തേർഡ് ഐ ബ്യൂറോ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ അൽപം പിന്നിലേയ്ക്കു പോയ പി.സി ജോർജ്, വീണ്ടും കളത്തിലിങ്ങി. കൈവിട്ടു പോയ സഭാ വിശ്വാസികളുടെ വോട്ട് തിരികെ പിടിക്കുന്നതിനു വേണ്ടി ഇക്കുറി ജോർജ് രംഗത്തിറക്കിയിരിക്കുന്നത് തുറുപ്പ് ചീട്ട് തന്നെയാണ്. മതസ്പർദ വളർത്തി നാദിർഷായുടെ സിനിമയ്‌ക്കെതിരെയാണ് ഇപ്പോൾ ജോർജ് രംഗത്ത് എത്തിയിരിക്കുന്നത്.
‘ഈശോ’ എന്ന പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്ന് പി സി ജോർജ്. ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും, പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പി സി ജോർജ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധ ബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഇവിടെയുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.മലയാള ചലച്ചിത്രങ്ങളിലെ ഗുണ്ടാ കഥാപാത്രങ്ങളെ എടുത്തുനോക്കുക. മിക്കവരും ക്രിസ്ത്യാനികൾ ആയിരിക്കും, അവന്റെ കഴുത്തിൽ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതുമായി ബന്ധപ്പെട്ടുള്ള പരാതികൾ കിട്ടികൊണ്ടിരിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് വലിയ സാംസ്‌കാരിക മൂല്യങ്ങൾക്ക് വില കൽപിച്ച സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ചെയ്തു. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളമെന്നും, ഇത് അനീതിയാണെന്നും പിസി ജോർജ് പറയുന്നു.
നാദിർഷായെയും കൂട്ടരെയും ഞാൻ വിടില്ല. ക്രിസ്ത്യൻ സമൂഹത്തെ മാത്രമല്ല, അതിപ്പോൾ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എംഎൽഎ അല്ലാത്തതിനാൽ ഇപ്പോൾ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ-അദ്ദേഹം പറഞ്ഞു.