Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനങ്ങൾക്കും കസ്റ്റഡി മരണങ്ങൾക്കും ഇടവരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് സർക്കാരിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശിച്ചു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലും പരിശോധന നടത്തിയ ശേഷമാണ് ആഭ്യന്തര സെക്രട്ടറിക്ക് കമ്മിഷൻ നിർദ്ദേശം കൈമാറിയത്. പൊലീസിന്റെ നീചമായ പ്രവൃത്തികൾ കേരളത്തിനും സർക്കാരിനും അപമാനമാണെന്നും കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്മേൽ സർക്കാർ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം അറിയിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുങ്കണ്ടം പൊലീസ് ജൂൺ 12ന് കസ്റ്റഡിയിലെടുത്ത കുമാറിനെ കോടതിയിൽ ഹാജരാക്കിയത് 16 നാണ്. ജയിലിൽ പ്രവേശിപ്പിക്കുന്നവരുടെ ശാരീരിക സ്ഥിതിയും പരിക്കുകളും രേഖപ്പെടുത്തുന്ന രജിസ്റ്റർ പീരുമേട് ജയിലിലുണ്ടായിരുന്നില്ല. പ്രതിയോട് സംസാരിച്ച് ജയിൽ ഉദ്യോഗസ്ഥർ വിവരങ്ങൾ സ്വതന്ത്രമായി രേഖപ്പെടുത്തണം. ഡോക്ടർ പരിശോധിച്ചിട്ടുണ്ടെന്നും രോഗവിരങ്ങളും പരിക്കുകളും രേഖപ്പെടുത്തിട്ടുണ്ടെന്നും ജയിൽ ഉദ്യോഗസ്ഥർ ഉറപ്പാക്കണം. മെഡിക്കൽ റിപ്പോർട്ടുകൾ എല്ലാവർക്കും വായിക്കാവുന്ന തരത്തിൽ എഴുതണം. പ്രതികളെ നേരിൽ കാണാതെയും രോഗവിവരം പോലും തിരക്കാതെയും പൊലീസുകാരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ഡോക്ടർമാർ റിപ്പോർട്ട് നൽകുന്നതായി ആക്ഷേപമുണ്ട്. ജയിൽ അന്തേവാസികളെ ആശുപത്രിയിലാക്കിയാലോ മരിച്ചാലോ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് ഉറപ്പാക്കണം. കുമാറിനെ സെല്ലിൽ എത്തിക്കുമ്പോൾ തീരെ അവശനായിരുന്നുവെന്നും നടക്കാനോ ഇരിക്കാനോ കഴിയുമായിരുന്നില്ലെന്നും സഹതടവുകാരൻ ചാക്കോ കമ്മിഷനെ അറിയിച്ചു. സെല്ലിൽ എത്തിച്ചശേഷം ആരും ഉപദ്രവിച്ചിട്ടില്ലെന്നും ചാക്കോയുടെ മൊഴിയിലുണ്ട്.

ജൂൺ 17 ന് രാത്രി 1.20 നാണ് നെടുങ്കണ്ടം സ്‌റ്റേഷനിലെ ഹോംഗാർഡും 3 പൊലീസുകാരും ചേർന്ന് കുമാറിനെ ജയിലിൽ എത്തിച്ചത്. അവശനായിരുന്ന കുമാറിനെ പൊലീസുകാരും ജയിൽ ഉദ്യോഗസ്ഥരും താങ്ങിയെടുത്താണ് സെല്ലിൽ എത്തിച്ചത്. പുലർച്ചെ 1.50നാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ ഇടുക്കി എ.ആർ ക്യാമ്പിൽനിന്ന് എസ്‌കോർട്ട് ആവശ്യപ്പെട്ടത്. എസ്‌കോർട്ട് വന്നില്ല. പിറ്റേന്ന് എസ്‌കോർട്ടില്ലാതെ ആശുപത്രിയിലാക്കി. 19 നും 20നും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. 21ന് രാവിലെ 10.20ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 10.45ന് മരണം സ്ഥിരീകരിച്ചു. മരണം സ്ഥിരീകരിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ് കമ്മിഷൻ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്ന് സൂപ്രണ്ട് മൊഴിനൽകി.

എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാതിരുന്ന കുമാറിൽ നിന്ന് വീണു പരിക്കേറ്റതാണെന്ന് എഴുതി വാങ്ങി ജയിൽ അധികൃതർ വിരലടയാളം പതിപ്പിച്ചത് വിചിത്രമാണ്. അവശനല്ലായിരുന്നെങ്കിൽ എന്തിനാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ രാത്രി എസ്‌കോർട്ട് ആവശ്യപ്പെട്ടത് പൊലീസ് എസ്‌കോർട്ട് കിട്ടിയില്ലെങ്കിലും ജയിലിലെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാത്തത് വീഴ്ചയാണ്. പീരുമേട് സ്റ്റേഷനിലെ രേഖകൾ കമ്മിഷന് പരിശോധിക്കാനായില്ല. വിവരങ്ങൾ അറിയുന്ന ഒരു പൊലീസുകാരനെപ്പോലും കമ്മിഷന് മുന്നിൽ ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയന്നു.