ജലാശയങ്ങളിലേയ്ക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി

ജലാശയങ്ങളിലേയ്ക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി

സ്വന്തംലേഖകൻ

കോട്ടയം : മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ എന്നീ നദികളിലേയ്ക്കും മറ്റു ജലസ്രോതസ്സുകളിലേയ്ക്കും വച്ചിരിക്കുന്ന മാലിന്യക്കുഴലുകള്‍ കണ്ടെത്തുന്നതിനുള്ള ജനകീയ സര്‍വ്വേയുടെ രണ്ടാംഘട്ടം ഫെബ്രുവരി 26 ന് ആരംഭിക്കും.  ജില്ലാ ശുചിത്വ മിഷന്റെ നിര്‍ദ്ദേശാനുസരണം ഗ്രാമപഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന സര്‍വ്വേ മാര്‍ച്ച് 2 നുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനും അപൂര്‍ണ്ണമായ സര്‍വ്വേ വിവരങ്ങള്‍ പൂര്‍ണ്ണമാക്കി സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുന്നതിനും തെള്ളകം, ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്ന തദ്ദേശ സ്ഥാപനതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. സര്‍വ്വേയില്‍ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ജലാശയങ്ങള്‍, ഓടകള്‍ എന്നിവിടങ്ങളിലേക്ക് ആരെങ്കിലും സ്ഥാപനങ്ങളില്‍ നിന്നോ, വീടുകളില്‍ നിന്നോ, മലിനജലം ഒഴുക്കുന്നുവെങ്കില്‍ പരാതികള്‍ നല്‍കുന്നതിന് ഓരോ വാര്‍ഡ്തലത്തിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. മാലിന്യക്കുഴലുകള്‍ ജലാശയശങ്ങളിലേയ്ക്ക് വെച്ചിരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളെ അറിയിക്കാവുന്നതാണ്. യോഗത്തില്‍ ഹരിതകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  രമേശ് പി., മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. അനില്‍കുമാര്‍, ഡി.ഡി.പി ഓഫീസ് പ്രതിനിധി എം. സുശീല്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസ്, 34 ഗ്രാമപഞ്ചായത്തുകളിലെയും 4 മുനിസിപ്പാലിറ്റികളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.