അനാവശ്യമായി പുറത്തിറങ്ങിയാൽ ചുട്ട അടിയും നടപടിയും ഉണ്ടാകും: ജില്ലയിൽ ഇതുവരെ പിടിച്ചെടുത്തത് 197 വാഹനങ്ങൾ; ഈ വാഹനങ്ങൾക്ക് ഇനി 21 ദിവസം വിശ്രമിക്കാം; ആകെ 1257 കേസുകൾ ജില്ലയിൽ; നടന്നു പുറത്തിറങ്ങിയാലും അടിയുറപ്പ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് വീടിനുള്ളിൽ അടച്ചിരിക്കുമ്പോൾ അടവിറക്കി പുറത്തിറങ്ങിയ ജില്ലയിലെ 197 വാഹങ്ങൾക്ക് ഇനി 21 ദിവസം പൊലീസ് സ്റ്റേഷനിൽ വിശ്രമിക്കാം. രണ്ടു ദിവസത്തിനിടെ അനാവശ്യമായ റോഡിലിറങ്ങിയ 197 വാഹനങ്ങളാണ് ജില്ലാ പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്. കർഫ്യൂ കാലാവധി പൂർത്തിയായ ശേഷം മാത്രമേ ഈ വാഹനങ്ങൾ പൊലീസ് തിരികെ വിട്ടു നൽകു. മതിയായ കാരണമില്ലാതെ റോഡിലിറങ്ങുന്നവരുടെയെല്ലാം വാഹനങ്ങൾ ഇത്തരത്തിൽ പിടിച്ചെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കർഫ്യൂ പ്രഖ്യാപിച്ച ആദ്യ മൂന്നദിനത്തിനിടെ ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 1257 കേസുകളാണ്. വ്യാഴാഴ്ച ഇതുവരെ മാത്രം 161 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകിട്ടു വരെ 1096 കേസുകളാണ് രജിസ്റ്റർ ചെയിരിരുന്നത്. ഇതിനു ശേഷമാണ് പൊലീസ് നടപടികൾ കൂടുതൽ കർക്കശമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് അഞ്ചിനു ശേഷം തുറന്നിരിക്കുന്ന സ്ഥാപനങ്ങളെല്ലാം പൊലീസ് ബലമായി അടപ്പിക്കുന്നുണ്ട്. ഇതു കൂടാതെ പൊലീസ് നിർദേശം ലംഘിച്ച് കാൽനടയായി വീടിനു പുറത്തിറങ്ങി ജംഗ്ഷനുകളിൽ വന്നിരിക്കുന്നവർക്കു നേരെ ലാത്തി പ്രയോഗവും പൊലീസ് നടത്തുന്നുണ്ട്. മതിയായ കാരണമില്ലാതെയാണ് പലരും വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതെന്നു ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. പൊലീസിന്റെ നിർദേശം പാലിക്കാൻ ആളുകൾ തയ്യാറാകണം. ഇല്ലെങ്കിൽ നിയമം കർക്കശമാക്കാൻ പൊലീസ് തയ്യാറാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് നിർദേശം പാലിച്ച് സൂപ്പർമാർക്കറ്റുകളിലും അവശ്യ സാധനങ്ങൾ വാങ്ങാനുള്ള കടകളിലും അഞ്ചിലധികം ആളുകൾ ഒന്നിച്ച് നിൽക്കാൻ അനുവദിക്കുന്നില്ല. രണ്ടു പേർ ഒന്നിച്ചെത്തിയാൽ പോലും ഒരാളെ മാത്രമാണ് സൂപ്പർമാർക്കറ്റുകൾ ഉള്ളിലേയ്ക്കു പ്രവേശിപ്പിക്കുന്നത്. കടകളിൽ അഞ്ചു പേരിൽ കൂടുതൽ കൂടി നിൽക്കുന്നില്ലെന്നും, ക്യൂവുണ്ടെങ്കിൽ കൃത്യമായി ഇവർ അകലം പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പാക്കുന്നുണ്ട്.