മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്‌തേക്കും: പൊലീസുകാരൻ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്; ഈ പൊലീസുകാരൻ നേരത്തെ തന്നെ പ്രശ്‌നക്കാരൻ
സ്വന്തം ലേഖകൻ
കോട്ടയം: മദ്യലഹരിയിൽ വാഹന പരിശോധന നടത്തി യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്‌തേക്കും. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ അജിത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായ അജിത്ത് മദ്യപിച്ച ശേഷമാണ് ഡ്യൂട്ടിയ്ക്ക് എത്തിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇയാൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ ടിബി റോഡിൽ കെ.എസആർടിസി ബസ് സ്റ്റാൻഡനു സമീപത്തു വച്ചാണ് സംഭവങ്ങൾ ഉണ്ടായത്. കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ വാഹന പരിശോധന നടത്തുന്നതിനിടെ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാൾ ബൈക്ക് യാത്രക്കാരനെ പരിശോധനയ്ക്കു വിധേയനാക്കി. ഇയാൾ മദ്യപിച്ചിട്ടില്ലെന്നു കണ്ടെത്തിയെങ്കിലും, പൊലീസുകാരനുമായി വാക്ക് തർക്കമുണ്ടായി. ഇതിനിടെ പൊലീസകാരൻ മദ്യപിച്ചതായി സംശയം തോന്നിയ ഈ യാത്രക്കാർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവർത്തകരും സ്ഥലത്ത് എത്തി പൊലീസുകാരനുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ഇതേ തുടർന്ന് വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തിയ ഈ പൊലീസുകാരനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊലീസൂകാരൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇയാൾക്കെതിരെ വകുപ്പ് തല നടപടികൾ ശുപാർശ ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഒപ്പിട്ടാൽ ഇയാൾ സസ്‌പെൻഷിലായേക്കും.
ഇതിനിടെ ഈ പൊലീസുകാരൻ മുൻപും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ട്രാഫിക് ഡ്യൂട്ടിയിൽ നിൽക്കുന്നതിനിടെ ഇയാൾ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്നാണ് ഇയാളെ ഇവിടെ നിന്നും കൺട്രോൾ റൂമിലേയ്ക്ക് മാറ്റിയത്. നേരത്തെ മണിപ്പുഴയിൽ മദ്യപിച്ച് ബൈക്കിലെത്തി ഇയാൾ പ്രശ്‌നമുണ്ടാക്കിയിരുന്നതായും കണ്ടെത്തിയിരുന്നു. എന്നാൽ, അന്നും നടപടിയിൽ നിന്നു ഇയാൾ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.