പൊലീസ് പുകയുന്ന ആഗ്നിപർവതം..! എസ്.എച്ച്.ഒ പരിഷ്‌കാരത്തിൽ അസംതൃപ്തി പുകയുന്നു; എസ്.ഐ മുതൽ എസ്.പി വരെ പൊട്ടിത്തെറിയിലേയ്ക്ക്

Spread the love

ഏ.കെ ശ്രീകുമാർ

കോട്ടയം: കാലാനുസൃതമായി പ്രോമഷനും, ആനൂകൂല്യങ്ങളും ലഭിക്കാതെ വന്നതിന് പിന്നാലെ, സി.ഐമാരെ ‘തരം താഴ്ത്തി’ എസ്.എച്ച്.ഒമാരാക്കുക കൂടി ചെയ്തതോടെ കേരള പൊലീസ് പുകയുന്ന അഗ്നിപർവതായി മാറി…! എസ്.ഐമാർക്കു സാദാ കോൺസ്റ്റബിളിന്റെ പോലും വില ലഭിക്കാത്ത പൊലീസ് സ്റ്റേഷനുകളിൽ നിന്നും ഓടിരക്ഷപെടുകയാണ് ഡയറക്ട് എസ്.ഐമാർ. ഇതോടെ കേരള പൊലീസിൽ അടുത്തകാലത്ത് നടപ്പാക്കിയ എസ്.എച്ച്.ഒ പരിഷാകാരം പണിപാളിയ സൂചനയാണ് നൽകുന്നത്.

ഒരു വർഷം മുൻപാണ് കേരള പൊലീസിലെ ഇൻസ്‌പെക്ടർമാർക്ക് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല നൽകി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഇതോടെ സർക്കിൾ ഇൻസ്‌പെക്ടർ തസ്തികകൾ ഇല്ലാതെയായി. പകരം, ഇൻസ്‌പെക്ടർമാർ എസ്.എച്ച്.ഒമാരായി. സർക്കിൾ ഓഫിസുകൾ പൊലീസ് സ്റ്റേഷനുമായി ലയിപ്പിക്കുക കൂടി ചെയ്തു. ഫലത്തിൽ പത്തും പന്ത്രണ്ടും വർഷം ജോലി ചെയ്ത സർക്കിൾ ഇൻസ്‌പെക്ടർമാർ വീണ്ടും പൊലീസ് സ്റ്റേഷനുകളിൽ കയറി. ഇവരെ തരം താഴ്ത്തി എസ്.ഐമാരുടെ ജോലി ഏൽപ്പിച്ചു.

പദ്ധതി നടപ്പാക്കി ഒരു വർഷം കഴിഞ്ഞിട്ടും തങ്ങളെ തരം താഴ്ത്തിയതിന്റെ രോഷം ഇവരെ വിട്ടു പോയിട്ടില്ല. വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള സീനിയർ സിഐമാർ പോലും ഇപ്പോൾ സാദാ എസ്.ഐയുടെ ജോലിയാണ് ചെയ്യുന്നത്. ഇത് കടുത്ത അസംതൃപ്തിയാണ് ഉദ്യോഗസ്ഥർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. സീനിയർ ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പി റാങ്കിലേയ്ക്കുള്ള പ്രമോഷൻ വൈകുന്നത് കല്ലുകടി ഇരട്ടിയാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് തോളിൽ രണ്ടു നക്ഷത്രവും വച്ച് മിന്നിക്കത്തി നടന്നിരുന്ന എസ്.ഐമാരുടെ ഗ്യാസ് സർക്കാർ പരിഷ്‌കരണം കൊണ്ട് കുത്തി വിട്ടത്. സ്റ്റേഷനിലെ സിംഹങ്ങളായിരുന്നു പരിഷ്‌കരണം വരും മുൻപ് എസ്.ഐമാർ. എന്നാൽ, എസ്.എച്ച്.ഒ എന്ന ഒറ്റ പരിഷ്‌കരണം കൊണ്ട് ഈ സിംഹങ്ങൾ പൂച്ചകളായി മാറി. ഇരിക്കാൻ ഒരു സീറ്റില്ലാതെ, പൊലീസ് കോൺസ്റ്റബിളിന്റെ സ്ഥാനം മാത്രമാണ് എസ്.ഐയ്ക്ക് സ്‌റ്റേഷനിൽ. ലോ ആൻഡ് ഓർഡറിനും ക്രൈമിനും രണ്ട് എസ്.ഐമാർ കൂടി എത്തിയതോടെ എസ്.ഐയുടെ അധികാരം വിഭജിച്ച് പോയി. പല്ലില്ലാത്ത സിംഹമായി എസ്.ഐമാർ മാറി. ഇതോടെ ചെറുപ്പക്കാരായ ഡയറക്ട് എസ്.ഐമാരിൽ പലരും സുഖകരമായ താവളം തേടി സ്ഥലം വിട്ടു. സ്‌പെഷ്യൽ ബ്രാഞ്ചിലും മറ്റ് സ്‌പെഷ്യൽ യൂണിറ്റിലും രാഷ്ട്രീയ സ്വാധീനം വച്ച് നുഴഞ്ഞ് കയറി ഇവർ ജീവിതം സേഫാക്കി മാറ്റി.

ഡിവൈ.എസ്.പിമാരാണ് പണികിട്ടിയ മറ്റൊരു വിഭാഗം. എസ്.ഐയ്ക്കും ഡിവൈ.എസ്.പിയ്ക്കും ഇടയിൽ സർക്കിൾ ഇൻസ്‌പെക്ടർമാർ നേരത്തെ നിന്നിരുന്നതിനാൽ ഒരു പരിധിവരെ പാരകൾ ഡിവൈ.എസ്.പിമാർ നേരിട്ട് ഏറ്റുവാങ്ങേണ്ടി വന്നിരുന്നില്ല. ഒരു ഡിവൈ.എസ്.പിയുടെ കീഴിൽ ഏഴോ എട്ടോ സ്‌റ്റേഷനുണ്ടെങ്കിൽ, സി.ഐയുടെ മേൽനോട്ടം ഉള്ളതിനാൽ ഇവർക്ക് ജോലി ഭാരം കുറഞ്ഞിരുന്നു. എന്നാൽ, സി.ഐമാർ എസ്.എച്ച്.ഒമാരായതോടെ എട്ടു സ്‌റ്റേഷനിലെയും ദൈനംദിന കാര്യങ്ങളുടെ ഉത്തരവാദിത്വം ഡിവൈ.എസ്.പിമാരുടെ തലയിൽ നേരിട്ട് വന്നു വീണു. സ്റ്റേഷനിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഡിവൈ.എസ്പിമാർ നേരിട്ട് മറുപടി പറയേണ്ടിവരുമെന്ന സ്ഥിതിയുണ്ടായി. ഇതോടെ കടുത്ത പ്രതിഷേധത്തിലാണ് ഡിവൈ.എസ്.പിമാർ.

ഇതിനിടെയാണ് അർഹിക്കുന്ന സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ടതിലുള്ള കടുത്ത പ്രതിഷേധവും ഉയരുന്നത്. സംസ്ഥാനത്തെ സീനിയർ സി.ഐമാർക്കും, ഡിവൈ.എസ്പിമാർക്കും മാസങ്ങളായി പ്രമോഷൻ ലഭിച്ചിട്ടില്ല. എസ്.പിമാരാകാൻ കാത്തിരിക്കുന്ന നിരവധി ഡിവൈ.എസി.പിമാർ കേരള പൊലീസിൽ നിലവിലുണ്ട്. എന്നാൽ, ഇവരെ ആരെയും ഇതുവരെയും പ്രമോഷൻ നൽകാത്തത്  ഇവരുടെ ഐപിഎസ് മോഹങ്ങൾക്കു മേൽപോലും കരിനിഴൽ വീഴ്ത്തുകയാണ്.

നേരത്തെ ഓരോ പൊലീസ് സ്‌റ്റേഷന്റെയും ചുമതല വഹിക്കുന്ന എസ്.ഐമാരെ ജില്ലയ്ക്കുള്ളിൽ ട്രാൻസ്ഫർ ചെയ്യാനുള്ള അധികാരം ജില്ലാ പൊലീസ് മേധാവിമാർക്കായിരുന്നു. എന്നാൽ, സി.ഐമാർക്കു എസ്.എച്ച്ഒ ചുമതല നൽകിയതോടെ എസ്.പിമാരുടെ ആ പല്ലും കൊഴിഞ്ഞു. സ്റ്റേഷൻ ചുമതല ഇൻസ്‌പെക്ടർമാർ ഏറ്റെടുത്തതോടെ ഇവരെ സ്ഥലം മാറ്റാനുള്ള അധികാരം ജില്ലാ പൊലീസ് മേധാവിമാർക്കു നഷ്ടമായി. എസ്.ഐമാരെയും സാദാ പൊലീസുകാരെയും മാത്രമാണ് സ്ഥലം മാറ്റുന്നതിന് ജില്ലാ പൊലീസ് മേധാവിയ്ക്കു അധികാരമുള്ളത്. ഇൻസ്‌പെക്ടർമാർ മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥരെ മാറ്റണമെങ്കിൽ ഡി.ജി.പി തന്നെ വിചാരിക്കേണ്ടിയും വരും.

ഇതോടെ കേരള പൊലീസിന്റെ സമസ്ത മേഖലകളിലും ഇത്തരത്തിൽ അസംതൃപ്തി പുകയുകയാണ്.