play-sharp-fill
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: സമരം സംഘർഷത്തിലേയ്ക്ക് നീങ്ങിയാൽ കാത്തിരിക്കുന്നത് വൻ ദുരന്തം; കനത്ത ജാഗ്രതയിൽ പൊലീസ്

ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്: സമരം സംഘർഷത്തിലേയ്ക്ക് നീങ്ങിയാൽ കാത്തിരിക്കുന്നത് വൻ ദുരന്തം; കനത്ത ജാഗ്രതയിൽ പൊലീസ്

സ്വന്തം ലേഖകൻ

പമ്പ: വൃശ്ചിക പുലരിയിൽ അയ്യനെകണ്ടു തൊഴാൽ ഭക്തലക്ഷങ്ങൾ എത്തിയ സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്. പതിനായിരങ്ങളാണ് സന്നിധാനത്ത് മണിക്കൂറുകളായി ക്യൂവിൽ നിൽക്കുന്നത്. കനത്ത പൊലീസ് നിയന്ത്രണങ്ങൾക്കിടെ നൂറുകണക്കിന് പ്രതിഷേധക്കാരും, സംഘപരിവാർ നേതാക്കൾക്കൊപ്പം സന്നിധാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഇതോടെ ഏതു നിമിഷവും സന്നിധാനത്ത് പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്നു ഉറപ്പായി. പതിനായിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന സന്നിധാനത്ത് ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധമോ, പ്രശ്‌നമോ ഉണ്ടായാൽ ഇത് വൻ ദുരനന്തത്തിനാവും വഴി വയ്ക്കുക.
വെള്ളിയാഴ്ച രാത്രിയിൽ സന്നിധാനത്ത് എത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ സന്നിധാനത്തുള്ള ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഈ അറസ്റ്റിനോട് ബിജെപി – സംഘപരിവാർ പ്രവർത്തകർ പ്രതിഷേധിച്ചാൽ ഇത് സംഘർഷത്തിന് ഇടയാക്കുമെന്ന് സൂചനയുണ്ട്. ഇത്തരത്തിൽ സംഘർഷമുണ്ടായാൽ ഇത് ശബരിമലയിൽ വൻ ദുരന്തത്തിലേയ്ക്കാവും വഴി വയ്ക്കുക. മറ്റു സ്ഥലങ്ങൾ പോലെയുള്ള ഭൂപ്രകൃതിയല്ല ശബരിമലയിലുള്ളത്. മറ്റിടങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഇവിടെ കാര്യങ്ങൾ. ഈ സാഹചര്യത്തിൽ ശബരിമലയിലുണ്ടാകുന്ന ഓരോ പ്രശ്‌നവും സ്ഥിതിഗതികൾ കൈവിട്ട് പോകുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തും.
ആളുകൾ ചിതറിയോടുന്ന അവസ്ഥയുണ്ടായാൽ, പലരും കൂട്ടംതെറ്റി കാട്ടിൽ ഒറ്റപ്പെട്ട് പോകാനും, ആഴമേറിയ കുഴികളിൽ വീഴാനുമുള്ള സാധ്യതയുണ്ട്. ഇത് വൻ ദുരന്തത്തിനാവും വഴി വയ്ക്കുക. ഈ സാധ്യതയെല്ലാം നിലനിൽക്കെയാണ് ഇത്തരത്തിൽ സമരക്കാരെ പ്രകോപിപ്പിക്കുന്ന നടപടികളിലേയ്ക്ക് പൊലീസ് പോകുന്നത്. ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നതിലേയ്ക്ക് പൊലീസ് എത്തിയാൽ സ്വഭാവികമായും സന്നിധാനം വീണ്ടും സമരഭൂമിയായി മാറും. ഇത് കടുത്ത പ്രതിഷേധങ്ങൾക്കാവും ഇടയാക്കുക. ഇവിടെ ഏതെങ്കിലും രീതിയിലുള്ള അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കേരളത്തിലെ കാര്യങ്ങൾ കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടാകും. ഇതെല്ലാം കടുത്ത രാഷട്രീയ പ്രതിസന്ധിയാവും സൃഷ്ടിക്കുക.