
സ്വന്തം ലേഖകൻ
തൊടുപുഴ: പൊലീസ് ഡേറ്റാബേസിൽ നിന്ന് വിവരങ്ങൾ ചോർത്തി എസ്. ഡി.പി. ഐ പ്രവർത്തകർക്ക് നല്കിയ സംഭവം പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന പി.കെ. അനസിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കി ജില്ലാ പൊലീസ് മേധാവി ആര്. കറുപ്പസാമി ഉത്തരവിട്ടത്.
വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ഡിസംബര്‍ മൂന്നിന് തൊടുപുഴയില്‍ കെ.എസ്.ആര്.ടി.സി ഡ്രൈവറെ എസ്.ഡി.പി.ഐക്കാര്‍ ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്.ഡി.പി.ഐ പ്രവര്ത്തകന് പൊലീസിന്റെ ഔദ്യോഗിക ഡേറ്റാ ബേസില്‍ നിന്നുള്ള വ്യക്തിവിവരങ്ങള്‍ വാട്ട്സാപ്പില്‍ അയച്ചതായി തൊടുപുഴ ഡിവൈ.എസ്.പി കെ. സദന് കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് ഡിസംബര്‍ 22ന് അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 28ന് സസ്പെന്‍ഡ് ചെയ്തു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എ.ജി. ലാല്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ അനസ് സ്ഥിരമായി മറ്റ് പാര്‍ട്ടികളിലുള്ളവരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതായി കണ്ടെത്തി.
രാഷ്ട്രീയവിഷയങ്ങളില്‍ ഇടപെടരുതെന്നിരിക്കെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അനസ് രാഷ്ട്രപതിക്ക് ഇ-മെയില്‍ അയച്ചതായും കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിവൈ.എസ്.പി എ.ജി. ലാല്‍ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്കി. ജനുവരി 28ന് ജില്ലാ പൊലീസ് മേധാവി പിരിച്ചുവിടാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി. വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ പിരിച്ചുവിടാന്‍ ഉത്തരവിടുകയായിരുന്നു.



