play-sharp-fill
ക്രിമിനൽ അഴിമതിക്കേസുകളിൽപ്പെട്ട നിഷാന്തിനിയ്ക്കും, ശ്രീജിത്തിനും തച്ചങ്കരിയ്ക്കും തലോടലും പൂമാലയും: പാവം പൊലീസുകാരനും ഡിവൈഎസ്പിമാർക്കും തല്ലും ചവിട്ടും; കേസിൽ പ്രതിയായ ഐപിഎസുകാരെ തൊടാൻ മുട്ടിടിക്കുന്ന സർക്കാർ സാദാ പൊലീസുകാരെ ചവിട്ടിക്കൂട്ടുന്നു

ക്രിമിനൽ അഴിമതിക്കേസുകളിൽപ്പെട്ട നിഷാന്തിനിയ്ക്കും, ശ്രീജിത്തിനും തച്ചങ്കരിയ്ക്കും തലോടലും പൂമാലയും: പാവം പൊലീസുകാരനും ഡിവൈഎസ്പിമാർക്കും തല്ലും ചവിട്ടും; കേസിൽ പ്രതിയായ ഐപിഎസുകാരെ തൊടാൻ മുട്ടിടിക്കുന്ന സർക്കാർ സാദാ പൊലീസുകാരെ ചവിട്ടിക്കൂട്ടുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ ക്രിമിനൽ ഐപിഎസുകാരെ തൊടാൻ മടിക്കുന്ന സർക്കാർ സാദാ പൊലീസുകാരെയും ഡിവൈഎസ്പിമാരെയും സിഐമാരെയും ചവിട്ടിക്കൂട്ടുന്നു. തോളത്തെ നക്ഷത്രത്തിന്റെയും അശോകസ്തംഭത്തിന്റെയും കനവും എണ്ണവും നോക്കിയാണ് സർക്കാരിന്റെ നടപടികൾ. അഴിമതി ക്രിമിനൽക്കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ടോമിൻ ജെ തച്ചങ്കരിയും, എസ്.ശ്രീജിത്തും, നിഷാന്തിനിയും അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിന്റെ തലപ്പത്ത് ഉന്നത പദവികളിൽ വിചാരിക്കുമ്പോഴാണ് സാദാ പൊലീസ് ഉദ്യോഗസ്ഥരുടെ മുതുകിൽ സർക്കാരിന്റെ പരേഡ്. ക്രിമിനിൽ അഴിമതിക്കേസുകളിൽ പോലും അനധികൃത ഇടപെടൽ നടത്തി സർക്കാരിനെ വെട്ടിലാക്കിയ ഐപിഎസുകാർ സസുഖം വകുപ്പിന്റെ തലപ്പത്തിരുന്ന് തയ്യാറാക്കിയ പട്ടിക പ്രകാരമാണ് 11 ഡിവൈഎസ്പിമാരെ സർക്കാർ സിഐമാരായി തരംതാഴ്ത്തിയിരിക്കുന്നത്. ക്രിമിനൽക്കേസും അഴിമതിക്കേസുമുണ്ടെങ്കിലും, അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുമുണ്ടെങ്കിലും പ്രശ്‌നമില്ലാത്ത ഐപിഎസ് ഉദ്യോഗസ്ഥർ കൃത്യമായ പ്രമോഷനുംം മറ്റ് ആനൂകൂല്യങ്ങളും സ്വന്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സാദാ പൊലീസുദ്യോഗസ്ഥർ ബലിയാടായി തീരുന്നത്.
ലോക്കൽ പൊലീസിൽ ജോലി ചെയ്യേണ്ടി വരുന്ന എസ്.ഐ മുതൽ മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും രീതിയിലുള്ള അച്ചടക്ക നടപടിയെ ഒരു തവണയെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടാകും. കൈക്കൂലി വാങ്ങിയില്ലെങ്കിൽ പോലും സാധാരണക്കാരുടെ പ്രശ്‌നത്തിൽ ഇടപെടേണ്ടി വരുമ്പോൾ സ്വാഭാവികമായും പരാതിയും ഉയരും. ഇത്തരം പരാതികളിൽ അന്വേഷണം അടക്കമുള്ളവ ഉണ്ടാകുക ആദ്യം നടപടി എടുത്ത ശേഷമാവും. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥലരുടെ പ്രമോഷൻ അടക്കമുള്ള തടയാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസിൽ പത്ത് ശതമാനത്തിൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് ഗുരുതരമായ ക്രിമിനൽ സ്വഭാവമുള്ളവർ. ഇവരെ പെട്ടന്ന് തന്നെ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും. എന്നാൽ, ഇതിന് തയ്യാറാകാത്ത ഉന്നത ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിട്ട എല്ലാ ഉദ്യോഗസ്ഥരെയും കൂട്ട നടപടിയ്ക്ക് വിധേയരാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതമാണ് പൊലീസ് സേനയിൽ സൃഷ്ടിച്ചിരിക്കുന്നത്.
ഇതിനിടെയാണ് 11 പൊലീസ് ഉദ്യോഗസ്ഥരെ തരം താഴ്ത്താൻ ഇപ്പോൾ സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. ക്രിമിനൽക്കേസിൽ ഉൾപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രമാണ് ഇപ്പോൾ സർക്കാർ ഈ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തരംതാഴ്ത്തിയിരിക്കുന്നത്. ഇത് കടുത്ത പ്രത്യാഘാതമാണ് പൊലീസ് സേനയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ തുടർ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന ഭീഷണി നിലനിൽക്കുന്നതിനാൽ തങ്ങളാകും അടുത്ത ഇര എന്ന ഭീഷണിയിലാണ് പൊലീസ് ഉദ്യോഗസ്ഥരിൽ പലരും. ഇപ്പോൾ തരം താഴ്ത്തലിനു വിധേയരായ പൊലീസ് ഉദ്യോഗസ്ഥർ മൂന്നു മുതൽ നാലു വർഷം മുൻപാണ് ഡിവൈഎസ്പി റാങ്കിലേയ്ക്ക് ഉയർത്തപ്പെട്ടത്. ഇവർ പ്രശ്‌നക്കാരായിരുന്നെങ്കിൽ ജനങ്ങളുമായി ബന്ധമുണ്ടാകാത്ത അപ്രധാന തസ്തികയിലേയ്ക്ക് അടക്കം ഇവരെ നിയമിക്കാമായിരുന്നു. അല്ലെങ്കിൽ ക്രൈംബ്രാഞ്ചിലോ വിജിലൻസിലോ ഒത്തുക്കാമായിരുന്നു. ഇവരിൽ പലരുടൈയും കേസുകൾ കോടതി നടപടികളിൽ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ സർക്കാർ തിടുക്കപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കേസ് എടുക്കപ്പെട്ട മുൻ ഐഎഎസ് ഉദ്യോഗസ്ഥർ ടി.ഒ സൂരജ് സർവീസിൽ നിന്നു വിരമിക്കുന്നത് വരെ ഒരു തരത്തിലുമുള്ള ഡീപ്രമോഷൻ നേരിട്ടിട്ടില്ല. മുൻപ് അഴിമതി അടക്കമുള്ള കേസുകളിൽ കുടുങ്ങിയ ടോമൻ തച്ചങ്കരിയായിരുന്നു കഴിഞ്ഞ ദിവസം കെഎസ്ആർടിസിയുടെ എം.ഡി. ക്രിമിനൽക്കേസുകളിലും, അഴിമതിക്കേസിലും പെട്ട ഐ.ജി ശ്രീജിത്ത് ഇപ്പോഴും ക്രൈംബ്രാഞ്ച് മേധാവിയായി തലപ്പത്ത് തന്നെയുണ്ട്. ക്രിമിനൽക്കേസിൽ കോടതി നടപടി നേരിട്ട, ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള നിഷാന്തിനിയും ഇപ്പോഴും പ്രധാനമായ തസ്തികയിൽ തന്നെ തുടരുകയാണ്. ഇവരെല്ലാം തങ്ങളുടെ മേഖലകളിൽ തന്നെ തുടരുമ്പോഴാണ് ഡിവൈഎസ്പിമാരെ ശത്രുക്കളായി കണ്ട് സർക്കാർ നടപടി സ്വീകരിക്കുന്നത്.
തരം താഴ്ത്തപ്പെട്ട ഡിവൈഎസ്പിമാരുടെ ജീവിതം അതിലേറെ ദുസഹമാണ്. സർക്കാരിന്റെ എല്ലാ അധികാര ചിഹ്നത്തോടെയാണ് ഇവർ കഴിഞ്ഞ മൂന്നു വർഷമായി ഡിവൈഎസ്പിയായി കഴിഞ്ഞിരുന്നത്. എന്നാൽ, അച്ചടക്ക നടപടി നേരിട്ട ഇവർക്ക് സമൂഹ മധ്യത്തിൽ സ്ഥാനം പോലും നഷ്ടമായി. ഇവരിൽ ചിലരുടെ കുടുംബാംഗങ്ങളാകട്ടെ സമൂഹത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായി. ഭാര്യ ജോലിയ്ക്ക് പോകാതെയായി, മക്കൾ സ്‌കൂളിൽ പോകാതെയായി. സമൂഹം തിരഷ്‌കരിച്ചവരെന്ന രീതിയിലാണ് പലരും ഈ ഡിവൈഎസ്പിമാരെ കാണുന്നത്. ഈ നടപടികൾ കൂടി എത്തിയതോടെ സർക്കാരിനെതിരെ കടുത്ത അമർഷത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ. ഇതിനിടെയാണ് വാർത്ത ചോർത്തി എന്ന് ആരോപിച്ച് ഇടുക്കി ജില്ലയിൽ നാല് പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്യുകയും ചെയ്തത്.