ഹർത്താൽ അക്രമം നേരിടുന്നതിൽ പരാജയപ്പെട്ടു: പോലീസിൽ അഴിച്ചുപണി; കോഴിക്കോട്, തിരുവനന്തപുരം കമ്മീഷണർമാരെ മാറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഹർത്താൽ അക്രമം നേരിടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് പോലീസിൽ അഴിച്ചുപണി. ഹർത്താൽ ദിനത്തിലെ ക്രമസമാധാനപാലനത്തിൽ വീഴ്ച പറ്റിയെന്ന് സേനയ്ക്കുള്ളിൽ നിന്നുതന്നെ ആരോപണം ഉയരുന്നതിനിടെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ പി എസിനെ സ്ഥലംമാറ്റി. പകരം സഞ്ജയ് കുമാർ ഗുരുദിൻ സിറ്റി പോലീസ് കമ്മിഷണറാവും.പോലീസ് ആസ്ഥാനത്തേക്കാണ് കാളിരാജ് മഹേഷ് കുമാറിനെ മാറ്റിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയൻ ഡി ഐ ജി സ്ഥാനത്തേക്ക് മാറ്റി. എസ് സുരേന്ദ്രനാണ് തലസ്ഥാനത്തെ പുതിയ പോലീസ് കമ്മീഷണർ
കോട്ടയം വിജിലൻസ് എസ്.പി ആയിരുന്ന ജെയിംസ് ജോസഫ് ഐ.പി.എസിനെ കോഴിക്കോട് ഡി.സി.പിയായും നിയമിച്ചിട്ടുണ്ട്. കോഴിക്കോട് ഡി.സി.പിയായിരുന്ന കെ എം ടോമിയെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായും നിയമിച്ചു. ജനുവരി മൂന്നിലെ ശബരിമല കർമസമിതിയുടെ ഹർത്താൽ ദിനത്തിൽ കോഴിക്കോട് അക്രമികൾ അഴിഞ്ഞാടിയത് സിറ്റി പോലീസ് കമ്മീഷണറുടെ ജാഗ്രതക്കുറവാണെന്ന് ചൂണ്ടിക്കാട്ടി അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് വലിയ ചർച്ചയാവുകയും സംഭവത്തെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനും ഇടയിലാണ് നിലവിലെ കമ്മീഷണറെ മാറ്റി സർക്കാർ ഉത്തരവിറക്കിയത്. വിവിധ ജില്ലകളിലെ ഹർത്താൽ ദിനത്തിലെ അക്രമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സേനയിൽ അടിയന്തര അഴിച്ചുപണി സർക്കാർ നടത്തിയത്. എന്നാൽ, ഇത് സാധാരണ നിലയിലുള്ള സ്ഥലംമാറ്റം മാത്രമാണെന്നാണ് ഔദ്യോഗിക വിശദീകരണം.