നാട്ടുകാർക്ക് യാതൊരു ഉപകാരവുമില്ലാത്ത യുവജന കമ്മീഷനടക്കം നിരവധി കമ്മീഷനുകളെ വയ്ക്കാൻ പണമുണ്ട്; ശമ്പളവും ആനുകൂല്യവുമായി ചിലവാക്കുന്നത് കോടികൾ: ക്രമസമാധാനം പാലിക്കാൻ പൊലീസിനു നൽകാൻ പണമില്ല; സംസ്ഥാനത്ത് 25 സബ് ഡിവിഷനുകൾ സ്ഥാപിക്കണമെന്ന പൊലീസിന്റെ ആവശ്യം ധനകാര്യ വകുപ്പ് തള്ളി
തേർഡ് ഐ ബ്യൂറോ
കോട്ടയം: യുവജന കമ്മിഷനടക്കം നിരവധി കമ്മീഷനുകളും കോർപ്പറേഷനുകളും സൃഷ്ടിച്ച് സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും പാർട്ടിക്കാർക്കും ആവശ്യത്തിനു സ്ഥാനങ്ങൾ നൽകുന്ന ധനകാര്യവകുപ്പിനു പൊലീസിനു നൽകാൻ പണമില്ല. സംസ്ഥാനത്ത് പൊലീസിന്റെ ക്രമസമാധാന പരിപാലത്തിനായി 25 പുതിയ സബ് ഡിവിഷൻ രൂപീകരിക്കണമെന്ന ആവശ്യം ധനകാര്യ വകുപ്പ് തള്ളിയതാണ് ഇപ്പോൾ എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് സി.ഐമാർക്ക് സ്റ്റേഷൻ ചുമതല നൽകിയപ്പോഴുള്ള മേൽനോട്ട വീഴ്ച പരിഹരിക്കുന്നതിനു വേണ്ടിയാണ് പുതിയ സബ് ഡിവിഷനുകൾ രൂപീകരിക്കുന്നതിനു നിർദേശം മുന്നോട്ടു വച്ചത്.
നേരത്തെ കെവിൻ കേസിൽ അടക്കം പൊലീസിനു വീഴ്ചയുണ്ടായത് മേൽനോട്ടത്തിനു കൃത്യമായി ആളില്ലാത്തതിനാലാണ് എന്ന ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര വകുപ്പ് പുതുതായി 25 സബ് ഡിവിഷനുകൾ കൂടി രൂപീകരിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. എന്നാൽ, ഇതുസംബന്ധിച്ചുള്ള പഠനം ആഭ്യന്തര വകുപ്പും പൊലീസും നടത്തുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം പൊലീസ് ക്രോഡീകരിച്ച്, ആഭ്യന്തര വകുപ്പ് വഴി ധനകാര്യ വകുപ്പിന്റെ അനുമതിയ്ക്കായി സമർപ്പിച്ചു.
എന്നാൽ, പണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ധനകാര്യ വകുപ്പ് പൊലീസ് സബ് ഡിവിഷൻ രൂപീകരിക്കുന്നതിനുള്ള നടപടികൾ വൈകിപ്പിക്കുകയാണ്. നിലവിൽ സംസ്ഥാനത്ത് ഇൻസ്‌പെക്ടർമാർക്ക് സ്റ്റേഷൻ ചുമതല നൽകിയിരിക്കുകയാണ്. ഇത് കൂടാതെ സ്റ്റേഷനിലെ ഡ്യൂട്ടികളെ രണ്ടായി വിഭജിയ്ക്കുകയും ചെയ്തിരിക്കുന്നു. പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരെ ക്രമസമാധാന ചുമതലയും, കുറ്റാന്വേഷണവുമായി രണ്ടായി തരം തിരിക്കുകയും ചെയ്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിൽ സി.ഐമാരുടെ ജോലിഭാരം ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സബ് ഡിവിഷൻ രൂപീകരിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇത്തരത്തിൽ സബ് ഡിവിഷൻ രൂപീകരിക്കുന്നതോടെ നിലവിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രൊമോഷൻ സാധ്യത വർദ്ധിക്കുകയും ചെയ്യും. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് ഇപ്പോൾ ധനകാര്യ വകുപ്പ് ഉടക്ക് നയം പുറത്തെടുത്തിരിക്കുന്നത്.
സർക്കാരിനും ജനങ്ങൾക്കും യാതൊരു പ്രയോജനവുമില്ലാത്ത കമ്മിഷനുകൾക്കും, കമ്മിറ്റികൾക്കുമായി കോടികൾ നൽകുമ്പോഴാണ് പൊലീസിന്റെ സബ് ഡിവിഷനു വേണ്ടി പണം നൽകാനില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.