
കടക്കാരനെ ആക്രമിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വിടണം; സ്റ്റേഷന് മുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം; ഒടുവിൽ സംഭവിച്ചത്….!
സ്വന്തം ലേഖിക
പേട്ട: തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ അഴിഞ്ഞാട്ടം.
കടക്കാരനെ ആക്രമിച്ച കേസില്‍ കസ്റ്റഡിലെടുത്ത ഡിവൈഎഫ്‌ഐ പ്രാദേശിക പ്രവര്‍ത്തകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആറ്റുവരമ്പ് ബ്രാഞ്ച് സെക്രട്ടറി ആര്‍.എസ്.രതീഷിൻ്റെയും സംഘത്തിൻ്റെയും പൊലീസിന് നേരെയുള്ള ഭീഷണിയും ആക്രോശവും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ വിട്ടുകൊടുത്ത പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പിട്ടാണ് സിപിഎം സെക്രട്ടറിക്കെതിരെ കേസെടുത്തത്.
വിമാനത്താവളത്തിന് സമീപം കട നടത്തുന്നയാളെ മര്‍ദ്ദിച്ചതിനാണ് ഇന്നലെ വൈകുന്നേരം ഡിവൈഎഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണനെ പേട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നാലെ ബ്രാഞ്ച് സെക്രട്ടറി രതീഷും സിപിഎം പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലേക്ക് തള്ളികയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസുകാര്‍ തടഞ്ഞു. മദ്യലഹരിയായിരുന്നു രതീഷെന്ന് പൊലീസ് പറയുന്നു.
രതീഷിൻ്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി.
പാര്‍ട്ടിക്കാര്‍ പോയതിന് പിന്നാലെ ഉണ്ണികൃഷ്ണനെതിരെ കേസടുക്കാതെ വിട്ടയച്ചു. കടക്കാരന് കേസില്ലെന്നറിഞ്ഞതുകൊണ്ടാണ് വിട്ടയക്കുന്നതെന്നാണ് പേട്ട പൊലീസ് പറയുന്നത്.
ദൃശ്യങ്ങള്‍ പരന്നതോടെ അസഭ്യം പറഞ്ഞതിന് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കുക മാത്രമാണ് ചെയ്തത്.