പരീക്ഷ ക്രമക്കേട് : പിഎസ്‌സിയോട് വിശദീകരണം ചോദിച്ച് മനുഷ്യവകാശ കമ്മീഷൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടന്നതായി പി.എസ്.സി സ്ഥിരീകരിച്ച സാഹചര്യത്തിൽ വീഴ്ചകളുടെ പേരിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പി.എസ്.സി സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും നിർദ്ദേശം നൽകി. ചോദ്യപേപ്പർചോർച്ച, പരീക്ഷാ ചുമതലയുണ്ടായിരുന്നവർക്ക് തിരിമറിയിലുള്ള പങ്ക് തുടങ്ങിയ കാര്യങ്ങൾ പി.എസ്.സി രണ്ടാഴ്ചയ്ക്കകം രേഖാമൂലം അറിയിക്കണമെന്ന് കമ്മിഷൻ അംഗം ഡോ. കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. കേസ് സെപ്തംബർ 17 ന് പരിഗണിക്കും.ആഭ്യന്തര വിജിലൻസ് അന്വേഷിച്ച് ക്രമക്കേട് കണ്ടെത്തിയതായി പി.എസ്.സി സെക്രട്ടറി കമ്മിഷനെ അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് ഊർജിതമായി അന്വേഷണം നടത്തിവരികയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്നാൽ അന്വേഷണം ഒന്നോ രണ്ടോ പേരിലൊതുക്കാനാണ് ശ്രമമെന്നും സി.ബി.ഐ അന്വേഷണമാണ് അഭികാമ്യമെന്നും പരാതിക്കാരിയായ ജാനി രജികുമാർ പറഞ്ഞു. പി.എസ്.സി നടത്തിയ മറ്റ് പരീക്ഷകളിലും സമാനമായ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നതിൽ വ്യക്തത വരുത്തണമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.