ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവരുടെ പരാതി ; മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡിലെ വാക്കുതര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്. ആര്യയുടെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തും. മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരായ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് പൊലീസ് സൂചിപ്പിച്ചു.

ബസ് തടഞ്ഞ് ട്രിപ്പ്മുടക്കിയെന്നും തെറി വിളിച്ചെന്നുമാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവർ തന്നെ അസഭ്യം പറഞ്ഞുവെന്നും, സച്ചിന്‍ദേവ് എംഎല്‍എ മോശമായി സംസാരിച്ചതായും യദു പരാതിയില്‍ പറയുന്നുണ്ട്. പാളയത്തുവെച്ച് മേയർ കാര്‍ കുറുകെ കൊണ്ടിട്ടു. അവര്‍തന്നെ വന്ന് ഡോർ വലിച്ച് തുറന്നു വളരെ മോശമായാണ് പ്രതികരിച്ചത്. നിനക്ക് എന്നെ അറിയില്ലേ കൊച്ചുകുട്ടികൾക്ക് വരെ എന്നെ അറിയാമല്ലോ എന്നാണ് മേയർ ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സച്ചിന്‍ ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി വാഹനം എടുക്കാനാകില്ലെന്നും, ബസ് മുന്നോട്ടെടുത്താല്‍ അത് വേറെ വിഷയമാകുമെന്നും പറഞ്ഞു. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തർക്കിച്ചത്. അവർ ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചു. സ്ഥലം ഇല്ലാത്തത് കൊണ്ടാണ് കടത്തി വിടാതിരുന്നത്. പിഎംജിയിലെ വണ്‍വേയില്‍ അവർക്ക് ഓവർടേക്ക് ചെയ്യാൻ സ്ഥലം നൽകാൻ സാധിക്കില്ലായിരുന്നു. താന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നിയമനടപടിയൊന്നുമെടുത്തില്ല. രസീത് പോലും നല്‍കിയില്ലെന്നും യദു പറയുന്നു.

ശനിയാഴ്ച രാത്രി 9.45-ന് തിരുവനന്തപുരം പ്ലാമൂട് വെച്ചായിരുന്നു മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതർക്കമുണ്ടായത്. ബസ് സൈഡ് കൊടുക്കാത്തതല്ല വിഷയമെന്നും സ്ത്രീകൾക്കെതിരായ അതിക്രമമാണ് ഡ്രൈവറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആര്യ രാജേന്ദ്രൻ പറയുന്നത്. ഡ്രൈവർ ലൈംഗികചേഷ്ട കാണിച്ചുവെന്നും ആര്യ കുറ്റപ്പെടുത്തുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ശേഷം തീരുമാനമെടുത്താൽ മതിയെന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം. പരാതി നൽകുന്നതിനു പകരം, യാത്രക്കാരുമായി പോയ ബസ് തടഞ്ഞ് ട്രിപ്പ് മുടക്കിയ ജനപ്രതിനിധിയുടെ നടപടി ഏറെ ​ഗുരുതരമാണെന്ന് കെഎസ്ആർടിസിയിലെ ഉന്നത ഉദ്യോ​ഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.