
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് 10 മാസം മാത്രം ബാക്കി നില്‍ക്കെ ഐ.പി.എസ് ഓഫീസർമാർ ഉള്‍പ്പെടെയുള്ള പൊലീസിലെ നല്ലൊരു വിഭാഗവും ഭരണമാറ്റം ഉറപ്പിച്ചിരിക്കുകയാണ്.
അതുകൊണ്ടുതന്നെ തന്ത്ര പ്രധാന തസ്തികയില്‍ ഇരിക്കുന്ന പലരും സ്പെഷ്യല്‍ യൂണിറ്റുകളിലേക്ക് ചേക്കേറാനുള്ള ശ്രമമാണ് നിലവില്‍ നടത്തുന്നത്. ജൂനിയർ ഐ.പി.എസ് ഓഫീസർമാർ മുതല്‍ സീനിയർ ഐ.പി.എസ് ഓഫീസർമാരില്‍ വരെ മനംമാറ്റം പ്രകടമാണ്.
ഇതേ മാനസികാവസ്ഥയിലാണ് പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള എസ്. എച്ച് ഒ മുതല്‍ ക്രമസമാധാന ചുമതലയുള്ള ഡി.വൈ.എസ്പിമാരുള്‍പ്പെടെ മിക്ക ഓഫീസർമാരുമുള്ളത്. ഭരണമാറ്റം ഉണ്ടായാല്‍, തന്ത്രപ്രധാന പദവികള്‍ നഷ്ടമാവാതിരിക്കാനാണ് ഇപ്പോഴെ ഒരു മുഴം മുൻപേ ഒതുങ്ങുന്നത്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യാതൊരു കാരണവശാലും ക്രമസമാധാന ചുമതല ലഭിക്കില്ലെന്ന് ഉറപ്പുള്ളവർ മാത്രമാണ് വീണ്ടും കടിച്ച് തൂങ്ങി നില്‍ക്കാൻ ആഗ്രഹിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഇടതുപക്ഷ ഭരണത്തില്‍ ഒതുക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാകട്ടെ, പത്ത് വർഷത്തിനു ശേഷമെങ്കിലും തങ്ങള്‍ക്ക് ‘ശാപമോക്ഷം’ ലഭിക്കുമെന്ന പ്രതീക്ഷയിലാണുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍, കുറച്ച് മാസങ്ങള്‍ മാത്രമാണ് പിണറായി സർക്കാരിന് മുന്നിലുള്ളത്. അതുകൊണ്ടു തന്നെ പൊലീസിന് പുറമെ മറ്റു സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗവും ഭരണമാറ്റം മുന്നില്‍ കണ്ടുള്ള നിറം മാറ്റത്തിനാണ് ഒരുങ്ങുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിയാണ് ഭരണമാറ്റം ഉണ്ടാകുമെന്ന പ്രചരണത്തിന് അടിസ്ഥാനം. ഐ.എ.എസ് ഓഫീസർമാരിലെ ഒരു വിഭാഗവും ഭരണം മാറുമെന്ന വിലയിരുത്തലിലാണുള്ളത്.
ഇതില്‍ ഏറ്റവും കൂടുതല്‍ സർക്കാരിന് വെല്ലുവിളിയാകുക പൊലീസിലെ നിറം മാറ്റം തന്നെയാണ്. ഗവർണ്ണറുടെ നടപടിക്ക് എതിരെ ഭരണപക്ഷ സംഘടനകളും, പിണറായി സർക്കാറിനെതിരെ പ്രതിപക്ഷ സംഘടനകളും തീഷ്ണമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ പോകുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കുന്നത് പൊലീസിനെ സംബന്ധിച്ചും സർക്കാരിനെ സംബന്ധിച്ചും വലിയ വെല്ലുവിളിയായിരിക്കും. ചെറിയ ഒരു പ്രകോപനം പോലും വലിയ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിനാല്‍, സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.
സംസ്ഥാന പൊലീസിനെ സ്വന്തം വിരല്‍തുമ്പിലിട്ട് നിയന്ത്രിച്ചിരുന്ന നിരവധി ഐ.പി.എസ് ഓഫീസർമാർ ഇരുന്ന കസേരയില്‍ അനില്‍കാന്തും ഷെയ്ക്ക് ദർവേഷ് സാഹിബും വന്നതോടെയാണ് സംസ്ഥാനത്ത് ശരിയായ പൊലീസിങ്ങ് തന്നെ ഇല്ലാതായിരിക്കുന്നത്. ഇക്കാര്യങ്ങളില്‍ വലിയ പിഴവാണ് പിണറായി സർക്കാരിന് പറ്റിയത് എന്നത് സി.പി.എം നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്ന കാര്യമാണ്.
പിണറായി വിജയൻ വിശ്വസിച്ച് പൊലീസ് ഭരണം ഏല്‍പ്പിച്ചവരുടെ ‘നിലവാരവും’ സംസ്ഥാന പൊലീസിൻ്റെ മനോവീര്യം കെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഡെപ്യൂട്ടേഷന് പോയ ഐ.പി.എസുകാരില്‍ മിക്കവർക്കും തിരിച്ചു വരാൻ താല്‍പ്പരുമില്ല എന്നതാണ് യാഥാർത്ഥ്യം. ഒരു വനിതാ ഐ.പി.എസ് ഓഫീസർ കേരള കേഡർ തന്നെ വിട്ട് കർണ്ണാടക കേഡറിലേക്ക് ചേക്കേറിയതും അടുത്തിടെയാണ്. ഇതും ഒരു അസാധാരണ നടപടിയാണ്.
ആരുടെ സെലക്ഷൻ പ്രകാരമാണ് സംസ്ഥനത്തെ പൊലീസില്‍ നിയമനങ്ങള്‍ നടക്കുന്നത് എന്നത് സി.പി.എം നേതൃത്വവും മുഖ്യമന്ത്രിയും പ്രത്യേകം പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന അഭിപ്രായം ഇടതുപക്ഷത്തും നിലവില്‍ ശക്തമാണ്. പ്രത്യേകിച്ച് സംസ്ഥാന ഭരണം അവസാന ലാപ്പിലേക്ക് കടക്കുന്ന ഈ ഘട്ടത്തിലെങ്കിലും അത്തരം ഒരു പരിശോധന അനിവാര്യമാണെന്നാണ് ഈ വിഭാഗം ആവശ്യപ്പെടുന്നത്.ഒരു മുഖ്യമന്ത്രിയും പൊലീസിന് നല്‍കാത്ത സ്വാതന്ത്ര്യമാണ് പിണറായി വിജയൻ പൊലീസിന് നല്‍കിയിരിക്കുന്നത്. എന്നിട്ടും പൊലീസിങ് കൃത്യമായി നടക്കുന്നില്ലെങ്കില്‍ എവിടെയോ എന്തോ തകരാറുണ്ട് എന്നത് വ്യക്തമാണ്.
പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ എല്ലാം നല്ലരൂപത്തില്‍ നടക്കുമെന്നാണ് സർക്കാർ പ്രതീക്ഷിച്ചതെങ്കിലും, ഈ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങള്‍ സർക്കാരിൻ്റെ പ്രതിച്ഛായയെ തന്നെ വല്ലാതെ ബാധിച്ച സാഹചര്യമാണുള്ളത്. ഇക്കാര്യത്തിലും ഇടതുപക്ഷ അണികളില്‍ കടുത്ത അതൃപ്തി പ്രകടമാണ്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ അടക്കമുള്ളവരും മാധ്യമങ്ങളും ഡി.ജി.പി നിയമനവുമായി ബന്ധപ്പെട്ട് സർക്കാറിനെയും സി.പി.എമ്മിനെയും വളഞ്ഞിട്ടാണ് ആക്രമിച്ചിരിക്കുന്നത്.
അതേസമയം, നീണ്ടകാലത്തെ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി മടങ്ങി വന്ന റവാഡ ചന്ദ്രശേഖറെ മുൻ നിർത്തി സംസ്ഥാന പൊലീസിനെ ഭരിക്കാൻ പൊലീസ് ആസ്ഥാനത്തെ മറ്റൊരു ഉന്നതൻ ശ്രമിക്കുന്നത് ഐ.പി.എസ് ഉദ്ദ്യോഗസ്ഥർക്കിടയിലും കടുത്ത അതൃപ്തിയ്ക്ക് കാരണമായതായാണ് ലഭിക്കുന്ന സൂചന.