പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; ഹൈക്കോടതി കൈവിട്ടതോടെ അറസ്റ്റും ജയിൽവാസവും പേടിച്ച് മാപ്പ് പറഞ്ഞ് തലയൂരാൻ എഡിജിപിയുടെ മകൾ

പൊലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; ഹൈക്കോടതി കൈവിട്ടതോടെ അറസ്റ്റും ജയിൽവാസവും പേടിച്ച് മാപ്പ് പറഞ്ഞ് തലയൂരാൻ എഡിജിപിയുടെ മകൾ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റ് തടയാനാവില്ലെന്ന് പറയുകയും എഡി.ജി.പിയുടെ മകൾ കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം വേണ്ടയാളല്ല എന്ന് വ്യക്തമാക്കുകയും ചെയ്തതോടെ ദാസ്യപ്പണി വിവാദം ഒത്തുതീർപ്പാക്കൽ തകൃതി. എല്ലാ അടവുകളം പാളിയതോടെ പൊലീസ് ഡ്രൈവർ ഗവാസ്‌കറിനോട് മാപ്പ് പറയാൻ ഒരുക്കമാണെന്നു വ്യക്തമാക്കി എഡിജിപി സുധേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ രംഗത്തെത്തി. അഭിഭാഷക തലത്തിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് പൊലീസിലെ ദാസ്യപ്പണി വിവാദം ഒത്തുതീർപ്പാക്കാൻ നീക്കം നടക്കുന്നത്. കേസ് സംബന്ധിച്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് നടപടികളുമായി എഡിജിപിയുടെ മകൾ രംഗത്തെത്തിയിരിക്കുന്നത്. കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന സ്നിക്തയുടെ ആവശ്യം ഈ മാസം 12 ന് കോടതി പരിഗണിക്കും. അതേസമയം യാതൊരുവിധ ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് ഡ്രൈവർ ഗവാസ്‌കറിന്റെ കുടുംബം പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ. കേസിൽ ഒത്തുതീർപ്പിന് തയ്യാറല്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഗവാസ്‌കറുടെ അഭിഭാഷകൻ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചതായാണ് വിവരം. എഡിജിപിയുടെ മകൾ തന്നെ ഔദ്യോഗിക വാഹനത്തിൽവച്ച് മർദിച്ചെന്ന് കാട്ടിയാണ് ഗവാസ്‌കർ പരാതി നൽകിയിരിക്കുന്നത്. ഗവാസ്‌കറിന് മർദനമേറ്റെന്ന് മെഡിക്കൽ പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. മൊബൈൽ ഫോൺ കൊണ്ടുള്ള മർദനത്തിൽ കഴുത്തിലെ കശേരുക്കൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന് പിന്നാലെ ഗവാസ്‌കർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് സ്നിഗ്ധയും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തനിക്കെതിരായ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവാസ്‌കർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹർജിയിൽ ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞിട്ടുണ്ട്.