play-sharp-fill
കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുവാനായി കയറിഇറങ്ങിയത് മൂന്ന് മെഡിക്കല്‍ കോളജുകളില്‍ ; പോസ്റ്റ്‌മോര്‍ട്ടം വൈകിയതിനാൽ സംസ്‌കാരം നടത്തിയത്  രാത്രി  പത്ത് മണിക്കും ; ആരോഗ്യ മന്ത്രിയ്ക്ക്  പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍

കുത്തേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുവാനായി കയറിഇറങ്ങിയത് മൂന്ന് മെഡിക്കല്‍ കോളജുകളില്‍ ; പോസ്റ്റ്‌മോര്‍ട്ടം വൈകിയതിനാൽ സംസ്‌കാരം നടത്തിയത്  രാത്രി  പത്ത് മണിക്കും ; ആരോഗ്യ മന്ത്രിയ്ക്ക്  പരാതി നല്‍കാനൊരുങ്ങി ബന്ധുക്കള്‍

സ്വന്തം ലേഖകൻ

തൊടുപുഴ: കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ച മദ്ധ്യവയസ്കന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ വിവിധ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കയറിയിറങ്ങി വലഞ്ഞ് ബന്ധുക്കള്‍.

മൃതദേഹവുമായി മൂന്ന് മെഡിക്കല്‍ കോളജുകളില്‍ കയറിയിറങ്ങേണ്ടി വന്നതു മൂലം ഇന്നലെ ഉച്ചകഴിഞ്ഞ് നടക്കേണ്ടിയിരുന്ന സംസ്‌കാരം നടന്നത് രാത്രി വൈകി പത്ത് മണിയോടെയാണ് നടന്നത്. തൊടുപുഴ കൊച്ചുകോതവഴിക്കല്‍ പ്രദീപിന്റെ (ബാബു- 58) മൃതദേഹമാണ് ആശുപത്രികളില്‍ നിന്നും നേരിട്ട അവഗണന മൂലം ഏറെ വൈകി സംസ്‌കരിക്കേണ്ടി വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ശനിയാഴ്ച രാവിലെ 11.50നാണ് പ്രദീപ് മരിച്ചത്. വിവരം അപ്പോള്‍ തന്നെ ബന്ധുക്കള്‍ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. സ്റ്റേഷനില്‍ ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ പിറ്റേന്ന് എത്താമെന്നാണ് ഇവര്‍ ആദ്യം മറുപടി നല്‍കിയത്. പിന്നീട് രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതോടെയാണ് പൊലീസ് രാത്രിയോടെ ആശുപത്രിയിലെത്താൻ തയ്യാറായത്.

പ്രദീപിന്റെ പോസ്റ്റുമോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളജില്‍ നടത്തണമെന്ന് പൊലീസ് പറഞ്ഞതോടെ മൃതദേഹം രാത്രി പത്തോടെ അവിടെ എത്തിച്ച്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ഡീൻ കുര്യാക്കോസ് എം.പി ജില്ലാ പൊലീസ് മേധാവിയെയും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും ബന്ധപ്പെട്ടപ്പോള്‍ അവിടെ പോസ്റ്റുമോര്‍ട്ടം നടത്താൻ തടസമില്ലെന്ന് അറിയിച്ചിരുന്നു. ഇതിനിടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താനാവുമോയെന്ന് ബന്ധുക്കള്‍ പൊലീസിനോട് ചോദിച്ചെങ്കിലും ഇവിടെ പൊലീസ് സര്‍ജൻ ഇല്ലാത്തതിനാല്‍ കളമശേരിയില്‍ ചെയ്യാമെന്ന് പൊലീസ് നിര്‍ദേശിച്ചതോടെയാണ് ഇവിടെയെത്തിച്ചത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ട ഡോക്ടര്‍ അടിയന്തര അവധിയില്‍ പോയെന്നും അതിനാല്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടു പോകാനും ആശുപത്രി അധികൃതര്‍ രാവിലെ ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് ബന്ധുക്കള്‍ മൃതദേഹവുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു തിരിച്ചത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ തികഞ്ഞ അവഗണനയാണ് നേരിട്ടത്. ഇടുക്കി ജില്ലക്കാരനായതിനാല്‍ ഇവിടെ പോസ്റ്റുമോര്‍ട്ടം ചെയ്യില്ലെന്നും ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാനും നിര്‍ദേശിച്ചു.

പിന്നീട് അവിടെ നിന്നും മൃതദേഹം കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചു. ഇവിടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കിട്ടിയത് രാത്രി ഏഴോടെയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്താൻ നേരിട്ട തടസം മൂലം മൃതദേഹം വീട്ടില്‍ എത്തിച്ചതിനു ശേഷം സംസ്‌കാരം നടത്തിയപ്പോള്‍ രാത്രി പത്തു കഴിഞ്ഞിരുന്നു. മരണം നടന്ന് ഒരു ദിവസം പിന്നിട്ടപ്പോഴും പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിലെ അനിശ്ചിതത്വം മൂലം മൃതദേഹവുമായി ആംബുലൻസില്‍ നെട്ടോട്ടമോടുകയായിരുന്നു ബന്ധുക്കള്‍. സംഭവത്തില്‍ ആരോഗ്യ മന്ത്രിയ്ക്കുള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.

കുത്തേറ്റത് ജൂണ്‍ 9ന്

ജൂണ്‍ 9ന്  വൈകുന്നേരം 3.30ന് പൂമാല കൂവക്കണ്ടത്ത് വച്ചാണ് പ്രദീപിന് കുത്തേറ്റത്. ഒരു പുരയിടത്തില്‍ വെട്ടിയിട്ട റബര്‍ തടികള്‍ എടുക്കാനായാണ് ലോറി ഡ്രൈവറായ പ്രദീപ് കൂവക്കണ്ടത്തേക്ക് പോയത്. ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന പ്രദീപിനെ പ്രദേശവാസിയായ ബാലകൃഷ്ണൻ കുത്തുകയായിരുന്നു. ബാലകൃഷ്ണൻ വാങ്ങാൻ നിശ്ചയിച്ചിരുന്ന തടി മറ്റൊരാള്‍ വാങ്ങിയതിലെ വൈരാഗ്യമാണ് അക്രമത്തിനു കാരണം.

ബാലകൃഷ്ണനെ കാഞ്ഞാര്‍ പൊലീസ് സംഭവം നടന്ന ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പ്രദീപ് മരിച്ചതോടെ ബാലകൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.