

സ്വന്തം ലേഖിക

 

ടാറ്റ സ്റ്റീല്‍ ചെസ് ടൂര്‍ണമെന്റില്‍ ചൈനയുടെ ലോക ചെസ് ചാമ്ബ്യന്‍ ഡിങ് ലിറനെ പരാജയപ്പെടുത്തി യുവതാരം ആര്‍ പ്രഗ്നാനന്ദ.

 

വിജയത്തോടെ ചെസില്‍ ഏറ്റവും മികച്ച റേറ്റിങ്ങുള്ള ഇന്ത്യന്‍ താരമാകാനും പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. അഞ്ച് തവണ ലോക ചാമ്ബ്യനായ വിശ്വനാഥന്‍ ആനന്ദിനെയാണ് 18കാരന്‍ മറികടന്നത്. പ്രഗ്നാനന്ദയ്ക്ക് 2748.3 പോയിന്റാണ് നിലവിലുള്ളത്, ആനന്ദിന് 2748 പോയിന്റും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

62 നീക്കത്തിനൊടുവിലായിരുന്നു പ്രഗ്നാനന്ദയുടെ വിജയം. നിലവിലെ ലോക ചാമ്ബ്യനെ കീഴടക്കുന്ന രണ്ടാമത്ത ഇന്ത്യന്‍ താരമെന്ന നേട്ടവും ജയത്തോടെ പ്രഗ്നാനന്ദ സ്വന്തമാക്കി. വിജയത്തിന് ശേഷം സന്തോഷമുണ്ടെന്നായിരുന്നു പ്രഗ്നാനന്ദയുടെ പ്രതികരണം. മാസ്റ്റേഴ്സ് ഇവന്റില്‍ 2.5 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് താരമിപ്പോള്‍.

 

ഏറെക്കാലമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് പ്രഗ്നാനന്ദ കാഴ്ചവെക്കുന്നത്. ചെസ് ലോകകപ്പിന്റെ ഫൈനലിലും താരം കടന്നിരുന്നു. കലാശപ്പോരാട്ടത്തില്‍ മാഗ്നസ് കാള്‍സണോടായിരുന്നു പരാജയം. ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലേക്ക് പ്രഗ്നാനന്ദ യോഗ്യത നേടുകയും ചെയ്തു. ഏപ്രിലിലാണ് ടൂര്‍ണമെന്റ്.

 

മാസ്റ്റേഴ്സ് ഗ്രൂപ്പില്‍ ഡച്ച്‌ താരം അനിഷ് ഗിരിയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരം ഡി ഗുകേഷിനെതിരായ വിജയത്തോടെ അനിഷിന് 3.5 പോയിന്റായി. അലിറേസ ഫിറോസ്ജയാണ് രണ്ടാമത്, താരത്തിന് മൂന്ന് പോയിന്റാണുള്ളത്.

 

ടൂര്‍ണമെന്റില്‍ ഭാഗമായ മറ്റൊരു ഇന്ത്യന്‍ താരം വിദിത് സന്തോഷ് ഗുജ്രാത്തിയാണ്. നാലാം റൗണ്ടില്‍ ജോര്‍ദെന്‍ വാന്‍ ഫോറീസ്റ്റിനോട് സമനില വഴങ്ങിയ വിദിത്തിന് രണ്ട് പോയിന്റാണുള്ളത്.

 

അഞ്ചാം റൗണ്ടില്‍ പ്രഗ്നാനന്ദയുടെ എതിരാളി ഒന്നാം സ്ഥാനത്തുള്ള അനിഷ് ഗിരിയാണ്. ഗുകേഷിന് ഇയാന്‍ നെപോംനിയാച്ചിയും ഗുജ്രാത്തിക്ക് മാക്സ് വാര്‍മെര്‍ഡാമുമാണ് എതിരാളികള്‍.