ഉള്‍ക്കിടിലം മാറുന്നില്ല! വിഷപ്പാമ്പിനെപ്പോലും തല്ലിക്കൊല്ലാത്ത ഇക്കാലത്ത് ഒരു മനുഷ്യനെ വട്ടംകൂടി നിന്ന് ക്രൂരമായി മർദ്ദിക്കുന്ന പോലീസുകാർ ; പൊലിസ് സ്റ്റേഷനില്‍ യുവാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആഭ്യന്തര വകുപ്പിനെ വിമർശിച്ച്‌ പൊലിസുകാരൻ രംഗത്ത്

Spread the love

കോഴിക്കോട് : ആഭ്യന്തര വകുപ്പിനെ വിമർശിച്ച്‌ പൊലിസുകാരൻ രംഗത്ത്. പൊലിസ് സ്റ്റേഷനില്‍ യുവാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം.

യുവാവിനെ ക്രൂരമായി മർദിക്കുന്ന സംഭവം അറിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് നിസാരമായി കാണുന്നതിനെയും അച്ചടക്ക നടപടിയെടുത്തെന്ന് നിസാരമായി പറയുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും വിമർശിച്ചാണ് സസ്പെൻഷനിലുള്ള സിവില്‍ പൊലിസ് ഓഫിസർ ഉമേഷ് വള്ളിക്കുന്ന് രംഗത്തെത്തിയത്. നിസാര കാരണങ്ങളാല്‍ അച്ചടക്ക നടപടിക്ക് വിധേയനാകുന്ന തനിക്ക് ലഭിച്ചതിനേക്കാള്‍ കുറഞ്ഞ ശിക്ഷയാണ് ക്രൂരമർദനം നടത്തിയ പൊലിസുകാർക്ക് ലഭിച്ചതെന്നും ഉമേഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലുണ്ട്.

‘ഉറക്കം വരാത്ത രാത്രിയാണ്. വിഷപ്പാമ്പിനെപ്പോലും തല്ലിക്കൊല്ലാത്ത ഇക്കാലത്ത് ഒരു മനുഷ്യനെ വട്ടംകൂടി നിന്ന് ക്രൂരമായി മർദിക്കുകയാണ് നാല് പൊലിസുകാർ. കാമറയുടെ മുൻപിൽ വച്ച്‌ ഇങ്ങനെ ചെയ്യാൻ കൂസലില്ലാത്തവർ കാമറയില്ലാത്തിടത്ത് ചെയ്തുകൂട്ടിയത് എന്തൊക്കെയായിരിക്കും! ഉള്‍ക്കിടിലം മാറുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘അച്ചടക്ക നടപടിയെടുത്തു’ എന്ന് നിസാരമായി പറഞ്ഞു തള്ളുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും കണ്ടപ്പോള്‍ അത് കൂടുന്നതേയുള്ളൂ. തലച്ചോറിളക്കുന്ന, നെഞ്ചു കലക്കുന്ന, മുതുക് ചതക്കുന്ന, വൃക്ക തകർക്കുന്ന ഇടികളും കാല്‍വെള്ളയിലൂടെ തലവരെയെത്തിക്കുന്ന അടികളും എന്നെയും നിങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ ഉള്ളു കിടുങ്ങുന്നു.

 

വനിതാദിനാഘോഷത്തില്‍ പങ്കെടുത്തതിനും ‘കാടു പൂക്കുന്ന നേരം’ സിനിമയിലെ സംഭാഷണം ഇഷ്ടപ്പെട്ടു എന്നെഴുതിയതിനും പ്രണയിച്ചതിനുമൊക്കെ എനിക്കെതിരേ അച്ചടക്കനടപടികള്‍ സ്വീകരിച്ചിരുന്നു. അതില്‍ എനിക്ക് കിട്ടിയ ശിക്ഷയേക്കാള്‍ കുറവാണ് ഇവർക്ക് നല്‍കിയ ശിക്ഷ. അത്ര നിസാരമായാണ് ഈ ക്രൂരകൃത്യത്തെ ഡിപ്പാർട്ട്മെന്റ് കാണുന്നത് എന്നത് തന്നെ എന്തൊരു ഭീകരതയാണ്.

ആ ദൃശ്യങ്ങള്‍ ഒളിപ്പിക്കാൻ ഇത്രയും കാലം ശ്രമിച്ചവരും ക്രിമിനലുകളാണ്. പൊലിസ് സേനയില്‍ നിന്ന് ആദ്യം പുറത്താക്കേണ്ടത് അവരെയാണ്. അവരെ സംരക്ഷിച്ചവരെയാണ്. അവരെയും സംരക്ഷിച്ച പൊന്നുതമ്പുരാനെയാണ്’ എന്നാണ് സമൂഹമാധ്യമത്തിൽ പോലീസുകാരൻ പോസ്റ്റ് ചെയ്തത്.