യുവാവിനെ മർദിച്ച കേസിൽ വീണ്ടും പോലീസുകാർക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

ആലുവ: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എടത്തല പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സംഭവം അന്വേഷിക്കുമെന്നു റിപ്പോർട്ട്. സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കുമെന്നാണ് വിവരം. യുവാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നാട്ടുകാരുടെ പ്രതിഷേധ മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു. പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാൻ (39) ഓടിച്ചിരുന്ന ബൈക്കിൽ എടത്തല ഗവൺമെന്റ് സ്‌കൂൾ ഗേറ്റിനു മുന്നിൽ വെച്ച് പോലീസുകാരുടെ കാർ ഇടിച്ചു. സ്വകാര്യ കാറിൽ മഫ്തിയിലായിരുന്നതിനാൽ പോലീസുകാരുടെ കാറാണെന്ന് ഉസ്മാനോ വഴിയിലുണ്ടായിരുന്നവർക്കോ മനസ്സിലായിരുന്നില്ല. തർക്കം രൂക്ഷമായപ്പോൾ കാറിലുണ്ടായിരുന്നവർ ഉസ്മാനെ മർദിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടു പോയി. കാറിലും സ്റ്റേഷനിലെത്തിച്ച് അവിടെ വെച്ചും മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ താടിയെല്ല് പൊട്ടിയിട്ടുണ്ട്.