
പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃത പൂജ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സര്‍ക്കാരിനോടും വിശദീകരണം തേടി
സ്വന്തം ലേഖിക
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സ്പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തമിഴ്നാട് സ്വദേശി നാരായണൻ അടക്കം ഒൻപത് പേര്‍ക്കെതിരെയാണ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്.
സംഘത്തിന് സഹായം ചെയ്ത വനം വികസന കോര്‍പ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസവും അറസ്റ്റിലായി.
സംഭവത്തില്‍ പൊലീസും വനം വകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ പ്രധാന പ്രതി നാരായണൻ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
പൊലീസിന്‍റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.