
ഇന്റർനെറ്റിൽ അശ്ലീല വീഡിയോ കാണുന്നവർക്ക് പിന്നാലെ സൈബർ വലയുമായി പൊലീസ്; കൊല്ലത്ത് പിടിയിലായത് പതിനാറുകാരൻ; കുട്ടിയുടെ അച്ഛനും പണികിട്ടും; സംസ്ഥാനത്ത് ആയിരത്തോളം പേർ നിരീക്ഷണത്തിൽ; കോട്ടയം ജില്ലയിലും അൻപതോളം പേർ പൊലീസ് പട്ടികയിൽ
ക്രൈം ഡെസ്‌ക്
കോട്ടയം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്റർനെറ്റിൽ വല വിരിച്ച് സൈബർ സെല്ലും പൊലീസ് സംഘവും. ഇന്റർനെറ്റിൽ സ്ഥിരമായി കയറുകയും, അശ്ലീല വീഡിയോകൾ ഡൗൺലോഡ് ചെയ്ത് കാണുകയും ചെയ്യുന്നവരെയാണ് പൊലീസ് സംഘം പൊക്കാനൊരുങ്ങുന്നത്.
ഇതിൽ കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, നെറ്റിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നവരെയാണ് പ്രധാനമായും പൊലീസ് സംഘം ലക്ഷ്യമിടുന്നത്.
കൊല്ലത്ത് ഇത്തരത്തിൽ അശ്ലീല വീഡിയോകൾ ഇന്റർനെറ്റ് വഴി കണ്ട 16 കാരനായ കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. കുട്ടിയുടെ അച്ഛന്റെ ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിച്ചായിരുന്നു അശ്ലീല വീഡിയോകൾ കണ്ടിരുന്നതും ഡൗൺലോഡ് ചെയ്തിരുന്നതും.
ഇത് കൂടാതെയാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആയിരത്തോളം പേരെ സൈബർ സെല്ലും, സൈബർ ഡോമും നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന അൻപതോളം വാട്‌സ് അപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണെന്നു സംസ്ഥാന സൈബർ സെല്ലിലെ ഉന്നത ഉദ്യോഗസ്ഥൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
ഈ ഗ്രൂപ്പുകളിൽ സ്ഥിരമായി കുട്ടികളുടെ അശ്ലീല വീഡിയോയും ദൃശ്യങ്ങളും കൈമാറ്റം ചെയ്യുന്ന ലൈംഗിക വൈകൃതമുള്ളവരും നിരീക്ഷണത്തിലാണ്.
പാരിപ്പള്ളിയിൽ ശനിയാഴ്ച പഞ്ചായത്ത് ജനപ്രതിനിധിയുടെ വീട്ടിൽ സൈബർസെൽ പരിശോധനയ്‌ക്കെത്തി. കരുനാഗപ്പള്ളി ആദിനാട്, മരുതൂർകുങ്ങര തെക്ക് എന്നിവിടങ്ങളിലെ രണ്ടുവീടുകളിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് 16കാരൻ ഉപയോഗിക്കുന്ന ഫോൺ പൊലീസ് പിടിച്ചെടുത്തു കേസെടുത്തു.
ഫോൺ തിരുവനന്തപുരത്ത് സൈബർ സെല്ലിന്റെ ഹൈടെക് വിഭാഗത്തിലേക്ക് അയച്ചു പരിശോധന നടത്തും.
വ്യാജരേഖകൾ ഉപയോഗിച്ചു മൊബൈൽ ഫോൺ സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നതായ വിവരത്തെതുടർന്നു സിം കാർഡ് വില്പന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു.
വ്യാജരേഖകൾ ഉപയോഗിച്ചു മൊബൈൽ ഫോൺ സിം കാർഡുകൾ വ്യാപകമായി സംഘടിപ്പിക്കുന്നതായ വിവരത്തെതുടർന്നു സിം കാർഡ് വില്പന കേന്ദ്രങ്ങളിലും റെയ്ഡ് ആരംഭിച്ചു.
വ്യക്തിഗത വിവരങ്ങൾ വ്യാജമായി നൽകിയും വ്യാജ തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോയുടെ ഫോട്ടോസ്റ്റാറ്റ് പകർപ്പ് എന്നിവ ഉപയോഗിച്ചു മതിയായ അനുമതിപത്രമില്ലാതെ സിംകാർഡുകൾ വിതരണം ചെയ്യുന്നതായുള്ള വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
Third Eye News Live
0