play-sharp-fill
വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റ് സംഘം നടത്തിയത് ആസൂത്രിത തട്ടിപ്പ്: മെഡിക്കൽ പരിശോധനകൾക്കായി എത്തിയത് ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘമെന്ന് സൂചന; ഒരു മാസത്തെ പരിശീലനം എ.ആർ ക്യാമ്പിൽ; തട്ടിപ്പ് സംഘത്തിന്റെ പരിശീലന ക്യാമ്പിലെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റ് സംഘം നടത്തിയത് ആസൂത്രിത തട്ടിപ്പ്: മെഡിക്കൽ പരിശോധനകൾക്കായി എത്തിയത് ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘമെന്ന് സൂചന; ഒരു മാസത്തെ പരിശീലനം എ.ആർ ക്യാമ്പിൽ; തട്ടിപ്പ് സംഘത്തിന്റെ പരിശീലന ക്യാമ്പിലെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ
കോട്ടയം: വ്യാജ പൊലീസ് റിക്രൂട്ട്‌മെന്റ് സംഘം നടത്തിയത് ആസൂത്രിത തട്ടിപ്പെന്നതിന്റെ വിശദമായ സൂചനകൾ തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു. ജനറൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തെ വിളിച്ചു വരുത്തി വൈദ്യ പരിശോധന നടത്തിയ സംഘം എ.ആർ ക്യാമ്പിലും തൃശൂർ അക്കാദമിയിലും ഒരു മാസത്തെ പരിശീലനം നൽകുമെന്നാണ് ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നത്. തട്ടിപ്പ് സംഘം കടുവാക്കുളം എമ്മൗസ് പബ്ലിക്ക് സ്‌കൂൾ മൈതാനത്ത് നടത്തിയ പരിശീലനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചു.
പൊലീസ് എന്ന രീതിയിൽ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ എത്തുമെന്ന പേരിൽ തന്നെയായിരുന്നു സംഘം തട്ടിപ്പ് നടത്തിയതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കേരള പൊലീസിന്റെ ട്രാഫിക് വിഭാഗത്തിലേയ്ക്കു നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് എന്ന പേരിലാണ് സംഘം തട്ടിപ്പുകൾ ഓരോന്നായി നടത്തിയിരുന്നതെന്ന് തട്ടിപ്പിനു ഇരയായ ഉദ്യോഗാർത്ഥികളിൽ ഒരാൾ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
കേരള പൊലീസിനെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് എമ്പാടുമായി അയ്യായിരം പേരെയാണ് റിക്രൂട്ട് ചെയ്യാൻ പദ്ധതി ഇട്ടിരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ റൂക്രൂട്ട്‌മെന്റ് നടത്തുന്നതെന്നായിരുന്നു സംഘത്തിന്റെ വിശദീകരണം. ട്രാഫിക് വാർഡൻമാരുടേതിനു സമാനമായ ഡ്യൂട്ടിയ്ക്കാണ് ഇവരെ നിയോഗിക്കുക. ആറു മണിക്കൂർ ഗതാഗത നിയന്ത്രണം മാത്രമാണ് ഡ്യൂട്ടി.
ഒരു ദിവസം 750 രൂപയും, മാസം 22,000 രൂപയുമാണ് ശമ്പളമായി ലഭിക്കുക. നിലവിൽ താല്കാലിക നിയമനമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാനുള്ള സാധ്യതയും ഉദ്യോഗാർത്ഥികളോട്് സംഘം വാഗ്ദാനം ചെയ്തിരുന്നു. 5000 പേരെ നേരിട്ട് നിയമിക്കുന്ന പദ്ധതി രണ്ടു മാസം കൂടിയെ ബാക്കിയുള്ളൂ.
ആലപ്പുഴയിലെ റിക്രൂട്ട്‌മെന്റ് കൂടി പൂർത്തിയാക്കിയാൽ ഉടൻ തന്നെ നിയമനം പിഎസ്.സിയ്ക്ക് വിട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കുമെന്നായിരുന്നു ഇവർ ഉദ്യോഗാർത്ഥികളെ അറിയിച്ചിരുന്നത്.
28 ന് നടന്ന എഴുത്തുപരീക്ഷയിൽ പങ്കെടുത്തത് 76 പേരായിരുന്നു. ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കുന്നതിനു മെഡിക്കൽ സംഘം എത്തിയതെന്ന പേരിൽ ജനറൽ ആശുപത്രിയുടെ ആംബുലൻസും സ്‌കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്നു.
ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണെന്ന പേരിൽ അഞ്ചു പേർ ഒരു മുറിയിലിരുന്ന് വൈദ്യ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇത് കൂടി കണ്ടതോടെയാണ് അൽപമെങ്കിലും സംശയമുണ്ടായിരുന്ന ഉദ്യോഗാർത്ഥികളുടെ സംശയം മാറിയത്.
28 ന് നടന്ന പരീക്ഷ നിയന്ത്രിച്ചത് എസ്.ഐ റാങ്കിലുള്ള മനു എന്ന ഉദ്യോഗസ്ഥനായിരുന്നെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. സി.ഐമാരായ ബിജോയ് മാത്യുവും, ഷൈമോനും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. പരീക്ഷ ആരംഭിക്കും മുൻപ് എ.സിപി രവികുമാർ എന്ന കെ.കെ രവി സ്‌കൂളിൽ എത്തി. ഉടൻ തന്നെ ഉദ്യോഗാർത്ഥികളെല്ലാം എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാൻ നിർദേശം നൽകിയ ഷൈമോൻ, രവിയെ സല്യൂട്ട് ചെയ്തു. സംസ്ഥാന പൊലീസിന്റെ നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണെന്നും, പരിശീലനത്തിനിടയിൽ ഏത് നിമിഷവും ജില്ലാ പൊലീസ് മേധാവിയും ഉദ്യോഗസ്ഥരും സ്ഥലത്തെത്താമെന്നുമായിരുന്നു രവി ഉദ്യോഗാർത്ഥികളെ അറിയിച്ചത്. പരീക്ഷ എഴുതിയ എല്ലാവർക്കും ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച രവി, 15 പേരെ എസ്.ഐമാരായി നേരിട്ട് നിയമിക്കുമെന്നും അറിയിച്ചു. കായികക്ഷമതാ പരീക്ഷയ്ക്ക്ിടെ ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥതകളുണ്ടായാൽ ഉടൻ തന്നെ പരീക്ഷാ നടത്തിപ്പുകാരെ വിവരം അറിയിക്കണമെന്നും ഇവർ അറിയിച്ചിരുന്നു. മൊബൈൽ ഫോണും, വാച്ചും സ്വർണാഭരണങ്ങളും എല്ലാം ഊരി വപ്പിച്ച ശേഷമാണ് തട്ടിപ്പ് സംഘം ഉദ്യോഹഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. പരീക്ഷ നടന്ന ഹാളിൽ വച്ചാണ് ഉദ്യോഗാർത്ഥികൾക്ക് ഹോൾ ടിക്കറ്റ് നൽകിയത്. തുടർന്ന് ഓരോരുത്തരുടെയും ഫോട്ടോ ഒട്ടിച്ച ഹോൾ ടിക്കറ്റ് പരിശോധിച്ച എഎസ്പി രവി ഹാൾ ടിക്കറ്റിൽ കൃത്യമായി ഒപ്പ വയ്ക്കുകയും ചെയ്തു.
മൂന്നിന് പരീക്ഷയുടെ ഫലം വന്ന ശേഷം ആദ്യം എത്തിയ 15 പേരെ എസ്.ഐ തസ്തികയിലേയ്ക്ക് പരീശീലനത്തിനായി ക്ഷണിച്ചു. ഇവരുടെ പരീശീലനമാണ് ആറു മുതൽ ഇന്നലെ വരെ നടന്നിരുന്നതും. ഈ പരീക്ഷ പാസായാൽ സ്വന്തം നിലയിൽ യൂണിഫോം തയ്ച്ച് എസ്.ഐ ആയി ഇവർക്ക് ജോലിയിൽ പ്രവേശിക്കാമെന്നായിരുന്നു വാഗാദാനം.  പക്ഷേ, എല്ലാം തകർത്ത് പൊലീസ് രംഗ പ്രവേശം ചെയ്തതോടെയാണ് പ്രതികൾ അകത്തായത്.
അയ്മനം ഒളശ ചെല്ലിത്തറ ബിജോയ് മാത്യു (36), പനച്ചിക്കാട് കൊല്ലാട് വട്ടക്കുന്നേൽ പി.പി ഷൈമോൻ (40), മൂലേടം കുന്നമ്പള്ളി വാഴക്കുഴിയിൽ സനിതാമോൾ ഡേവിഡ് (30) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും.